അച്ഛന്റെ ആ രൂപം കണ്ടപ്പോൾ നെഞ്ചിനകത്ത് ഒരു കൊളുത്തിവലി അനുഭവപ്പെടാതിരുന്നില്ല.
എന്താ നീ ഇന്ന് നേരത്തെ.
ഹേയ് അത് ഒന്നൂല്ലഛാ..
എന്റെ രണ്ട് മകൾക്കും ഒരു വിചാരണ്ട് നിങ്ങള് വല്ലാതങ്ങു വളർന്നൂന്ന്. പക്ഷേ.. എനിക്ക് അന്നും ഇന്നും ഇങ്ങളെന്റെ കുഞ്ഞ് മകളാണ്. നിന്റെയൊക്കെ മുഖമോന് വാടിയാൽ എനിക്ക് മനസ്സിലാവും.
നിനക്ക കുട്ടിനെ മറക്കാൻ പറ്റില്ല എന്നാണോ… അച്ഛൻ ദയനീയമായി എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.
അതെ അച്ഛാ. അവളൊരു പാവാണ്.
ഹും… നീ സമാദാനപെട്. ഞാൻ എന്തെങ്കിലും വഴി ഉണ്ടാക്കാൻ പറ്റുമോ നോക്കട്ടെ.
അച്ഛൻ അതും പറഞ്ഞ് ചെളി പിടിച്ച കൈ തന്റെ മുണ്ടിൽ തുടച്ച ശേഷം പോക്കറ്റിൽ കയ്യിട്ട് രണ്ടായിരത്തിന്റെ ഒരു നോട്ട് എടുത്ത് എനിക്ക് നേരെ നീട്ടി.
നാ… ഇത് വച്ചോ.
അയ്യോ വേണ്ടച്ഛാ. എന്റെലുണ്ട്. ഞാൻ അച്ഛന്റെ കൈ തടഞ്ഞുകൊണ്ട് പറഞ്ഞു.
ഹേയ്.. അതൊന്നും സാരില്ല്യ. ഇത് വച്ചോ എന്ന് പറഞ്ഞ് അച്ഛൻ ആ നോട്ട് എന്റെ പോക്കറ്റിൽ തിരുകി വച്ചു.
ശ്രദ്ധിച്ച് പോണട്ടോ. അച്ഛൻ അതും പറഞ്ഞുകൊണ്ട് പാട വരമ്പിലൂടെ നടന്നകന്നു.
ഞാൻ അച്ഛൻ തന്ന രണ്ടായിരത്തിന്റെ നോട്ടെടുത്ത് നിവർത്തി നോക്കി.
ആ നോട്ടിന് കുറച്ച് പഴക്കം ചെന്ന് മുഷിച്ചിൽ വരാൻ തുടങ്ങിയിരുന്നു. അത് അച്ഛന്റെ പ്രതിബിംബമായി എനിക്ക് തോന്നി. എന്റെ കണ്ണിൽ നിന്നും ചൂടുള്ള രണ്ട് തുള്ളി കണ്ണുനീർ ആ നോട്ടിലേക്ക് ഇറ്റിറ്റു വീണു.
*********************************************
ട്രെയിൻ യാത്രക്കിടെ അച്ഛന്റെയും അമ്മയുടെയും അഭിയുടെയും നീനുവിന്റെയും മുഖങ്ങൾ പലകുറി ആവർത്തനമായി മനസ്സിലേക്ക് കടന്ന് വന്നു കൊണ്ടിരുന്നു.
ഇടയ്ക്കെപ്പോഴോ ചേട്ടന്റെ കോളുണ്ടായിരുന്നു. അച്ഛൻ പറഞ്ഞതൊക്കെ തന്നെയാണ് അവനും പറയാനുണ്ടായിരുന്നുള്ളു.
ഞാൻ ഫുഡ് കഴിക്കാതെ പോന്നതിന് അവന്റെ വക നല്ല തെറിയും കേട്ടു. തിരിച്ച് ഞാൻ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തപ്പോൾ തെറി പറച്ചിൽ നിർത്തിയ ശേഷം അവൻ അഭിയുടെ കാര്യം വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കാൻ ശ്രമിക്കാമെന്നും ഉറപ്പ് തന്നു.
പക്ഷേ എത്രയൊക്കെ ചിന്തിച്ചിട്ടും ഏട്ടത്തി എന്നെ സപ്പോർട്ട് ചെയ്യുന്നതിന്റെ അർത്ഥം മാത്രം എനിക്ക് പിടിക്കിട്ടിയില്ല.