അനുവാദമില്ലാതെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറുന്നത് കുറ്റംതന്നെയാണ്. പക്ഷേ ഇതല്ലാതെ എനിക്ക് മുന്നിൽ വേറെ വഴിയില്ല.
” ജിൻസീ… പ്ലീസ്… ഇതൊക്കെ അവളുടെ ട്രാപ് ആയിരുന്നു… ഞാനറിയാതെ അതിൽപോയി വീണതാ…”
ഞാൻ പറഞ്ഞെങ്കിലും അവളത് കേൾക്കാത്തതുപോലെ എന്നിൽനിന്ന് അല്പം മാറിനിന്നു. ഞാനവിടെ നിൽക്കുന്നത് അവൾക്ക് ഇഷ്ടമാകുന്നില്ല എന്ന് അവളുടെ മുഖഭാവത്തിൽനിന്ന് മനസിലാക്കാമായിരുന്നു.
ഞാൻ ഇന്ന് ഓഫീസിൽ നടന്ന കാര്യമൊക്കെ ജിൻസിയോട് പറഞ്ഞു. ദേഷ്യത്തിന്റെ പുറത്ത് ഞാനവളെ തല്ലിപ്പോയതും അവൾ സംസാരിക്കണം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയതുമൊക്കെ.
” അവളെന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞ ഒരു പാർക്കിലേക്കാ കൊണ്ടുപോയെ. അവൾ സംസാരിച്ചുതുടങ്ങിയപ്പോൾ ആരൊ എന്തോവച്ചെന്റെ തലക്ക് അടിക്കുകയായിരുന്നു…. അപ്പൊ ഉണ്ടായ മുറിവാണിത്.. പിന്നേയവിടെന്താ നടന്നെയെന്ന് എനിക്കറിയില്ല… ബോധം വീഴുമ്പോൾ ഞാനാറൂമിൽ ആയിരുന്നു…”
ആദ്യം ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാത്തപോലെ നിന്നവൾ ഞാൻ പറയുന്നതിൽ എന്തോ കാര്യമുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ പറയുന്നത് ശ്രദ്ധിച്ചുതുടങ്ങി. ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ കുറച്ച് നേരം എന്തോ ആലോചിച്ചിരുന്നു.
” ഡാ… ഞാനൊരുകാര്യം ചോദിക്കട്ടെ… നിന്നെ പെടുത്താനായിരുന്നെങ്കിൽ എന്തിന് അവൾ നിന്റെകൂടെ ആ റൂമിൽ നിക്കണം… പൈസ കൊടുത്താൽ അതിനൊക്കെ വേറെയാളെ കിട്ടിയേനെ…! ”
അപ്പോഴാണ് ഞാനത് ആലോചിക്കുന്നത്.
എന്നെ പെടുത്താനായിരുന്നു എങ്കിൽ അവളെന്തിന് ഇതിൽ സ്വയം ഇരയാകണം.
ഞാൻ ആലോചിച്ച് ഇരിക്കുന്നത് കണ്ട് ജിൻസി തുടർന്നു.
” പിന്നെയിത് ബാംഗ്ലൂരാണ്… ഇതൊക്കെയിവിടെ സാധാരണമാണ്… അതുകൊണ്ട് ആരേലും ഇൻഫോം ചെയ്യാണ്ട് പോലീസ് കേറിവരില്ല… അതുമല്ല അവർക്ക് ഇങ്ങനെയൊരു കാര്യത്തിന് ആക്ഷനെടുക്കാനുമ്പറ്റില്ല. സോ… ഇത് ആരൊ മനപ്പൂർവഞ്ചെയ്യിച്ചതാണ്..!”
അവൾ പറഞ്ഞത് കേട്ട് ഞാനാകെ വല്ലാതായി. ആര്…! തടകക്ക് അല്ലാതെ ആർക്കാണ് എന്നോടിത്ര ദേഷ്യം…!
അത് മനസിലാക്കിയെന്നോണം ജിൻസിയെന്റെ കയ്യിൽ പിടിച്ചു.
” സോറീടാ…. പെട്ടന്നങ്ങനെയൊക്കെ കേട്ടപ്പോ… ”
ഞാൻ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. കുറച്ചൊരു ആശ്വാസം തോന്നുന്നുണ്ട്. ഇനി അമ്മയേയും അച്ഛനെയും മനസിലാക്കിപ്പിക്കാൻ ജിൻസിയെന്നോടൊപ്പം ഉണ്ടാവും.
” നിനക്കുറപ്പാണോ ജിൻസി ഇതവളല്ല ചെയ്യിച്ചതെന്ന്… “