എന്തോ അന്ന് ഉറങ്ങാൻ കിടന്നപ്പോഴും ആ അവസാനം കണ്ട രൂപം തന്നെ ആയിരുന്നു മനസ്സിൽ. ഞാൻ കൊറച്ചു അധികം ദേഷ്യപ്പെട്ടു എന്നൊരു തോന്നൽ.
“നീ എന്താ ഈ ലൈറ്റും തെളിച്ചിട്ട് ഇരുന്നു ആലോചിക്കുന്നേ.” അമ്മ മുറിയിലേക്കു കയറി വന്നു.
“ഓ ഒന്നുല്ല നാളെ ഇനി വീണ്ടും പണിക്കു പോണോല്ലോ എന്നാലോചിച്ചതാ. അമ്മ കിടന്നില്ലേ. കാലിനു ഇപ്പൊ വേദന ഉണ്ടോ.?” ഞാൻ അമ്മയുടെ കാൽ എടുത്തു മടിയിൽ വെച്ച് ചോദിച്ചു.
“ഹാ കാല് വലിച്ചു പറിക്കാതെടാ, എനിക്ക് കുഴപ്പൊന്നും ഇല്ല ആ കൊച്ച് നല്ലപോലെ തിരുമി തന്നു അതോണ്ട് നീരൊന്നും വീണില്ല.”
“മം…”
“നീ എന്തിനാടാ ആ കുട്ടിയോട് അത്രേം ദേഷ്യപ്പെട്ട് സംസാരിച്ചത് മോശമായി പോയി.”
“പിന്നല്ലാതെ ഞാൻ അപ്പൊ എന്ത് ചെയ്യാനാ, അപ്പഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ.”
“എന്നാ പിന്നെ പോരാൻ നേരം അതിനോട് ഒരു സോറി എങ്കിലും പറഞ്ഞൂടാരുന്നോ പാവം അത് പേടിച്ചു പോയി ഞാൻ വീണപ്പോ.”
“ആ ഇനി കാണുവാണേൽ പറയാം.”
“ഉവ്വാ ഇനി എവിടുന്നു കാണാൻ. മതി ഞാൻ പോയി കിടക്കട്ടെ. കിടന്നു ഉറങ്ങാൻ നോക്ക് ഇനി ഫോണിൽ കളിക്കാൻ നോക്കിയാൽ ഞാൻ അതെല്ലാം കൂടി എടുത്തു അടുപ്പിൽ വെക്കും പറഞ്ഞേക്കാം.” അമ്മ ലൈറ്റ് ഓഫ് ചെയ്തു മുറിയിലേക്ക് പോയി. ഞാനും പതിയെ മയക്കത്തിലേക്ക് വീണു.
ഞാനും അമ്മയും മേരി മാതാ ഹോസ്പിറ്റലിൽ എത്തുമ്പോൾ സമയം ഉച്ചക്ക് 3 മണി. ആമിക്ക് പെട്ടെന്ന് ഒരു പനി. കാണിച്ചപ്പോൾ ഡോക്ടർ 2 ദിവസത്തേക്കു അഡ്മിറ്റ് ആക്കാൻ പറഞ്ഞു. ഞങ്ങൾ റൂമിൽ എത്തുമ്പോൾ വിനയേച്ചിം ചേട്ടനും ഉണ്ട്. ചേട്ടൻ ഓട്ടോ ഡ്രൈവർ ആണ്.
ആമി ഉറക്കത്തിൽ ആണ്. ഡ്രിപ് ഇട്ടിട്ടുണ്ട് അവളുടെ കുഞ്ഞികൈയിൽ. വിശേഷം ഒക്കെ തിരക്കി അവിടെ നിന്നപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു. ഞങ്ങളെ കണ്ട് ഒന്ന് പുഞ്ചിരിച്ചു. ചിരിക്കൊന്നും ഒരു വോൾടേജ് ഇല്ല. ക്ഷീണം കാണും പാവം.
അമ്മ പോയി അവളുടെ കൂടെ ഇരുന്നു നെറുകയിൽ തലോടി. ഞാനും ചേട്ടനും അവിടെ മാറി നിന്ന് ഓരോന്ന് സംസാരിക്കാൻ തുടങ്ങി.