കണക്കുപുസ്തകം 1 [Wanderlust]

Posted by

രാത്രി വൈകിയും ഓഫീസിൽ തുടർന്ന വൈഗാലക്ഷ്മിയുടെ ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. ഈ നീക്കങ്ങൾ മുന്നിൽ കണ്ടതുകൊണ്ട് ഒട്ടും വൈകാതെ FIR രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടാണ് വൈഗ കരുക്കൾ നീക്കിയത്. കൂടാതെ റെയ്ഡിന്റെ വിവരം മാധ്യമങ്ങളെ അറിയിച്ചതും വൈഗയാണ്. തന്റെ മാധ്യമ സുഹൃത്തുക്കളെ തക്കസമയത്ത് ഉപയോഗിച്ചുകൊണ്ട് മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ നിന്നും തന്ത്രപൂർവം ഒഴിയാനുള്ള വഴി വൈഗ അതിസമർത്ഥമായി നടപ്പിലാക്കിയെന്ന് പറയാം.

പിടിച്ചുകൊണ്ടുവന്ന സ്ത്രീകളിൽ മലയാളിയായ മേരിയുണ്ട്. വൈഗ മേരിയെ തന്റെ ഓഫിസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു..

: മേരി… അല്ലെ

: അതെ മാഡം..

: എന്നെ അറിയുമോ മേരിക്ക്…

: ഇല്ല… എന്നാലും ആരുടെയൊക്കെയോ ചായ തോന്നുന്നുണ്ട്…

: ഉം… ചേച്ചിയുടെ മോളില്ലേ ബ്ലെസി… അവളിപ്പോ

: മോളെ എങ്ങനെ അറിയാം…

: ഹലോ… ഞാൻ ചോദിക്കും, അതിന് ഉത്തരം പറഞ്ഞാൽ മതി. ഇങ്ങോട്ട് ചോദ്യങ്ങൾ വേണ്ട

: അവളിപ്പോ ദുബായിലാണ്… അവിടെ ഒരു കമ്പനിയിൽ ജോലിയാ

: ഉം.. വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ കയ്യേറ്റത്തിൽ മനംനൊന്ത് ഒരുമുളം കയറിൽ ജീവനൊടുക്കിയ ലക്ഷ്മണനെയും ഭാര്യ ലതയെയും ഓർമ്മയുണ്ടോ…

: ലക്ഷ്മണേട്ടന്റെ…

: ഉം… മോളാണ്…വൈഗാലക്ഷ്മി.

: മോൾക്കൊരു ഏട്ടൻ ഉണ്ടായിരുന്നില്ലേ…

: ഉണ്ട്…ആളിപ്പോ പുറത്താണ്..

: മോളെന്നോട് ക്ഷമിക്കണം…. ഇത്രയും വലിയ ദുരന്തമുണ്ടാവുമെന്ന് അന്ന് അറിയില്ലായിരുന്നു…

: ഹേയ്.. അതിന് നിങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാ.. എല്ലാവരും ചെയ്യുന്നതല്ലേ നിങ്ങളും ചെയ്തുള്ളു..

: മോളെ… ഞങ്ങൾ…

: പക്ഷെ ബ്ലെസിയുടെ അമ്മയെ ഇതുപോലെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല..

ശരി… അവിടെ പോയിരുന്നോ…കുറച്ചു ദിവസം അകത്ത് കിടക്കേണ്ടിവരും..കോടതിയിൽ നിന്നും ജാമ്യം എടുക്കാനുള്ള ഏർപ്പാട് ചെയ്യാം

: വേണ്ട മോളെ.. അതൊക്കെ മുതലാളി നോക്കിക്കോളും.. ഈ വേശ്യയ്ക്കുവേണ്ടി മോളിനി ആരുടെ മുന്നിലും തലകുനിക്കണ്ട..നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ല…മോൾക്ക് വെറുതെ നാണക്കേട് വരുത്തിവയ്ക്കണ്ട…

……………………..

ജയിൽ വാസത്തിന് ശേഷം പ്രതികളെ ജാമ്യത്തിലെടുക്കാൻ ഡെന്നിസിന്റെ വക്കീൽ എത്തുന്നതിന് മുൻപ് ആരോ ഒരാൾ വന്ന് മേരിയെയും മറ്റ് സ്ത്രീകളെയും ജാമ്യത്തിൽ ഇറക്കികൊണ്ട് പോയി. ആന്റണി കോടതിക്ക് വെളിയിൽ വന്നയുടനെ അവറാച്ചനെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. അവറാച്ചൻ ഉടനെ ഡെന്നിസിനെ വിളിച്ച് വഴക്കുപറയുകയും എത്രയും പെട്ടെന്ന് മേരിയെ കണ്ടെത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. ഡെന്നിസിന്റെ നിർദേശപ്രകാരം ആന്റണി കുറച്ചു ഗുണ്ടകളുമായി ബോംബെയുടെ ഗല്ലികൾ മുഴുവൻ തിരഞ്ഞെങ്കിലും അവരെ കണ്ടെത്താനായില്ല. രണ്ടു ദിവസങ്ങൾക്ക് ശേഷം മേരിയെ കൊച്ചിയിലും ബാക്കി ഉള്ളവരെ ബോംബെ ന്യൂ ഏജ് ബാറിന്റെ മുന്നിലും ഇറക്കിവിട്ട് ആർക്കും പിടികൊടുക്കാതെ കിഡ്നാപ്പേഴ്‌സ് കടന്നുകളഞ്ഞു. അവറാച്ചന്റെ കൊച്ചിയിലുള്ള വീട്ടിൽ കയറിച്ചെന്ന മേരിയെ അവറാച്ചന്റെ ഭാര്യ അന്നമ്മ മുഖത്തടിച്ചാണ് വരവേറ്റത്.. ഓഫീസിലേക്ക് പോകാനൊരുങ്ങിയ അന്നമ്മയുടെ ബഹളം കേട്ട് അവറാച്ചൻ അവരെ അകത്തേക്ക് വിളിച്ചു. വീൽ ചെയറിൽ മുറിയിൽ നിന്നും പുറത്തേക്ക് വന്ന അവറാച്ചന്റെ മുഖം മേരിയെ കണ്ടതോടെ പ്രസന്നമായി…

Leave a Reply

Your email address will not be published. Required fields are marked *