“തൂക്കി എടുത്ത് അകത്തു കൊണ്ടുപോയി ഇട്ട് പൂട്ടെടാ ഇവളെ…. എന്നിട്ട് ആ മറ്റവനെ ഇങ് കൊണ്ടുവാ ആ ഇൻവെസ്റ്റിഗേറ്റീവ് എഴുത്തുകാരനെ.” അയാളുടെ ചുണ്ടിൽ ഗൂഢമായൊരു ചിരി വിടർന്നു.
അസ്‌ലാൻ പറഞ്ഞ ഉടൻ തന്നെ അവളെ രണ്ടുപേർ ചേർന്ന് വലിച്ചിഴച്ചു ഒരു റൂമിലേക്ക് എടുത്തെറിഞ്ഞു എന്നിട്ടത് പുറത്ത് നിന്നും ലോക് ചെയ്തു. അവൾ ചെന്ന് വീണത് ഒരു കൂട്ടം പെൺകുട്ടികളുടെ നടുവിലേക്കാണ്, കണ്ണീർ വറ്റിയ… പ്രതീക്ഷകൾ അസ്തമിച്ച ഒരു കൂട്ടം പെൺകുട്ടികളുടെ ഇടയിൽ…. അവൾ വീണ വേദനയിൽ ഒന്ന് ഞരങ്ങി, പതിയെ എഴുനേക്കാൻ ശ്രമിച്ചു. അപ്പോഴേക്കും രണ്ട് പെൺകുട്ടികൾ അവളുടെ അടുത്തേക്ക് വന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.
“ജാനകീ… നിന്നോട് ഞാൻ പറഞ്ഞതല്ലേ രക്ഷപെടാൻ നമ്മളെകൊണ്ട് ആവില്ല എന്ന് പിന്നേം എന്തിനാ നീ….” അതിൽ ഒരുവൾ പറഞ്ഞു തീരുന്നതിനു മുന്നേ ജാനകി അവളെ രൂക്ഷമായി ഒന്ന് നോക്കി.
“മരണത്തോട് ഉള്ള എന്റെ പേടിയൊക്കെ നമ്മളെ ഇവിടെ കൊണ്ടുവന്ന അന്ന് തന്നെ തീർന്നതാ… ഒന്നും മറന്നിട്ടില്ലല്ലോ രാധികേ നീ? ഏതെങ്കിലും വേശ്യാലയത്തിൽ ഒടുങ്ങുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് മരണം തന്നെ ആണ്. പിന്നെ ജാനകി രക്ഷപെടുന്നു എങ്കിൽ അത് ഒരിക്കലും ഒറ്റയ്ക്കാവില്ല… എന്റെ ഒപ്പം നിങ്ങൾ ഇരുപത് പേരും ഉണ്ടാവും. അത് എന്റെ വാക്കാ.” ഉറച്ച ശബ്ദത്തിൽ എല്ലാവരോടുമായി പറഞ്ഞിട്ട് അവൾ എഴുനേറ്റു മുറിയുടെ ഒരു ഒഴിഞ്ഞ കോണിലേക്ക് നടന്നു.
അൽപ സമയം അവിടെ നിന്നതിനു ശേഷം മറ്റുള്ളവർ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം തന്റെ ഡ്രെസ്സിനുള്ളിൽ ഒളിപ്പിച്ച ഒരു പൊതി അവൾ അവിടെ ഒരു സ്ഥലത്ത് ഭദ്രമായി വെച്ചു. ശേഷം ബാത്‌റൂമിൽ കയറി മുഖത്ത് വെള്ളം ഒഴിച്ച് കഴുകി. അടികൊണ്ട് മുറിഞ്ഞ വായിൽ അപ്പോഴും ചോരയുടെ രുചി അവൾക്ക് അറിയാൻ കഴിഞ്ഞു. അസ്‌ലാൻ പറഞ്ഞത് അവൾ ഓർത്തു…. മൂന്ന് മാസം…. അതാണ് ഞങ്ങളുടെ ജീവന്റെ കാലാവധി.. അത് കഴിഞ്ഞാൽ എല്ലാവരെയും ഇവർ കച്ചവടം ചെയ്യും. പക്ഷേ എന്തിനായിരിക്കും ഈ മൂന്നു മാസം? സാധാരണ ഇത്രയും റിസ്ക് എടുത്ത് ഇത്രയും ആൾക്കാരെ മൂന്നു മാസം ഒക്കെ തടവിൽ പാർപ്പിക്കേണ്ടതില്ല. പിടിക്കപ്പെടാൻ ഉള്ള സാധ്യത കൂടുതൽ ആണ്. അതാണ് ഇനി കണ്ടെത്തേണ്ടത്. പക്ഷേ എങ്ങനെ? ആരാണ് അസ്‌ലാൻ പറഞ്ഞ ആ എഴുത്തുകാരൻ… ഊഹം ശെരിയാണെങ്കിൽ അയാൾക്ക് അസ്‌ലാനെ പറ്റി എന്തൊക്കെയോ അറിയാം. അത് മറ്റുള്ളവർ അറിയുന്നതിന് മുൻപ് അയാളെ തീർക്കാൻ ഉള്ള പ്ലാൻ ആണ്.