“മിഴി… എന്നെ ഇവിടെ അഡ്മിറ്റാക്കിയത്തിന്റെ കാരണം തന്നെ എനിക്ക് നേരെ നടന്ന ഒരു മർഡർ അറ്റംപ്റ്റ് അല്ലേ? ഞാൻ ഒരു സാധാരണക്കാരൻ ആയിരുന്നേൽ എനിക്കെതിരെ എന്തിന് അങ്ങനെ ഒരു കൊലപാതക ശ്രമം ഉണ്ടായി? ഇതെല്ലാം എനിക്ക് കണ്ടെത്തണം, ഒരു പക്ഷേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിൽ എന്നെ ഈ നിലയിൽ ആക്കിയ ഒരുത്തനേം… ഒരുത്തനേം ഞാൻ വെറുതെ വിടില്ല.” അവൻ കണ്ണ് തുടച്ചുകൊണ്ട് എഴുനേറ്റു. പൂജ അവനെ തങ്ങിയതും മിഴി അവന്റെ വാക്കിങ് സ്റ്റിക് എടുത്തു കൊടുത്തു.
“ഇതിനെല്ലാം മുൻപ് എനിക്ക് കണ്ടെത്തേണ്ടത് ആ കയ്യുടെ ഉടമയെ ആണ്, എന്റെ ഓർമ്മകളിൽ വന്നു കൈ വീശുന്ന കിളികളുടെ ചിത്രം പച്ചകുത്തിയ ആ കയ്യുടെ ഉടമയെ. അതിനു ആദ്യം എനിക്ക് ഈ ഹോസ്പിറ്റലിൽ നിന്ന് വെളിയിൽ ഇറങ്ങണം. എത്രയും പെട്ടന്ന്.”
“എക്സ്.. നീ പറയുന്നത് ഒക്കെ ശെരിയാണ് പക്ഷേ നിനക്ക് ഈ സിറ്റുവേഷനിൽ എന്തായാലും ഇവിടെ നിന്ന് പോകാൻ പറ്റില്ല. നിന്റെ കാൽ ഇപ്പോഴും നേരെ ആയിട്ടില്ല അതിന് ഇനിയും രണ്ടാഴ്ച എങ്കിലും വേണം, പിന്നെ തലയിലെ ഈ മുറിവും. എടുത്ത് ചാടി ഓരോന്ന് ചെയ്താൽ അത് അപകടം ഉണ്ടാക്കും അത്കൊണ്ട് ഇപ്പൊ നീ കുറച്ച് ക്ഷമിക്ക്. മിനിമം ഈ ഒരു മാസത്തേക്ക് എങ്കിലും. അതുവരെ നമുക്ക് ഇവിടെ ഇരുന്നുകൊണ്ട് തന്നെ അന്വേഷിക്കാം. എന്തായാലും അടുത്ത ആഴ്ച ആ ട്രക്ക് ഡ്രൈവർ വരില്ലേ അപ്പൊ കാര്യങ്ങൾക്ക് ഒക്കെ കുറച്ചുകൂടി വ്യക്തത വരും എന്നാണ് എന്റെ വിശ്വാസം.” പൂജ പറയുന്നതിലും കാര്യമുണ്ടെന്നു അവനു തോന്നി.
ഇപ്പൊ ഉള്ള ദേഷ്യത്തിന് എന്തെങ്കിലും ചെയ്താൽ അത് കൂടുതൽ അപകടം ആയേക്കും. ആദ്യം ആരോഗ്യം വീണ്ടെടുക്കണം. എതിരാളികൾ ആരാണെന്ന് അറിയില്ലെങ്കിലും അവർ ശക്തർ തന്നെ ആയിരിക്കും.
കുറച്ച് നേരം കൂടി സംസാരിച്ചു നിന്നിട്ട് ഡ്യൂട്ടി ടൈം കഴിഞ്ഞതിനാൽ പൂജ റൂമിലേക്ക് പോയി. മിഴി അപ്പോഴും എന്തോ ആലോചനയിൽ ആയിരുന്നു. തമ്മിൽ മിണ്ടാൻ രണ്ട് പേർക്കും തോന്നിയില്ല അവനും മനസ്സിൽ ഓരോന്ന് കണക്കുകൂട്ടികൊണ്ടിരുന്നു.