“ഇപ്പൊ അവള്ടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിക്കുന്നത് അബദ്ധം ആണ് അത് എല്ലാർക്കും സംശയം ഉണ്ടാക്കും. അവൾ കണ്ടു എന്നത് ഉറപ്പാണ്, അവൾ അത് ഈ നേരം കൊണ്ട് അമ്മയേം വിനയേച്ചിയേം അറിയിച്ചിരിക്കും. വെറുതെ അല്ല 3 പേരും കൂടി ഇരുന്നു രഹസ്യം പറഞ്ഞത്.” ഇപ്പോഴാണ് അവളുടെ ആ നോട്ടത്തിന്റെ രഹസ്യം പിടികിട്ടിയത്. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല നമ്മളായിട്ട് ഒന്നും അങ്ങോട്ട് പറഞ്ഞ് നാണം കെടണ്ട. മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ. ഞാൻ അനങ്ങാതെ തന്നെ കിടന്നു. അധികം വൈകാതെ തന്നെ ഉറങ്ങി.
അമ്മ വന്ന് വിളിക്കുമ്പോഴാണ് കണ്ണ് തുറന്നത്. “ഇതെന്തു ഉറക്കമാണ്, പോകണ്ടേ ഇവിടെ കിടന്നാൽ മതിയ?” “ആഹ് പോകാം, സമയം എത്രയായി?” “മണി 7 കഴിഞ്ഞ് നീ എഴുനേറ്റ് മുഖം കഴുകി വാ. നാളെ എന്തായാലും ഡിസ്ചാർജ് ചെയ്യും. ആ പിന്നെ വിനയേ നാളെ രാവിലത്തേക്കുള്ള ഭക്ഷണം ഞാൻ ഇവന്റെ കയ്യിൽ കൊടുത്ത് വിടാം. ഡോക്ടർ വന്ന് ഡിസ്ചാർജ് ആകുമ്പോ എന്തായാലും ഉച്ചയാകും.” അമ്മ എന്നോടും വിനയേച്ചിയോടും ആയി പറഞ്ഞു.
“അപ്പൊ വല്യമ്മ നാളെ വരില്ലേ? “ഇല്ല മോളെ വല്യമ്മ വീട്ടിൽ പോയി മോൾടെ മുറിയൊക്കെ അടിച്ച് വാരി വൃത്തിയാക്കി ഇടാം. ഇനി പൊടിയടിച്ചു വീണ്ടും പനി വരുത്തണ്ട.”
അപ്പോഴേക്കും ഞാൻ മുഖം കഴുകി എത്തിയിരുന്നു. “ഇറങ്ങാം? എടി എന്റെ ഫോൺ എവിടെ?” “ദേ മേശപ്പുറത്തു ഇരിക്കുന്നു.” അധികം വൈകാതെ തന്നെ ഞാൻ ഫോണും എടുത്ത് അമ്മയേം കൂട്ടി ഇറങ്ങി. പോണ വഴി ഒരു തട്ടുകടയിൽ കേറി ഫുഡ് കഴിച്ചു. “ആ ഡാ ഞാൻ പറയാൻ മറന്നു, അടുത്ത ആഴ്ച ഒരു പെണ്ണുകാണാൻ പോണം ആ ബ്രോക്കർ വിളിച്ചിരുന്നു ഞാൻ പിന്നെ മറന്നുപോയി.” കഴിക്കുന്നെനിടയിൽ അമ്മ പറഞ്ഞു. “ഓ എന്റമ്മേ എനിക്ക് ഇപ്പ കല്യാണം ഒന്നും വേണ്ട. കൊറച്ചു നാൾ കൂടെ ഇങ്ങനെ നടക്കട്ടെ. ” “പിന്നേ… നിനക്ക് വെച്ച് വിളമ്പി എനിക്ക് മടുത്തു. എനിക്ക് ഒരു മോളെ ദൈവം തന്നില്ല. അത്കൊണ്ട് നീ അധികം വർത്താനം ഒന്നും പറയണ്ട ഞാൻ പറയണത് അങ്ങ് കേട്ടാൽ മതി. നാളെ തന്നെ നടത്താൻ അല്ലല്ലോ പെണ്ണ് കണ്ടു വെക്കാം. അല്ലേലും എത്ര പെണ്ണ് കണ്ടാലാണ് ഒരെണ്ണം ഉറപ്പിക്കാൻ പറ്റണത്. നിനക്ക് ഇനി വല്ല പ്രേമം വല്ലതും ഉണ്ടെങ്കിൽ അത് പറ ഞാൻ ഇങ്ങനെ പെണ്ണ് അന്വേഷിച്ചു നടക്കണ്ടല്ലോ” “ഓ നമ്മളെ ഒക്കെ ആര് പ്രേമിക്കാൻ.” ഞാൻ ഒരു നിസ്സംഗ ഭാവത്തിൽ പറഞ്ഞു. “ആ അത് നേരാണ്, പ്രേമിക്കാൻ ആദ്യം വേണ്ടത് അത് നമ്മൾ സ്നേഹിക്കുന്നവരോട് ചങ്കുറ്റത്തോടെ തുറന്നു പറയാൻ ഉള്ള മനസ്സാണ്. അത് നിനക്ക് ഉണ്ടെന്ന് എനിക്ക് തോന്നണില്ല.” അതും പറഞ്ഞു അമ്മ കൈ കഴുകാൻ എഴുനേറ്റു പോയി.