അവൻ നേരെ കട്ടിലിൽ ചെന്നിരുന്നു. “പൂജ, ആ നമ്പർ ഒന്ന് നോക്കുവോ നീ?” അവൾ പുറത്തിറങ്ങിയതും അവൻ ചോദിച്ചു.
“ആഹ്… ഞാൻ നോക്കിട്ട് വരാം, ആദ്യം നീ ദേ ഈ ഗുളിക കഴിക്ക്. അപ്പോഴേക്കും ഞാൻ അത് എടുത്തു വരാം.” അവൾ ഗുളിക അവനു കൈമാറി.
അവൾ പോയി കുറച്ച് നേരമായി… അവൻ അക്ഷമനായി, ഇടയ്ക്ക് ഡോർ തുറന്നു ഇടനാഴിയിലേക്ക് നോക്കി വീണ്ടും വന്നു കട്ടിലിൽ ഇരുന്നു. അപ്പോഴേക്കും മിഴി എത്തിയിരുന്നു.
“ഗുഡ് മോർണിംഗ് എക്സ്… ഇന്നെന്താ നേരത്തെ എഴുന്നേറ്റോ? പൂജ എവിടെ?” അവൾ റൂമിലേക്ക് കയറികൊണ്ട് ചോദിച്ചു.
“അവളെ ഞാൻ ഒരിടം വരെ പറഞ്ഞു വിട്ടേക്കുവാ ഇപ്പൊ വരും.” “എങ്ങോട്ട്? ക്യാന്റീനിലേക്കാ?” “തോക്കിൽ കയറി വെടിവെക്കാതെ, ഇപ്പൊ വരും അപ്പൊ അറിയാല്ലോ.” അവൻ ചിരിച്ചു.
അപ്പോഴേക്കും പൂജ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി. “കിട്ടിയോ….?” എക്സ് കട്ടിലിൽ നിന്ന് അറിയാതെ എഴുനേറ്റു. അവന്റെ കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.
“കിട്ടി മോനേ കിട്ടി… മഹീന്ദർ സിംഗ് & രാകേഷ്, പേരും അഡ്രസ്സും എല്ലാം ഉണ്ട്. ഇവർ ഇവിടെ ഉള്ളവർ അല്ല മുംബൈക്ക് അടുത്ത് കല്യാൺ ആണ് സ്ഥലം. ദേ നോക്ക്.” അവൾ ആ പേപ്പർ അവനു നേരെ നീട്ടി. കാര്യങ്ങൾ ഒന്നും മനസിലാവാതെ മിഴി വാ പൊളിച്ചു നിന്നു.
“അല്ല എന്താ ഇവിടെ നടക്കുന്നെ?” മിഴി അവർ രണ്ടുപേരോടുമായി ചോദിച്ചു. “ഇവിടെയോ… ഇവിടെ ഞാൻ ഈ എക്സിന്റെ വാല്യൂ കണ്ടുപിടിക്കാൻ ഞാൻ ഒന്ന് ശ്രമിക്കുവാ.” അവൻ മിഴിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“പൂജ.. നീ വിളിക്കുവോ? ഹോസ്പിറ്റലിൽ നിന്നാണെന്ന് പറഞ്ഞാൽ മതി, എവിടെയാണ് ഉള്ളത് അത്യാവശ്യമായി ഇവിടെ വരെ ഒന്ന് വരണം എന്ന് പറഞ്ഞാൽ മതി.”
“അതെന്തിനാ? നമുക്ക് നേരെ ചോദിച്ചൂടേ അന്ന് എന്തെങ്കിലും കിട്ടിയോ എന്ന്?” “അത് ബുദ്ധിയല്ല, ചിലപ്പോൾ അവർ കേസ് ആയി എന്നൊക്കെ വിചാരിച്ച് ഒന്നും വിട്ട് പറയില്ല. അത്കൊണ്ട് അവരെ ഇവിടെ വരുത്തണം. പിന്നെ ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നതിന് ഏറ്റവും വലിയ കാരണം ഇവർ രണ്ടാളും ആണ്, അത്കൊണ്ട് തന്നെ എനിക്ക് അവരെ കാണണം, നന്ദി പറഞ്ഞാൽ ഒന്നും തീരില്ല, എന്നാലും….”