ദേവസുന്ദരി 10 [HERCULES]

Posted by

 

വല്യമ്മ എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

 

” എന്നാലുമെന്നോടൊരു വാക്ക് ചോദിക്കായിരുന്നുന്നില്ലേ വല്യമ്മേ… നിങ്ങക്കറിയോ… ഓഫീസിൽ കേറീട്ട് മൂന്നാഴ്ച തികയണേയുള്ളു… ജോയിൻ ചെയ്തേന്റെ പിറ്റേന്ന് തുടങ്ങിയതാ ഞങ്ങൾ തമ്മിലുള്ള വഴക്ക്… അങ്ങനൊരാൾടൂടെ ഒരു ജീവിതമ്മൊത്തങ്കഴിയാന്ന് പറയുമ്പോ…

ഹോ… ഓർക്കാങ്കൂടെ വയ്യ… ”

 

” അതൊക്കെ മാറൂടാ…!! ”

 

ഞാൻ പിന്നൊന്നും പറയാൻ പോയില്ല. വല്യമ്മയുടെ മടിയിലേക്ക് തലചായ്ച്ചു.

അല്ലിയവിടെ ഇരുന്ന് ഞങ്ങളുടെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

വന്നിട്ടിത്രനേരമായിട്ടും അവളെന്നോട് ഒന്നും മിണ്ടിയിട്ടില്ല.

ഞാൻ അവളെത്തന്നെ നോക്കിയിരുന്നതും ഒരു ചിണുങ്ങളോടെ കണ്ണ് നിറച്ച് അവളോടി എന്റടുത്ത് വന്ന് എന്റെ മേലെ കേറിക്കിടന്നു.

 

” ഡീ ഡീ…. എന്റെ കാല്… എണീറ്റ് പൊയ്‌ക്കെ രണ്ടും… ”

അല്ലിയുടെ ഭാരം കൂടെവന്നതും ചെറുതായി കാലുവേദനിച്ച വല്യമ്മ ഇത്തിരി കലിപ്പിട്ടു.

 

” ആ സഹിച്ചോ… ഞങ്ങളെണീക്കൂല…അല്ലെയേട്ടാ ”

 

അല്ലിയുടെ മറുപടി ഉടനെതന്നെ വല്യമ്മയെ തിരഞ്ഞെത്തി.

 

” രണ്ടും കണക്കാ… ഞാന്തന്നെയെണീറ്റ് പൊക്കോളാം… ”

വല്യമ്മ അതുമ്പറഞ്ഞ് അടുക്കളയിലേക്ക് വെച്ചടിച്ചു.

 

എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി. അമ്മപോലും എന്നെ മനസിലാക്കിയില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്കിത്ര നേരം. പക്ഷേ അമ്മ എന്നെ എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്ന സത്യം എന്റെ മനസ് നിറച്ചു.

 

ഇന്നലെ നേരെയുറങ്ങാത്തകാരണം ഞാനവിടെത്തന്നെ കിടന്നുറങ്ങിപ്പോയി. ഇടക്കെപ്പഴോ അല്ലിയെണീറ്റ് പോവുന്നതും എന്റെ തലയെടുത്ത് ആരൊ മടിയിൽ വെപ്പിച്ചതും ഞാൻ അറിഞ്ഞിരുന്നു.

 

നീണ്ട ഒരുറക്കം കഴിഞ്ഞ് എണീക്കുമ്പോൾ എല്ലാവരും എന്നെനോക്കി ഒരു ചിരിയോടെ അവിടെയിരിക്കുന്നുണ്ട്. മുഖത്ത് ചിരിയൊന്നുമില്ലായെങ്കിലും തടകയുമവിടെ ഉണ്ടായിരുന്നു. ഞാനൊന്ന് മുഖമുയർത്തി നോക്കി. ഞാൻ അമ്മയുടെ മടിയിലാണ് കിടക്കുന്നത്. അമ്മ ഒരു ചെറുചിരിയോടെ എന്റെ മുടിയിലൊക്കെ തലോടുന്നുണ്ടായിരുന്നു.

 

” എന്തൊക്കെയായിരുന്നു… എനിക്കവനെ കാണണ്ട… ചക്കയാണ് മാങ്ങയാണ്… എന്നിട്ട് നോക്യേ… ”

 

വല്യമ്മ അമ്മക്കിട്ടൊന്ന് താങ്ങി.

 

” എനിക്കല്ലേലുമിവനോട് അധികനേരം പിണങ്ങിയിക്കാനൊന്നും പറ്റൂലാന്ന് നിനക്കറിഞ്ഞൂടെ… ”

 

അതിനൊരു മറുചോദ്യമായിരുന്നു അമ്മ ചോദിച്ചത്.

 

” വാടാ വന്ന് കഴിക്ക്… ഒരമ്മക്കുഞ്ഞി… “

Leave a Reply

Your email address will not be published. Required fields are marked *