അപ്പോഴേക്കും അവനാ വിശാലമായ വരാന്തയുടെ അറ്റത്തെത്തിയിരുന്നു. മഴ തോർന്നു കഴിഞ്ഞു. മൂടിക്കെട്ടൽ മുഴുവനും മാറിയിട്ടില്ല. എന്നാലും വെയിലിന്റെ ചീളുകൾ തലനീട്ടിയപ്പോൾ നല്ല വെളിച്ചം. ഒപ്പം ഈർപ്പമുള്ള വായുവിൽ നിർത്താതെ വീശുന്ന ഇളം കാറ്റ്. മഴ പെയ്തു പൊടിയമർന്ന സുഖമുള്ള അന്തരീക്ഷത്തിലേക്ക് അവനിറങ്ങി. നനഞ്ഞ മണ്ണിൽ ഇട്ടിരുന്ന കെഡ്സ് പുതഞ്ഞു താണു.
അവൻ മെല്ലെ നടന്നു. തല ചൂടുപിടിച്ചിരുന്നു. അവനെ വല്ലാതെ ഉലച്ചത് അവരുടെ പേരോ, അവരവനെ വിളിച്ച പേരോ ഒന്നുമായിരുന്നില്ല. തനിക്കെന്തു പറ്റി? ഒരിക്കലും പെണ്ണുങ്ങളോട് ഇത്ര റഫായി പെരുമാറിയിട്ടില്ല. സൗമ്യ, രജനി… കോളേജിലും, യൂണിയിലും ഉണ്ടായിരുന്ന ബന്ധങ്ങൾ… അവൻ അമ്മച്ചി കരുതുന്നപോലെ പെണ്ണിനെ അറിയാത്ത നിഷ്കുവൊന്നും ആയിരുന്നില്ല. അമ്മച്ചി! അവനു ചിരി വന്നു. ഇപ്പഴും കൊച്ചുകുട്ടിയാണെന്നാണ് വിചാരം! പക്ഷേ അതെല്ലാം ലോലമായ വികാരങ്ങൾ പൊതിഞ്ഞ ബന്ധങ്ങളായിരുന്നു… ലവ് മേക്കിങ്ങ്… ഇന്നോ! അപ്പനേം ഇച്ചായനേം പോലെ ഒരു മൃഗമായി മാറി! ഒരിക്കലും തന്റെ സ്വഭാവമല്ല! എവിടെയാണ് ആ ചുരമാന്തുന്ന ജന്തു ഒളിഞ്ഞിരുന്നത്? ആലോചിച്ചാലോചിച്ച് അവനെങ്ങോട്ടോ നടന്നു. കറങ്ങിയടിച്ച് പള്ളീടെ മുന്നിൽത്തന്നെ വന്നുപെട്ടു.
ഉയരത്തിലുള്ള കുരിശിൽ എബി തലപൊക്കി നോക്കി. പശ്ചാത്തലത്തിൽ ഒരു വെളുത്ത മേഘം ഒഴുകിനടന്നു…. മനസ്സിൽ ശാന്തി വന്നു നിറയുമ്പോലെ… പിരിമുറുക്കം അയഞ്ഞു. വിരൽത്തുമ്പുകളിൽ നനഞ്ഞ തണുപ്പു തോന്നിയപ്പോൾ അവൻ താഴേക്ക് നോക്കി. ആഹാ! ഒരു ഇളം ബ്രൗൺ നിറമുള്ള, ഭംഗിയുള്ള, വളർന്നു വരുന്ന പട്ടി. അവന്റെ നെറ്റിയിലാരോ കുമ്മായം തേച്ചപോലെ വെളുത്ത പാട്. വലിയ ദുഖം നിറഞ്ഞ കണ്ണുകൾ അവനെയുറ്റു നോക്കുന്നു. അവൻ നനഞ്ഞ മൂക്ക് എബിയുടെ വിരലുകളിൽ വീണ്ടും ഇട്ടുരുമ്മി.. എബി കുനിഞ്ഞിരുന്ന് ചെവിക്കു പിന്നിൽ ചൊറിഞ്ഞപ്പോൾ അവന്റെ നാക്കു വെളിയിൽ വന്നു.. എബിയുടെ കയ്യാകെ അവൻ നക്കിത്തോർത്തി.
എബി എണീറ്റ് വീട്ടിലേക്ക് നടന്നു. ചെന്നൊരു ഡ്രിങ്കുമടിച്ച് രണ്ടു പാട്ടു കേട്ട് റിലാക്സ് ചെയ്യണം. ഇന്നു കാലത്തേ തൊട്ടനുഭവിക്കുന്ന പിരിമുറുക്കം ഒന്നയഞ്ഞു കിട്ടണം. പിന്നെ എത്രയോ നാളുകളുടെ അനുഭവങ്ങളിലൂടെയാണ് ഏതാനും മണിക്കൂറുകളിൽ കടന്നുപോയത്! എഴുത്തിനു പറ്റിയ വളക്കൂറുള്ള മണ്ണാണിവിടെ… വായുവാണിവിടെ… മഴയാണിവിടെ.. പെണ്ണാണ്……
തടികൊണ്ടുള്ള ഗേറ്റ് തുറന്ന് അവനകത്തേക്കു നടന്നു…