“എക്സ്….!!!” അവർ രണ്ടാളും ഒരേ സമയം ആശ്ചര്യത്തോടെ അവന്റെ പേര് വിളിച്ചുപോയി. “പറ എക്സ്… ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം?” അവർ വേഗം അവന്റെ അടുത്തേക്ക് വന്നു നിന്നു ചോദിച്ചു.
“അന്ന് ഒരിക്കൽ ഞാൻ അടിമാലി എന്ന് പറഞ്ഞപ്പോഴും അത് നിനക്ക് അറിയാമായിരുന്നു അന്ന് അത് ഞാൻ കാര്യമാക്കിയില്ല കാരണം നീ മലയാളിയാണ് ഒരുപക്ഷെ എപ്പോഴെങ്കിലും നീ അവിടെ വന്നിട്ടുണ്ടാവാം. പക്ഷേ ഇത്… ഇന്ത്യയുടെ ഏതോ ഒരു മൂലയിൽ ഉള്ള ഒരു കൊച്ചു ഗ്രാമം അതിനെപ്പറ്റി നിനക്ക് കൃത്യമായി അറിയാം. അതായത് നിനക്ക് ആ സ്ഥലം പരിചയമുണ്ടായിരിക്കണം എന്നല്ലേ? ” മിഴി പറഞ്ഞു നിർത്തി.
“അത് തന്നെയാണ് മിഴി എനിക്കും അറിയേണ്ടത്, എനിക്ക് എങ്ങനെ ഇതെല്ലാം പറയാൻ പറ്റുന്നു. ഇത് മാത്രമല്ല എനിക്ക് പല ഭാഷകളും മനസ്സിലാകുന്നുണ്ട്. അന്ന് ആ കന്നടക്കാരോട് സംസാരിച്ചു, പൂജ പറയുന്ന ഹിന്ദി എനിക്ക് മനസ്സിലാകുന്നുണ്ട് ഞാൻ മറുപടിയും കൊടുക്കാറുണ്ട്, അടുത്ത റൂമിലെ രോഗികൾ പറയുന്ന മറാത്തി എനിക്ക് മനസ്സിലാവുന്നുണ്ട്, അതേപോലെ തന്നെ തമിഴ്, തെലുങ്ക്, ഗുജറാത്തി, ആസ്സാമീസ് ഒക്കെ എനിക്ക് ഇപ്പോ ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. എന്നാൽ…. എന്നാൽ ഇതൊക്കെ എങ്ങനെ എനിക്ക് അറിയാം?? അത് മാത്രം എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല എന്തിന് എന്റെ പേരുപോലും.” അവൻ അവന്റെ വാക്കിങ് സ്റ്റിക് നിലത്തേക്ക് അരിശത്തോടെ എറിഞ്ഞു. അവന്റെ ആ ഭാവമാറ്റം കണ്ട് അവർ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ കുഴങ്ങി.
അൽപനേരം ആ മുറിയിൽ മൗനം തളം കെട്ടി നിന്നു. “മിഴി… ഒരിക്കൽ നീ എന്നോട് കളി ആയി ചോദിച്ചു നീ വല്ല മാവോയിസ്റ്റും ആണോടാ എന്ന്. എനിക്ക് ഇപ്പൊ അങ്ങനൊക്കെ തോന്നുവാ. എന്റെ പാസ്റ്റ്… അത് എന്തായാലും അത്ര സുഖമുള്ളത് ആവാൻ വഴിയില്ല.”
“എന്താ എക്സ് ഇത്… അതൊക്കെ ഞാൻ വെറുതെ…” അവൾക്ക് അത് കേട്ട് സഹിക്കാനായില്ല. ശെരിയാണ് എല്ലാവരെയും പോലെ ഇവനും ഞങ്ങൾക്കൊരു പേഷ്യന്റ് മാത്രം ആണ്, അല്ല ആയിരുന്നു എന്ന് പറയുന്നതാവും ശെരി. ഇവൻ പണ്ട് ആരും ആയിക്കൊള്ളട്ടെ പക്ഷേ ഇന്നിവൻ ഞങ്ങളുടെ നല്ലൊരു സുഹൃത്താണ്, ഇവനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാൻ തന്നെ ആണ് ഞങ്ങൾക്കിഷ്ടം.