“മം… അതാ നല്ലത്, മിഴി നിന്റെ ഫോൺ എടുക്ക്, ഈ നമ്പർ ഡയൽ ചെയ്യ്.” പൂജ പറഞ്ഞതും മിഴി വേഗം ഫോൺ എടുത്തു അവൾ പറഞ്ഞ നമ്പർ ഡയൽ ചെയ്തു ഫോൺ സ്‌പീക്കറിൽ ഇട്ടു.
ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഏഴാമത്തെ റിങ്ങിൽ കാൾ അറ്റൻഡ് ആയി…
“ഹലോ….” ഘനഗംഭീര ശബ്ദത്തോടെ ഒരാൾ….
“മഹീന്ദർ സിംഗ്….അല്ലേ?” പൂജ ഒരു സംശയത്തോടെ ചോദിച്ചു. “അതെ.. ആരാണ് സംസാരിക്കുന്നത്?”
“ഇത് K.V.M ഹോസ്പിറ്റലിൽ നിന്നാണ്, നിങ്ങൾ കുറച്ചുനാൾ മുൻപ് ഒരാളെ ഇവിടെ കൊണ്ടുവന്നു അഡ്മിറ്റ് ആക്കിയിരുന്നില്ലേ?”
“ഉവ്… അയാൾക്കിപ്പോ എങ്ങനുണ്ട്? രക്ഷപെട്ടോ? കുഴപ്പൊന്നും ഇല്ലല്ലോ അല്ലേ?” അയാൾ ആകാംഷയോടെ ചോദിച്ചു.
“അത്… ആള് രക്ഷപെട്ടു പിന്നെ നിങ്ങളെ കാണണം എന്ന് ഒരേ വാശി. അത്കൊണ്ട് വിളിച്ചതാണ്. അത്യാവശ്യമായി ഒന്നിവിടെ വരെ വരണം. ദയവായി ഒഴിവു പറയരുത്.” പൂജ വളരെ താഴ്മയോടെ തന്നെ കാര്യങ്ങൾ പറഞ്ഞു.
“വരുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല പക്ഷേ ഉടനെ വരാൻ കുറച്ച് ബുദ്ധിമുട്ട് ആണ്, ഞാൻ ഒരു ട്രക്ക് ഡ്രൈവർ ആണ് ഇപ്പൊ സ്ഥലത്തില്ല. എത്തിയാലുടൻ വരാൻ നോക്കാം.” അയാൾ പറഞ്ഞത് കേട്ട് എല്ലാവർക്കും നിരാശയായി. അയാൾ എവിടെയാ ഉള്ളതെന്ന് ചോദിക്കാൻ എക്സ് പൂജയോട് ആംഗ്യം കാട്ടി. “അത്…. താങ്കൾ ഇപ്പൊ എവിടെയാണ് ഉള്ളത്?” “മണ… അടുത്ത ആഴ്ച….ഞാൻ… എത്താൻ….” കാൾ ഡിസ്കണക്ട് ആയി “ഹലോ….ഹലോ… കേൾക്കുന്നുണ്ടോ ഹലോ..?” “കാൾ കട്ട് ആയല്ലോ… അയാൾ ഇനി കട്ട് ആക്കിയത് ആയിരിക്കുവോ?” മിഴി സംശയത്തോടെ ചോദിച്ചു. എക്സ് എന്തോ ആലോചിച്ചു കട്ടിലിൽ തന്നെ ഇരുന്നു. പൂജ അപ്പോഴേക്കും ധിറുതിയിൽ അവളുടെ ഫോൺ എടുത്ത് എന്തോ സേർച്ച് ചെയ്യാൻ തുടങ്ങിയിരുന്നു.
“നീ എന്താ ഈ സേർച്ച് ചെയ്യുന്നേ?” “അയാൾ പറഞ്ഞ സ്ഥലം കേട്ടോ നീ, അത് എവിടെയാണെന്ന് നോക്കുവാരുന്നു. മണ എന്നല്ലേ പറഞ്ഞത്, നോക്കട്ടെ.”
“ഉത്തരാഖണ്ഡ്…അവിടെയാണ് മണ… ദി ലാസ്റ്റ് ഇന്ത്യൻ വില്ലേജ്. ഇന്ത്യയുടെ അവസാനത്തെ ഗ്രാമം.” എക്സിന്റെ ആ മറുപടി കേട്ട് മിഴിയും പൂജയും അത്ഭുതത്തോടെ അവനെ നോക്കി, അപ്പോഴേക്കും അവൻ പറഞ്ഞ അതെ തലക്കെട്ടോട് കൂടി പൂജയുടെ ഫോണിൽ ആ സ്ഥലത്തിന്റെ സേർച്ച് ഡീറ്റെയിൽസ് ലോഡ് ആയിരുന്നു.