ഹലോ…
അപ്പുറത് നിന്നും കിതയ്ക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.
ഹലോ… അച്ഛാ… എന്താ.. ഞാൻ പരിഭ്രമത്തോടെ ചോദിച്ചു.
അമ്മയാടാ… അപ്പുറത് നിന്നും മറുപടിയെത്തി.
എന്തമ്മ.. എന്തുപറ്റി…. ഞാൻ വേഗം ചോദിച്ചു.
നിനക്ക് കുഴപ്പൊന്നും ഇല്ലാലോ…
ങേ… എനിക്കോ.. എനിക്കെന്ത് കുഴപ്പം…
ഞാനൊരു സ്വപ്നം കണ്ടു. അത നിന്നെ വിളിച്ചേ. അമ്മ ശ്വാസം എടുക്കുന്നതിനിടയിൽ പറഞ്ഞു.
അത് കേട്ടപ്പോൾ തന്നെ കാര്യത്തിന്റെ കിടപ്പ് ഏറെക്കുറെ എനിക്ക് മനസ്സിലായി.
ഞാൻ കുറച്ച് നേരം കൂടി അമ്മയോട് സംസാരിച്ച് അമ്മയെ സമാധാനിപ്പിച്ച ശേഷമാണ് ഫോൺ വെച്ചത്. അതിനുശേഷം ഞാൻ കിടന്നുറങ്ങുകയും ചെയ്തു.
പിറ്റേന്ന് ബാങ്കിലേക്ക് പോകുബോൾ രണ്ട് ദിവസത്തിന് ശേഷം അഭിയെ കാണാലോ എന്ന സന്തോഷത്തിലാണ് ഞാൻ.
ഞാൻ തന്നെയാണ് ബാങ്കിൽ നേരത്തെ എത്തിയതും.
കുറച്ച് സമയം കഴിഞ്ഞതും അഭി കയറി വന്നു.
രണ്ട് ദിവസം കഴിഞ്ഞ് കാണുന്നതുകൊണ്ടാണോ എന്നറിയില്ല പെണ്ണിന് ഒന്നുടെ തിളക്കം വച്ചതുപോലെ.
ഞാനവളുടെ വരവ് കൺകുളിർക്കെ നോക്കി കണ്ടു. ഇപ്പോൾ ആ ബാങ്കിലുള്ള എല്ലാവരുടെയും നോട്ടം അവളിൽ തന്നെയാവും എന്നെനിക്ക് നന്നായിട്ടറിയാം. എന്തുചെയ്യാം നോക്കണ്ട എന്നുപറയാൻ പറ്റില്ലല്ലോ.
അവൾ ബാങ്കിനുള്ളിലേക്ക് വരും തോറും അവളുടെ നോട്ടം എനിൽ തന്നെ തങ്ങിനിന്നു.
ഒരു വൈലറ്റ് ചുരിദാറാണ് വർഷം. സൗന്ദര്യത്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. കത്തി നിൽക്കണ്.
ഇന്നലെ അമ്പലത്തിൽ പോയതിന്റെ ബാക്കിപത്രം എന്നോണം ഇന്നും ആ നെറ്റിതടത്തിൽ ചന്ദനത്തിന്റെ ചെറിയൊരു നിഴലാട്ടം കാണാം.
അവളെന്റെ അടുത്തെത്തിയതും എനിക്ക് നേരെ എല്ലാവരും കാൺകേ അതിമനോഹരമായ ഒരു ചിരി സമ്മാനിച്ചു. ആ ചിരിക്ക് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു.
അവള ചിരിയും തന്നുകൊണ്ട് മറ്റാരെയും മൈൻഡ് ചെയ്യാതെ അവളുടെ സീറ്റിലേക്ക് പോയിരുന്നു.
ഞാൻ ചുറ്റുപാടുമുള്ളവരുടെ പ്രതികരണമറിയുവാൻ വേണ്ടി ചുറ്റുമൊന്ന് കണ്ണോടിച്ചു.
എല്ലാവരും അതിശയം കലർന്ന മുഖത്തോടെ എന്നെതന്നെയാണ് നോക്കുന്നത്. അവരെ പറഞ്ഞിട്ടും കാര്യമില്ല. ആദ്യമായിട്ടാണ് അഭിരാമിയിൽ നിന്നും ഇങ്ങനൊരു പ്രവർത്തി ഉണ്ടാവുന്നത്. അതും കുറച്ച് മാസങ്ങൾക്ക് മുൻപ് മാത്രം വന്ന എന്നോട്.
ഞാൻ രാഹുലിന്റെ മുഖത്തേക്ക് നോക്കി. ആഹാ… അവിടെ പിന്നെ അതിശയത്തിനപ്പുറം അസൂയയുടെ ഭാവങ്ങളുമുണ്ടായിരുന്നു.