“ഏട്ടാ രാത്രിയിൽ കുടിക്കാനുള്ള കഞ്ഞി ഒക്കെ എടുക്കാൻ പോണം. ഞാൻ അത് പറയാൻ മറന്നു.” വിനയേച്ചി ചേട്ടനോടായി പറഞ്ഞു.
“നിന്നെ ഞാൻ ഫോൺ ചെയ്‌തപ്പോ നിനക്ക് എന്നാൽ പറഞ്ഞൂടാരുന്നോ, ഞാൻ എടുത്തിട്ട് വരില്ലാരുന്നോ കഞ്ഞി ഒക്കെ.” അമ്മയാണ് മറുപടി പറഞ്ഞത്.
“ഞാൻ അത് ഓർത്തില്ല ചേച്ചി, ചേച്ചി വിളിച്ചപ്പോൾ ഇവിടെ ഡോക്ടർ ഉണ്ടായിരുന്നു. അതാ ഞാൻ പെട്ടെന്ന് വെച്ചത്. പിന്നെ ഞാൻ അത് മറന്നും പോയി.”
“എന്ന ഒരു കാര്യം ചെയ്യ് നിങ്ങൾ രണ്ടും കൂടി പോയി കഞ്ഞി ഒക്കെ എടുത്തു വാ അതുവരെ ഞാനും ഇവനും ഇവിടെ നിക്കാം.” അമ്മ ചേച്ചിയോടും ചേട്ടനോടും കൂടി പറഞ്ഞു.
ആദ്യം ഒന്ന് എതിർത്തെങ്കിലും ചേട്ടൻ സമ്മതിച്ചു. അങ്ങനെ എന്നേം അമ്മയേം അവിടെ നിർത്തി അവർ വീട്ടിലേക്കു പോയി.
അമ്മ അവളുടെ അടുത്ത് തന്നെ ഇരുന്നു. എനിക്ക് അവിടെ ഇരുന്നിട്ട് ആകെ അസ്വസ്ഥത മിണ്ടാനും പറയാനും ഒന്നും ആരും ഇല്ല. ഇടയ്ക്കു ഒരു നേഴ്സ് വന്നു ഡ്രിപ് തീരുമ്പോൾ ഡ്യൂട്ടി റൂമിൽ വന്നു പറയണം എന്ന് പറഞ്ഞു പോയി. കുറച്ച് കഴിഞ്ഞ് ആമി കണ്ണ് തുറന്നു. അമ്മ അവളോട് വിശേഷങ്ങൾ ഒക്കെ തിരക്കി. ഇപ്പൊ ഞങ്ങൾ വന്നപ്പോ കണ്ടതിലും ഉഷാർ ആയിട്ടുണ്ട് ആൾ. അവൾ എഴുനേറ്റപ്പോ ഞാനും അടുത്ത് പോയിരുന്ന് ഓരോന്ന് പറഞ്ഞ് അവളെ ശുണ്ഠി കയറ്റാൻ നോക്കി. കൂടെ അവിടെ ഇരുന്ന ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് അവളും ഞാനും കൂടി തിന്നാൻ തുടങ്ങി.
“ഡ്രിപ് തീരാറായല്ലോ.. ഡാ ഞാൻ ആ നഴ്സിനോട് പറഞ്ഞിട്ട് വരാം നീ ഇവിടെ ഇരിക്ക്.” ഞാൻ പോകാം എന്ന് പറഞ്ഞിട്ട് അമ്മ കേട്ടില്ല, അമ്മ തന്നെ പോയി.
ഞങ്ങൾ വീണ്ടും അവിടെ ഇരുന്നു ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്നു പുതിയ ബോട്ടിൽ തുക്കിട്ട് എന്നെ ഒന്ന് നോക്കിട്ടു പോയി.
“ഓ രോഗിടെ ഓറഞ്ച് എടുത്ത് തിന്നുന്ന കണ്ട് നോക്കിയതാവും.” ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല.