ഒരിക്കൽക്കൂടി…1
Orikkalkoodi..1 | Author : Rishi
നേരിയ ഓളങ്ങൾ മാത്രമുള്ള കായൽപ്പരപ്പ്. മോളിൽ വീശുന്ന കാറ്റിന്റെ നേരിയ ഈർപ്പം കലർന്ന തണുപ്പും, താഴെ പകലത്തെ വെയിലേറ്റുകിടന്ന വെള്ളത്തിന്റെ ഇളംചൂടും, ഓരങ്ങളിൽ വെള്ളം വന്നു തട്ടുന്നതിന്റെ പതിഞ്ഞ താളവും അനുഭവിച്ച് എബിയങ്ങനെ പാതിമയക്കത്തിൽ ബോധത്തിന്റെ അതിരുകളിൽ ഒഴുകിനടന്നു. പെട്ടെന്നാണ് വെള്ളം തിളച്ചുമറിഞ്ഞത്. ഒരു സ്വിമ്മിംഗ് ട്രങ്കുമാത്രമണിഞ്ഞ അവന്റെ പുറമാകെ പൊള്ളി… പിടഞ്ഞുകൊണ്ടു കമിഴ്ന്ന് തിളയ്ക്കുന്ന ചുഴിയിലേക്കാണ്ടു പോയതും അലറിക്കരഞ്ഞുപോയി…. എന്തോ അവനെ പൊക്കി മുകളിലേക്കെറിഞ്ഞു… തണുത്ത കാറ്റു പൊതിഞ്ഞപ്പോൾ കിതച്ചുകൊണ്ട് കണ്ണുതുറന്നു..
അവൻ വിയർത്തുകുളിച്ചിരുന്നു. മുറിയിൽ സ്പ്ലിറ്റ് ഏസിയുടെ അമർന്ന മൂളൽ മാത്രം… കിടക്കവിരി നനഞ്ഞു കുതിർന്നിരുന്നു. എണീറ്റ് കുളിമുറിയിൽ പോയി മുഖം കഴുകി. പൊള്ളുന്ന തലയിൽ തണുത്ത വെള്ളം പൊത്തി. ചെവികൾ തണുത്തപ്പോളൊരു സുഖം തോന്നി. ബേസിനു മുകളിലുള്ള കണ്ണാടിയിൽ നോക്കി. ഹൃദയമിടിപ്പ് ഒരു നിമിഷം നിന്നുപോയി. മുഖം കാണാനില്ല. കഴുത്തിന്റെ കുറ്റിമാത്രം! അവിടെ നിന്നും ചോരയൊലിക്കുന്നു.
ഓഹ്! അവൻ പിന്നിലേക്ക് ചാടി. തല ചെന്ന് വാതിലിൽ ഇടിച്ചപ്പോൾ നൊന്തു. പെട്ടെന്ന് വേദനയിൽ തല ക്ലിയറായി. രണ്ടാമതും കണ്ണാടിയിൽ നോക്കിയപ്പോൾ കഴുത്തിനു മോളിൽ തലയുണ്ട്! ശ്വാസം ആഞ്ഞുവലിച്ചിട്ട് വിട്ടു. ആകെ ഒന്നയഞ്ഞു. പിന്നെ പെടുത്തിട്ട് ബെഡ്റൂമിലേക്കു പോയി.
സമയം നോക്കിയപ്പോൾ വെളുപ്പിന് അഞ്ചര. ഇനിയിപ്പോളുറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല. എബി കോണിയിറങ്ങി താഴെ ചെന്നു. വിശാലമായ ഹോളും ഡൈനിംഗ് മുറിയും കിച്ചണുമെല്ലാം വാതിലുകൾ കൊണ്ടു വേർതിരിക്കാത്ത ഡിസൈനായിരുന്നു. അന്തരീക്ഷം പെട്ടെന്ന് സ്വാധീനിക്കുന്ന അവന്റെ ഞരമ്പുകളയഞ്ഞു. ഇവിടെ ഗോവയിൽ വന്നപ്പോൾ മുതൽ എന്തോ ദുരൂഹത തന്റെ ബോധവലയത്തിൽ മിന്നിമായുന്നുണ്ട്. ഒരു കട്ടനിട്ടു. വീടിന്റെ ഉടമസ്ഥൻ… അമേരിക്കയിലുള്ള കൂട്ടുകാരൻ, ആൽബെർട്ടിന്റെ എൽ പി റെക്കോർഡ് കളക്ഷനിൽ നിന്നും ഫ്രാങ്ക് സിനാട്ര പൊക്കി ശബ്ദം താഴ്ത്തി വെച്ചിട്ട് മുന്നിലെ വാതിൽ തുറന്ന് വരാന്തയിലിരുന്നു.