“കം ഓൺ ഡോക്ടർ… നമ്മളുടെ ജോലി ഒരാളെ ചികിൽസിച്ചു നേരെ ആക്കുക എന്നുള്ളത് മാത്രം ആണ് അതിൽ കൂടുതൽ ഒന്നും നമ്മൾ നോക്കണ്ട കാര്യമില്ല. അതൊക്കെ അയാൾ എന്തെങ്കിലും ചെയ്തോട്ടെ.” പോൾ തന്റെ കസേരയിലേക്ക് ചാരി ഇരുന്നു പറഞ്ഞു. മേത്ത അതിനു മറുപടി പറയാതെ മറ്റുള്ളർക്ക് നേരെ തിരിഞ്ഞു.
“നിങ്ങൾക്ക് കാര്യങ്ങൾ മനസിലായില്ലേ? അയാളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം. മിഴി… അയാൾ മലയാളി അല്ലേ സോ താൻ തന്നെ നിന്നാൽ മതി അവിടെ. തനിക്ക് ഇനിയിപ്പോ കുറച്ചുനാൾ ഡ്യൂട്ടി കൂടുതൽ ആവും പ്രശ്നമുണ്ടോ?”
“ഇല്ല ഡോക്ടർ ഞാൻ നിന്നോളം.” ഒന്ന് മടിച്ചെങ്കിലും അവൾക്ക് അയാളോട് എതിര് പറയാൻ തോന്നിയില്ല.
“ഗുഡ്, താൻ ഇല്ലാത്തപ്പോ പൂജ നിക്കട്ടെ, ഓക്കേ?” “ഓക്കേ ഡോക്ടർ.” “ശെരി, ഇത് പറയാൻ ആണ് വിളിപ്പിച്ചത് നിങ്ങൾ പൊയ്ക്കോളൂ. ആ പിന്നെ മിഴി അന്ന് ഞാൻ പറഞ്ഞത് ശെരിയാക്കിയരുന്നലോ അല്ലേ? ഇയാളുടെ ചിലവിന്റെ കാര്യം?” “യെസ് ഡോക്ടർ, ഇപ്പൊ തന്നെ പകുതി പൈസ അവർ അടച്ചിട്ടുണ്ട് എന്നാ പറഞ്ഞത്.” “ഗുഡ്… എന്നാ ശെരി പൊയ്ക്കോളൂ.”
“ഹോ ഇപ്പഴാ ശ്വാസം നേരെ വീണത്, ഞാൻ ഓർത്ത് ഇന്ന് എല്ലാർക്കും വയർ നിറച്ചു കിട്ടും എന്ന്.” ശിവാനി ആശ്വാസത്തോടെ പറഞ്ഞു.
“ഇവളെക്കൊണ്ട് തോറ്റല്ലോ…ഒന്ന് മിണ്ടാതിരിക്കോ?” പൂജ കളിയായി അവളുടെ കയ്യിൽ അടിച്ചുകൊണ്ട് പറഞ്ഞു.
“പണി കിട്ടിയത് മൊത്തം എനിക്കാ… ഡേ ആൻഡ് നൈറ്റ് എടുക്കേണ്ടി വരും മിക്കവാറും. എങ്ങനേലും ഈ ഒരു വർഷം കൂടി ഒന്ന് കടന്നു പോയിരുന്നെങ്കിൽ ഞാൻ ഇവിടുന്ന് പറന്നേനെ കാനഡയ്ക്ക്.”
“അല്ല നീ ഇത് ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കാല്ലോ അവിടെ നിനക്ക് ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ?” ശിവാനി ചോദിച്ചു
“പിന്നേ ബന്ധുക്കൾ… ബന്ധുക്കൾ കാരണം ആണ് ഇപ്പോ വീട്ടിൽ ജപ്തി നോട്ടീസ് വന്നു കിടക്കുന്നത്, ഓർത്തിട്ട് എന്റെ കയ്യും കാലും വിറക്കുവാ. 8 ലക്ഷം എങ്ങനെ എവിടുന്ന് എടുത്ത് മറിക്കാൻ ആണ് 3 മാസം കൊണ്ട്? എന്തായാലും വീട് പോകും, അത് പക്ഷേ ഞാൻ എങ്ങനെയും തിരിച്ചു പിടിക്കും അതെന്റെ വാശിയാ. ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒരേ ഒരു സമ്പാദ്യം ആണ്.” അവളുടെ കണ്ണിൽ നീര് പൊടിഞ്ഞതും പൂജ അവളെ ചേർത്ത് പിടിച്ചു നടന്നു.