അരവിന്ദനയനം 2
Aravindanayanam Part 2 | Author : 32B | Previous Part
പാടവരമ്പും കടന്നു ഞങ്ങൾ ഒരു വീട്ടുമുറ്റത്തേക് കയറി. അവിടെ സിറ്റ് ഔട്ടിൽ ഒരാൾ പത്രം വായിച്ചു ഇരിക്കുന്നു. ഞങ്ങളെ കണ്ട ഉടൻ പുള്ളി എഴുനേറ്റു.
“ആരാ മോളെ ഇതൊക്കെ.” ഓ ഇതാപ്പോ ഇവളുടെ അച്ഛൻ ആണ്.
അവൾ നിന്ന് പരുങ്ങുന്ന കണ്ട് അമ്മ തന്നെ മറുപടി പറഞ്ഞു
“ഞങ്ങൾ ഇവിടെ അടുത്തൊരു കല്യാണത്തിന് വന്നതാ, തിരിച്ചു വരും വഴി വണ്ടി ഒന്ന് പാളി ഞങ്ങൾ വീണു. അപ്പൊ മോളാണ് വന്നു ഞങ്ങളെ രക്ഷിച്ചത്.” അമ്മ പറഞ്ഞത് കേട്ട് അവൾ നന്ദിപൂർവം അമ്മയെ നോക്കി. അമ്മ അവളെ കണ്ണടച്ച് കാണിച്ചു.
“അവിടെ തന്നെ നിക്കാതെ ഇങ്ങോട്ട് കേറി ഇരിക്ക്. കാര്യായിട്ട് എന്തെങ്കിലും പറ്റിയോ.?”
“എയ് മോൾടെ കാലൊന്നു ഉരഞ്ഞു, എന്റെ കാലൊന്ന് ഉളുക്കി. ഇവന് കുഴപ്പൊന്നും ഇല്ല.” അമ്മ പറഞ്ഞത് കേട്ട് പുള്ളി എന്നെ നോക്കി, എന്റെ കോലം കണ്ട് അയാൾ വാ പൊളിച്ചു പോയി.
“ഇതെന്താ ഇങ്ങനെ. മൊത്തം ചെളിയായല്ലോ. ദാ അവിടെ പൈപ്പ് ഉണ്ട് അതിൽ നിന്ന് കഴുകിക്കോ.” പുള്ളി ഒരു പൈപ്പ് കാണിച്ചു തന്നിട്ട് എന്നോട് പറഞ്ഞു.
അമ്മയും ആമിയും സിറ്റ് ഔട്ടിലേക് കേറി ഇരുന്നു. ആ പെണ്ണ് അകത്തേക്കും പോയി ഞാനും ആ പെണ്ണിന്റെ അച്ഛനും പൈപ്പിന്റെ അടുത്തേക്കും.
വെള്ളം എടുത്തു എല്ലാം നല്ലോണം കഴുകി. എന്നാലും അധികം അങ്ങനെ വൃത്തി ആയില്ല. അയാളും കുറെ സഹായിച്ചു, ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല. എനിക്ക് സോപ്പ് ഒക്കെ എടുത്തു തന്നു. അതിനിടയിൽ വീടും നാടും ഒക്കെ ചോദിച്ചറിഞ്ഞു. അദ്ദേഹം ഒരു സാധു മനുഷ്യൻ ആണെന്ന് തോന്നി. പുള്ളിയോട് സംസാരിച്ചപ്പോൾ എന്റെ ആ ദേഷ്യവും അങ്ങ് കുറഞ്ഞു. കഴുകി കഴിഞ്ഞു മുറ്റത്തേക്കു പോകാൻ നേരം അദ്ദേഹം അടുത്ത് വന്നു.