അരമണിക്കൂർ കഴിഞ്ഞു കാണും, മിഴി അവളുടെ ഫോണിൽ എന്തോ സേർച്ച് ചെയ്തിട്ട് അതുമായി ജനലിനരികിൽ നിന്ന എക്സിനടുത്തേക്ക് ചെന്നു.
“എക്സ്…” അവൾ തെല്ലൊരു സങ്കോചത്തോടെ അവനെ വിളിച്ചു. അത് കേട്ട് അവൻ തിരിഞ്ഞു നോക്കി.
“എക്സ്, ഇത്കാണ്ടോ നീ… നോക്കിക്കേ.” അവൾ ആ ഫോൺ അവനു നേരെ നീട്ടി. അതിൽ പക്ഷികൾ പറക്കുന്ന ടാറ്റൂ ഒട്ടിച്ച കൈകളുടെ ചിത്രങ്ങൾ അവൻ കണ്ടു. പക്ഷേ അവൾ എന്താണ് ഉദ്ദേശിച്ചത് എന്നവന് മനസിലായില്ല. അവൻ അവളുടെ മുഖത്തേക്ക് നോക്കി.
“ഈ ചിത്രങ്ങൾ എല്ലാം കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു? എന്തെങ്കിലും സാമ്യത തോന്നുന്നുണ്ടോ?” അവളുടെ ചോദ്യം കേട്ട് അവൻ അതിലെ ഓരോ ചിത്രങ്ങളും എടുത്ത് നോക്കി. എല്ലാം വ്യത്യസ്ത ഡിസൈൻ, ചിലതിൽ നിറങ്ങൾ ഉണ്ട് മറ്റു ചിലതിൽ ഒരു വർണ്ണം മാത്രം. കാലിലും കയ്യിലും കഴുത്തിലും ഒക്കെ പക്ഷികൾ പറക്കുന്നത് പച്ച കുത്തിയിരിക്കുന്നു. എന്നാൽ അതിൽ സാമ്യത ഒന്നും അവനു മനസിലാക്കാൻ സാധിച്ചില്ല.
“ഇതിൽ എല്ലാം എന്താ സാമ്യത..?”
“നീ ഒരു കാര്യം ശ്രദ്ധിച്ചോ ഇതിൽ കാണുന്നത് എല്ലാം ഏതൊക്കെയോ സ്ത്രീകളുടെ ശരീരഭാഗങ്ങൾ ആണ്. അതായത് ഇത്തരം ഡിസൈൻ കൂടുതൽ യൂസ് ചെയ്യുന്നത് സ്ത്രീകൾ ആണ്. അങ്ങനെ ആണെങ്കിൽ നിന്റെ ഓർമ്മയിൽ തെളിയുന്ന കയ്യും ഒരു സ്ത്രീയുടെ ആവാൻ അല്ലേ സാധ്യത?” മിഴി പറഞ്ഞത് കേട്ട് അവൻ വേഗം വീണ്ടും എല്ലാ ഫോട്ടോസും എടുത്ത് നോക്കി.
ശെരിയാണ്… ഇതെല്ലാം സ്ത്രീകളുടെ കൈകളും കാലുകളും ആണ്. അവനു അതൊരു പുത്തൻ ഉണർവ് നൽകി, താൻ ശെരിയായ ദിശയിൽ തന്നെ ആണ് പോകുന്നത് എന്നവന് തോന്നി.
“കൊള്ളാല്ലോ നീ… നല്ല ഒബ്സർവേഷൻ ആണല്ലോ വല്ല ഡിക്റ്റക്റ്റീവ് പണിക്ക് പൊക്കുടേ ഇവിടെ ഇങ്ങനെ ഇരിക്കാതെ!!!!” അവർ രണ്ടും ചിരിച്ചു. അത്രനേരം അവർക്കിടയിൽ തളം കെട്ടി നിന്ന മൗനം അങ്ങനെ ഒഴിവായി.
“സ്ത്രീ തന്നെ ആവാൻ ആണ് അപ്പൊ സാധ്യത… ഇനി അത് ആരാണ് എന്നാണ് കണ്ടെത്തേണ്ടത്. പക്ഷേ എങ്ങനെ…?” അവർ തമ്മിൽ നോക്കികൊണ്ട് ചോദിച്ചു.