അതിന്റെയൊരു ക്ഷീണം തോന്നുന്നുണ്ട്. പക്ഷേ അത് കാര്യമാക്കാതെ ചെന്ന് ഒന്ന് കുളിച്ചു. തണുത്ത വെള്ളത്തിലെ കുളി ആ ക്ഷീണമൊക്കെ കഴുകിക്കളഞ്ഞു.
വേഷമൊക്കെ മാറി ഹാളിലേക്ക് ചെല്ലുമ്പോ 7 മണിയാവാറായിട്ടുണ്ട്. തടകയുടെ റൂം അപ്പോഴും അടഞ്ഞുകിടക്കുകയാണ്.
അത് കണ്ടെനിക്ക് ദേഷ്യം വന്നു. ഇന്നലെ ജിൻസിയവളോട് പറഞ്ഞതാണ് രാവിലെ എന്റെകൂടെ വരണമെന്ന്. എന്നിട്ടവളിതുവരെ എണീറ്റില്ലേ…!
ഞാൻ ചെന്ന് കതകിനുതട്ടി.
” ദാ വരണു… ”
അകത്തൂന്ന് അവളുടെ ശബ്ദം. ഒരു മിനുട്ട് കഴിഞ്ഞ് അവൾ കതക് തുറന്ന് പുറത്തിറങ്ങി.അവളുടെ കണ്ണ് കണ്ടാലറിയാം ഇന്നലെയുറങ്ങിയിട്ടില്ലാന്ന്.. അവളുടെ ഒരുക്കമൊക്കെ കഴിഞ്ഞിട്ടുണ്ട്. പറയത്തക്ക കാര്യങ്ങളൊന്നുമില്ല. ഇന്നലെയിട്ട ചുരിദാർ തന്നെയാണവളുടെ വേഷം. മാറ്റിയിടാൻ വേറെയൊന്നുമില്ലല്ലോ..!. ഞാൻ കെട്ടിയ മഞ്ഞച്ചരടും അതോടൊപ്പമൊരു നേർത്ത സ്വർണമാലയും നെറുകയിലെ സിന്ദൂരവും ഒരു കുഞ്ഞ് പൊട്ടും. അത്രയേ ഉണ്ടായിരുന്നുള്ളു അവളുടെ ഒരുക്കം. പക്ഷേ അത് തന്നെ അവളെ സുന്ദരി ആക്കിയിരുന്നു.
ഒരു നിമിഷം മനസിലെ ദേഷ്യം ഞാൻ മറന്നുപോയി. എന്നാൽ പെട്ടന്ന് തന്നെ അവളിൽനിന്ന് നോട്ടം മാറ്റി പുറത്തേക്ക് നടന്ന് ജിൻസിയുടെ ഫ്ലാറ്റിലേക്ക് ചെന്നു. അവളുടെ കാറിന്റെ ചാവി എനിക്ക് തന്നു.
” ജിൻസീ.. നീയെങ്ങനെ പോവും… നിന്നെ കൊണ്ടുവിട്ടിട്ട് പോവാമെന്നാ…!”
” ഏയ്… നിങ്ങള് പൊയ്ക്കോഡാ… ഞാനെന്റെയൊരു ഫ്രണ്ടിനോട് വരാമ്പറഞ്ഞിട്ടുണ്ട്.”
ജിൻസിയൊരു ചിരിയോടെ പറഞ്ഞു.
അവളുടെ കയ്യീന്നൊരു ഓൾ ദി ബെസ്റ്റ് കൂടെ വാങ്ങി ഞാനിറങ്ങി നടന്നു.
ഞാൻ നേരെച്ചെന്ന് ജിൻസിയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക് കയറി.
എനിക്ക് പിന്നാലെ വന്ന അഭിരാമി പുറകിലെ സീറ്റിലേക്ക് കയറി.
” ഞാനാരാടി… നിന്റെ ഡ്രൈവറോ… വന്ന് മുന്നീക്കേറെഡി… ”
ഞാൻ ഒച്ചയിട്ടതും ആളൊന്ന് ഞെട്ടി.
അവളൊന്നും പറഞ്ഞില്ലെങ്കിലും പല്ല് ഞെരിച്ച ശബ്ദം ഞാൻ വ്യക്തമായി കേട്ടു. അവളിറങ്ങി മുന്നിൽ കേറിയിരുന്നു.
സത്യമ്പറഞ്ഞാൽ പിന്നിലിരുന്നാൽ അവളെന്റെ കഴുത്തിനു പിടിക്കുവോന്ന് ചെറിയൊരു പേടിയുണ്ടായിരുന്നു എന്ന് കൂട്ടിക്കോ.
ഞാൻ വണ്ടി എന്റെ വല്യച്ഛന്റെ വീട് ലക്ഷ്യമാക്കി പായിച്ചു.