” ഹ്മ്മ്…!! നീ വരില്ലേയെന്റെകൂടെ…? ”
” ഞാനെന്തിനാ വരണേ… നീയവളേം കൂട്ടിച്ചെന്നാമതി… അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെകൂടെചെല്ലാൻ…അവര് നിന്റെ വല്യച്ഛന്റെ വീട്ടിലുണ്ട്. ”
” ജിൻസീ… നീയൂടെ വരണം… അല്ലാതെയവരെന്നെ കേൾക്കൂന്ന് എനിക്ക് തോന്നണില്ല…!”
” ഓഹോ… എന്നിട്ടിങ്ങനെ ഒന്നുമല്ലായിരുന്നല്ലോ എന്റെ ഫ്ലാറ്റിലേക് കേറിവന്നപ്പോ… അതുപോലെയവരോടും പറഞ്ഞേച്ചാ മതി… നീ തെറ്റ് ചെയ്തിട്ടില്ലാന്ന് നിനക്ക് ബോധ്യമുള്ളപ്പോ നീയെന്തിനാ പേടിക്കണേ… ”
” എടിയെന്നാലും…ഞാൻ…അവരോടെല്ലാം പറയാൻ ഞാൻ ശ്രമിച്ചതാ… പക്ഷെയെനിക്ക് പറ്റിയില്ല…!! ”
” എടാ… എനിക്ക് നിന്നെമനസിലാവും… നിന്റെ സ്വഭാവവും… അമ്മു പറഞ്ഞിട്ടുണ്ട്… അവൾ നിന്നോട് ആദ്യം സംസാരിക്കുമ്പോൾ നീയൊഴിഞ്ഞുമാറുകയായിരുന്നൂന്ന്… അത് നിന്റെ ഇൻട്രോവെർട്ട് കാരക്ടർ കാരണമാണ്… പക്ഷേ നീയതീന്നൊക്കെയൊരുപാട് മാറി… ഇന്നലെ പെട്ടന്നിങ്ങനൊക്കെയുണ്ടായപ്പോൾ ഉണ്ടായ പേടികൊണ്ടാ നിനക്കൊന്നും സംസാരിക്കാമ്പറ്റാഞ്ഞേ… ഞാൻ പറഞ്ഞല്ലോ… തെറ്റുചെയ്യാത്തപ്പോ നീയെന്തിനാ പേടിക്കുന്നെ… ധൈര്യമായിട്ട് പോയിട്ട് വാ… ”
ശരിയാണ്… എന്റെ നിരപരാധിത്വം ഞാൻ തന്നെയാണ് തെളിയിക്കേണ്ടത്… ഞാൻ ജിൻസിയെ നോക്കിയൊന്ന് ചിരിച്ചു.
” നാളെയെല്ലാം ശരിയാവൂടാ…അയ്യോ മറന്നു… നിങ്ങളുവല്ലോം കഴിച്ചായിരുന്നോ..”
” ഇല്ല… എനിക്കിന്ന് ഒന്നുമിറങ്ങൂന്ന് തോന്നണില്ല… ”
” അതൊക്കെ ഇറങ്ങും…നീയവളേം വിളിച്ച് അവിടേക്ക് വാ…. അല്ലേവേണ്ട… ഞാനിങ്ങട് കൊണ്ടുവരാ… ”
എന്നും പറഞ്ഞ് ജിൻസി അവളുടെ ഫ്ലാറ്റിലേക്ക് പോയി. രാവിലേ കഴിച്ചതാണ്. പിന്നേ ജലപാനം നടന്നിട്ടില്ല. നല്ലപോലെ വിശപ്പുണ്ട്. ജിൻസികൊണ്ടുവച്ച ചപ്പാത്തിയിൽനിന്ന് ഒരെണ്ണമെടുത്ത് കഴിച്ചു. വിശപ്പടക്കാൻ നിന്നില്ല. കഴിക്കാൻ തോന്നുന്നില്ലായിരുന്നു.
പക്ഷേ എന്റെ എതിരെയിരുന്ന് താടക കനത്ത പോളിങ്ങിലായിരുന്നു. അവളുടെ കഴിപ്പ് കണ്ടാൽ ചപ്പാത്തിയോടെന്തോ ശത്രുതയുള്ളതുപോലെ തോന്നും. അധികനേരം അവിടെയിരുന്നില്ല. എന്നീറ്റ് റൂമിൽ ചെന്ന് കിടന്നു.
നാളെയെന്തായിത്തീരുമെന്ന് ആയിരുന്നു എന്റെ ചിന്ത. ഉറക്കം വന്നില്ല. കണ്ണ് തുറന്ന് അങ്ങനെ കിടന്നു. തലവേദനിക്കുന്നു. അതിനിടയിൽ A/C യുടെ മൂളൽ പോലും ആരോചകമായിത്തോന്നിയെനിക്ക്. വല്ലാത്ത അവസ്ഥ. ആ കിടത്തത്തിനിടക്കെപ്പഴോ ഉറങ്ങിപ്പോയി.
****************************
6 മണിക്ക് മുന്നേതന്നെ ഉണർന്നു. കഷ്ടി ഒരു 2 മണിക്കൂറാണ് ആകെ ഉറങ്ങിയത്.