“ഇങ്ങനെ ഒറ്റയടിക്ക് എല്ലാം കൂടി ചോദിക്കാതെ പെണ്ണെ ശ്വാസം വിട് ഇടക്ക്.” അവൻ ചിരിച്ചു
“ഹ പറ…ഞാൻ കാര്യായിട്ട് ചോദിച്ചതാ.” “അത് കന്നഡയാണ്, നോർമൽ കന്നഡ അല്ല ഇത് എവിടെയോ ഉൾനാടൻ കന്നഡയാണ് സ്ലാങ് വ്യത്യാസം ഉണ്ട്.” “ശെരിക്കും നിനക്ക് എത്ര ഭാഷ അറിയാം? നീ ഇനി വല്ല മാവോയിസ്റ്റോ മറ്റോ ആണോ?” മിഴി അവനെ കളിയാക്കികൊണ്ട് അവരുടെ സ്ഥിരം ജനലിന്റെ സൈഡിൽ രണ്ട് കസേര എടുത്തിട്ട് ഇരുന്നു.
“അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്… ഒരാൾക്ക് അയാളോട് തന്നെ ചോദിക്കാൻ പറ്റിയ ഏറ്റവും സങ്കീർണമായ ചോദ്യം. ആരാണ് ഞാൻ??”
“നീ മൂഡ് കളയല്ലേ, ഒക്കെ റെഡി ആവും നോക്കിക്കോ.” മിഴി അവനെ ആശ്വസിപ്പിച്ചു. അവൻ വീണ്ടും പുറത്തേക്കു നോക്കി ഇരുന്നു, മഴ ചാറുന്നുണ്ട്. മിഴി വീണ്ടും അവളുടെ ചിത്രം വരപ്പ് തുടങ്ങി.
ഇടയ്ക്ക് അവൻ ആ ചിത്രത്തിലേക്ക് ഒന്ന് പാളി നോക്കി. കളിയാക്കാൻ എന്തെങ്കിലും സ്കോപ്പ് ഉണ്ടോ എന്നറിയാൻ. ഇല്ല അവൾ നല്ലപോലെ വരയ്ക്കുന്നുണ്ട്. അവൻ ഒന്നും മിണ്ടാതെ കസേരയിൽ നിന്ന് എഴുനേറ്റ് ആ ജനൽ പടിയിൽ ചാരി നിന്നു. അവന്റെ മനസ്സിലേക്ക് പെട്ടെന്ന് അവൾ വരച്ച ആ പടം ഓടി വന്നു…. രണ്ട് കിളികൾ പറക്കുന്ന ചിത്രം. അവന് എന്തോ പെട്ടന്ന് ഒരു അസ്വസ്ഥത പോലെ തോന്നി.
ഓരോ നിമിഷം കഴിയുംതോറും ആ ചിത്രം അവന്റെ മനസ്സിനെ പിടിച്ചുലയ്ക്കാൻ തുടങ്ങി. ആരോ കണ്ണിലേക്കു വെളിച്ചം അടിക്കുമ്പോൾ കാണുന്ന കാഴ്ചപോലെ അവന് ആ ചിത്രം കണ്ടു. എന്നാൽ അത് ഒരു പേപ്പറിൽ ആയിരുന്നില്ല….
അവൻ വെട്ടിവിയർത്തുകൊണ്ട് ആ പേപ്പർ അവളിൽ നിന്ന് തട്ടിപറിച്ചെടുത്തു, അവന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ മിഴിയൊന്നു ഞെട്ടി. ആ ചിത്രം അവൻ അത്ഭുതത്തോടെ നോക്കികൊണ്ടേ ഇരുന്നു.
“എക്സ്… എന്താ… എന്താ പറ്റിയെ?”
“മിഴി… മിഴി… ഈ… പടം എനിക്ക് എവിടെയോ കണ്ട ഓർമ്മ.” അവൻ ആ ചിത്രത്തിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“ഓക്കേ ഓക്കേ… കൂൾ ഡൌൺ എക്സ്. ഇങ്ങനെ എസ്‌സൈറ്റഡ് ആവാതെ ശാന്തമായിട്ട് ഒന്ന് ആലോചിച്ചു നോക്ക്. വാ ഇവിടെ ഇരിക്ക്.” അവൾ അവനെ കസേരയിൽ ഇരുത്തി ഒരു ഗ്ലാസിൽ വെള്ളം എടുത്ത് വന്നു. ആ പേപ്പർ അവന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ട് വെള്ളം കൊടുത്തു.