അവൾ വിശ്വാസം വരാത്ത പോലെ അയാളെ ഒന്ന് നോക്കി അയാളും അതേ അവസ്ഥയിൽ ആയിരുന്നു. അയാൾ ആ ഗ്ലാസ്സിലേക്ക് ഒരു നിമിഷം നോക്കിയിട്ട് വീണ്ടും ഗ്ലാസ് അവൾക്ക് കൊടുത്തു. “കൊള്ളാല്ലോ, ക്വിക്ക് റിഫ്ലക്സ് ആണല്ലോ. നല്ല മാറ്റം ഉണ്ട് എന്തായാലും.” അവൾ ഗ്ലാസ് ടേബിളിൽ വെച്ച് ഒരു കസേര എടുത്ത് അയാളുടെ അടുത്തിരുന്നു. “ഇപ്പൊ എന്താ തോന്നുന്നത്? വേദന ഒക്കെ എങ്ങനെ ഉണ്ട്?” അവൾ തന്നെ അയാളോട് സംസാരിക്കാൻ തുടങ്ങി.
“ചെറിയ വേദന ഉണ്ട് ശരീരത്തിന് മൊത്തത്തിൽ, തലയ്ക്കു നല്ല ഭാരം പോലെ എപ്പഴും.” അയാൾ തന്റെ തലയിൽ ഒന്ന് കൈ ഓടിച്ചുകൊണ്ട് പറഞ്ഞു. “വേണ്ട അവിടെ പിടിക്കണ്ട, എന്താ സംഭവിച്ചത് എന്ന് എന്തെങ്കിലും ചെറിയൊരു ഓർമ്മ എങ്കിലും ഉണ്ടോ?” അവൾ പ്രതീക്ഷയോടെ ചോദിച്ചു. അയാൾ ദൂരേയ്ക്ക് നോക്കി എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ അവൾക്ക് തോന്നി. എന്നാൽ അയാൾ അതിൽ പരാജയപ്പെട്ടു.
“ഇല്ല… മൊത്തം ഒരു ഒന്നുമില്ലായ്മ. ഇപ്പൊ ജനിച്ചു വീണ പോലെ ആണ് തോന്നുന്നത്. ഇതിനു മുൻപ് ഞാൻ ജീവിച്ചിരുന്നതിന്റെ ഒരു ഓർമകളും എനിക്ക് വരുന്നില്ല.”
“മം..സാരമില്ല, ഒരാഴ്ച കൊണ്ട് ഇത്രേം ഒക്കെ പുരോഗതി ഉണ്ടായില്ലേ എല്ലാം ശെരിയാവും.” മിഴി അയാളെ ആശ്വസിപ്പിച്ചു.
പെട്ടന്ന് എന്തോ ഓർത്തത് പോലെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി… “അല്ല സിസ്റ്റർടെ പേരെന്താ?” “ങേ… അപ്പോ ഇത്രനാൾ ഞാൻ പറഞ്ഞത് ഒന്നും ഇയാൾ കേട്ടില്ലാരുന്നോ?” അവൾ അത്ഭുതത്തോടെ ചോദിച്ചു. “എനിക്ക് ആകെ ഒരു മരവിപ്പ് മാത്രേ ഓർമ്മയുള്ളു, നിങ്ങൾ സംസാരിക്കുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോഴാണ് ഞാൻ ഇതിനോട് ഒന്ന് പൊരുത്തപ്പെട്ടു വരുന്നത്.”
“എന്റെ പേര് മിഴി…” അവൾ അയാൾക്ക് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.
“മിഴി…അധികം ആർക്കും ഇല്ലാത്ത പേരാണല്ലോ.” അയാൾ അവളുടെ കൈ പിടിച്ചു കുലുക്കി.
“ആഹ് എല്ലാരും പറയും.” “നാട്ടിൽ എവിടെയാ?” “നാട്ടിൽ അടിമാലി, അറിയുവോ?” “അടിമാലി…. മൂന്നാർ പോകുന്ന വഴി….” അയാൾ കുറച്ച് നേരം ഒന്ന് ചിന്തിച്ചിട്ട് പറഞ്ഞു. “ങേ… അതെങ്ങനെ ഓർമ്മ വന്നു???” അവൾക്ക് വീണ്ടും അത്ഭുതമായി. “അറിയില്ല… അറിയാതെ തന്നെ വായിൽ നിന്ന് വന്നതാ. ഒരുപക്ഷെ ഞാനും അവിടെ നിന്നാവും.” അയാൾ ഒരു പ്രതീക്ഷയോടെ അവളെ നോക്കി. “പേടിക്കണ്ട പോലീസ് അന്വേഷിക്കുന്നുണ്ട് അന്ന് മൊഴിയെടുക്കാൻ വന്നപ്പോ ഫോട്ടോ ഒക്കെ എടുത്ത് പോയിരുന്നു അവർ അത് മിക്കവാറും കേരള പൊലീസിന് കൈമാറും, അങ്ങനാണേൽ പെട്ടന്ന് തന്നെ കണ്ടെത്താൻ പറ്റും.” മിഴിയുടെ ആ വാക്കുകൾ അയാൾക്കൊരു പുതിയ പ്രതീക്ഷ നൽകി.