ബ്രോ. ഫ്രെഡ്ഢി വന്ന് ഗോവൻ റേഷാദോ മസാലചേർത്ത വറുത്ത അയിലക്കഷണങ്ങൾ നീട്ടി. അസാദ്ധ്യ രുചിയായിരുന്നു. എബി ഗോവയിൽ വന്നതിനു ശേഷം ആദ്യമായി എല്ലാം മറന്നു..
എന്താണിവിടെ ബ്രോ? സാധാരണ നിങ്ങളുടെ നാട്ടിൽ നിന്നും ഗ്രൂപ്പായിട്ടോ അല്ലേല് കുടുംബമായിട്ടോ ഒക്കെയാണ് ഈ നാട്ടിലേക്ക് വരുന്നത്. നീ ഒറ്റയ്ക്കാണല്ലോ. സാധാരണ കണ്ടിട്ടില്ല.. ഫ്രെഡ്ഢി അടുത്ത കസേരയിലിരുന്ന് ഒറ്റ വലിയ്ക്ക് പാതിക്കുപ്പി ബീയറകത്താക്കി… പിന്നെ ചുണ്ടിൽപ്പറ്റിയ പത തുടച്ചുകളഞ്ഞു..
ഹഹഹ…ഞാനൊരു ടൂറിസ്റ്റല്ല. സ്വസ്ഥമായി ഇരുന്നെഴുതാൻ ഒരിടം.. ആൽബി ഒഴിഞ്ഞ വില്ലയിലേക്ക് ക്ഷണിച്ചപ്പോൾ അതീക്കേറിപ്പിടിച്ചതാണ്. എബി ചിരിച്ചു..
ഓഹ്! എഴുത്തുകാരനാണ്! നമ്മളും പുസ്തകങ്ങളുമായി വലിയ ബന്ധമൊന്നുമില്ല. പിന്നെ അച്ചൻ കണ്ണുരുട്ടുമ്പോ ബൈബിളെടുത്തോണ്ട് ചർച്ചിലൊന്ന് തലകാണിക്കും. ഫ്രെഡ്ഢിയും ചിരിയിൽ പങ്കുചേർന്നു. അപ്പോ നീയെന്താണെഴുതുന്നത്?
ഇവിടെ വന്നപ്പോൾ ഒരു പ്ലാനുമില്ലായിരുന്നു. എബി പാതിയായ ഗ്ലാസിൽ ബിയറിന്റെ കുമിളകൾ ഉയർന്നുടയുന്നതും നോക്കിയിരുന്നു. പിന്നെ… എന്തൊക്കെയോ ദുരൂഹമായത് ചുറ്റിലും നടക്കുന്നതു പോലെ! അപ്പോൾ എഴുത്തും അതുപോലെയായി.
ഹഹഹ… ഈ ഗോവയിൽ വന്നാൽ നോക്ക്..ഫിഷ്, ഫെനി, ഫൺ.. അതാണ് വേണ്ടത്. നീയാ വീട്ടിലടച്ചിരിക്കാതെ വെളീലിറങ്ങ്. പറ്റുമ്പോഴൊക്കെ ഇങ്ങോട്ട് വാ! ഫ്രെഡ്ഢിയെണീറ്റ് അകത്തേക്ക് പോയി.
എബി മൊത്തം റിലാക്സ്ഡായി. കഴിഞ്ഞ ദിവസങ്ങൾ മങ്ങിത്തുടങ്ങിയ ചിത്രങ്ങളായി. ഇത്തവണ അവൻ താഴെവെച്ചിരുന്ന കൂളറിൽ നിന്നും ഒരു ക്യാനെടുത്തു തുറന്ന് നേരെയങ്ങ് വലിച്ചു. ആഹ്… ഇതാണ് ജീവിതം… അവന്റെ കണ്ണുകൾ മെല്ലെയടഞ്ഞു…
ഭൂകമ്പത്തിലുലഞ്ഞ് അവൻ ഞെട്ടിയുണർന്നു. കണ്ണുകൾ വലിച്ചുതുറന്നപ്പോൾ തടിയന്റെ ചിരിക്കുന്ന മുഖം! അവന്റെ വലിയ കൈപ്പത്തികൾ എബിയുടെ ചുമലുകളിൽ അമർന്നവനെ പിടിച്ചു കുലുക്കുകയായിരുന്നു. വെളിയിൽ വെയിൽ ഇത്തിരി ചാഞ്ഞിരുന്നു..
നീയിതെന്തൊരുറക്കമാണ് ബ്രോ! ഞാൻ ദേ ബോട്ടിന്റെ മോട്ടോർ റിപ്പയർ ചെയ്ത് നിന്റെ വണ്ടീം ഇങ്ങോട്ട് കൊണ്ടുവന്നു. എഴുത്തുകാരനാണേലും ഇത്രേം സ്വപ്നജീവി ആവാമോ?
ഇത്തിരി ജാള്യതയോടെ എബി ചുറ്റും നോക്കി. വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും ഗോവൻ ബീച്ചുകളിലും, ഷാക്കുകളിലും, ബീച്ച് റോഡുകളിലും കാണാവുന്ന ഹിപ്പികളും, ഹിപ്പിണികളും, കൊഴുത്ത റഷ്യൻ പെണ്ണുങ്ങളും അപ്പോഴേക്കും അവിടവിടായി ചിതറിയിരുപ്പുണ്ടായിരുന്നു. കഞ്ചാവിന്റെ നേരിയ