കുറച്ച് ദൂരമുണ്ട് അവിടേക്ക്. യാത്രയിലുടനീളം ഞങ്ങളൊന്നും സംസാരിച്ചില്ലെങ്കിലും ഞങ്ങൾ രണ്ടുപേരും എന്തൊക്കെയോ ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു.
ഇവളവിടെയെത്തി കാലുമാറുമോ എന്നൊരു പേടി ഉണ്ടായിരുന്നെങ്കിലും ജിൻസിയോട് സത്യമ്പറഞ്ഞ സ്ഥിതിക്ക് അതിന് സാധ്യത ഇല്ലായെന്ന് ഉറപ്പിച്ചു.
അങ്ങനെ വല്യച്ഛന്റെ വീട്ടിന് മുന്നിലെത്തി കാറ് നിർത്തുമ്പോൾ വീണ്ടും ആകാരണമായ ഒരു ഭയം എന്നിലേക്ക് വന്ന് കൊണ്ടിരുന്നു.
ഞാൻ കാറിനിന്ന് ഇറങ്ങി. എനിക്ക് പിന്നാലെ താടകയും.
കാർ വന്ന ശബ്ദം കെട്ടിട്ടാണെന്ന് തോന്നുന്നു. വല്യമ്മ വരാന്തയിലേക്ക് വന്ന് നോക്കി. ഞാനാണെന്ന് കണ്ടതും ഒരു ചിരിയോടെ എന്റടുത്തേക്ക് വന്നു.
” എത്രകാലായെടാ കണ്ണാനിന്നെക്കണ്ടിട്ട്… നീയിവിടുണ്ടായിട്ട് ഞങ്ങളെയൊക്കെയോന്ന് വന്ന് കാണാന്തോന്നിയോ…! ”
വാത്സല്യത്തോടെയുള്ള വല്യമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഇവരോട് അമ്മയും അച്ഛനും ഒന്നും പറഞ്ഞിട്ടില്ലേ…?
” വല്യമ്മേയത്…!! ”
” നീയൊന്നും പറയണ്ട… അകത്തേക്ക് വാ… മോളേ വാ…!! ”
ഞാനൊന്ന് പകച്ചു. ഇതൊന്നുമായിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.
വല്യമ്മ തടകയുടെ കയ്യുമ്പിടിച്ച് അകത്തേക്ക് കയറി. പുറകെ നടന്നയെന്നെ തടകയൊന്ന് തിരിഞ്ഞ് നോക്കി. അവളുടെ മുഖത്തും ഒരു പകപ്പ് ആയിരുന്നു.
കൊല്ലാൻ കൊണ്ടോവുന്ന ആടിന് തീറ്റ കൊടുക്കണപോലെയാണോ വല്യമ്മയിപ്പോ കാണിക്കുന്ന സ്നേഹം എന്ന് ഞാൻ ചിന്തിച്ച് പോയി.
അകത്ത് കയറിയപ്പോൾ എല്ലാവരും ഹാളിൽ ഇരിപ്പുണ്ട്. എന്നെക്കണ്ടതും അമ്മ ചാടിയെണീറ്റു…
” നിന്നോട് ഞാമ്പറഞ്ഞേയല്ലേ… എനിക്ക് നിന്നെക്കാണണ്ടായെന്ന്… പിന്നെന്തിനാ ഇങ്ങോട്ട് വന്നേ…!”
എന്നൊരൊറ്റ ചീറലായിരുന്നു.
” അമ്മയൊന്നുമറിയാതെയാ ഇതൊക്കെപ്പറയണേ… ”
ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.
” എല്ലാമറിഞ്ഞോണ്ട് തന്നെയാ… ”
” അമ്മയെന്തറിഞ്ഞൂന്ന… ഇതൊക്കെ ആരുടെയോ പ്ലാനായിരുന്നു… എന്നെയടിച്ച് ബോധംകെടുത്തിയാ ആ റൂമിൽക്കൊണ്ടിട്ടെ… സംശയമുണ്ടേലിവളോട് ചോദിക്ക്… ”
എന്റെയും അമ്മയുടെയും വാക്പോര് കണ്ട് പകച്ചുനിന്ന തടകയുടെ പെടലിക്കിട്ട് ഞാനവളെയൊന്ന് തുറിച്ചുനോക്കി.
ബാക്കിയുള്ളവരെ നോക്കുമ്പോൾ അവരുടെയൊക്കെ ചുണ്ടിൽ ഒരു ചിരിയൊളിഞ്ഞു കിടക്കുന്നപോലെ തോന്നി.