്് പതിവായുള്ള ഫുഡ്ബോൾ കളിക്ക് ശേഷം ഭീമന്റെ ചോട്ടിൽ ഇരിക്കുകയാണ് ഞങ്ങൾ. ഗ്രൗണ്ടിന്റെ അടുത്ത് തന്നെയുള്ള അസാധാരണ വലുപ്പമുള്ള ഒരു മരമാണ് ഭീമൻ. നാല് പേരെങ്കിലും കൈ കോർത്ത് വട്ടത്തിൽ നിൽക്കണം അതിന്റെ തടിയുടെ അത്രയും എത്താൻ. അതിലും എത്രയോ ദൂരത്തോളം കൊമ്പുകളും വിടർത്തിയാണ് ഭീമന്റെ നിൽപ്. ഒറ്റനോട്ടത്തിൽ ഗ്രൗണ്ടിന്റെ ഒരറ്റത്ത് നിൽക്കുന്ന ഒരു കുട പോലെയെ ഭീമനെ തോന്നു.
ഗ്രൗണ്ടിലെ ഞങ്ങളുടെ സ്ഥിരം സ്ഥലം അതിന്റെ ചോട്ടിലെ സിമന്റ് തറയാണ്. “ഈ ഭീമന്റെ ചോട്ടിൽ കാറ്റും കൊണ്ട് ഇങ്ങനെ മലർന്ന് കെടക്കാൻ എന്ത് രസാല്ലേ?” ഞങ്ങൾ നാലും സംസാരിച്ച് ഇരിക്കുകയായിരുന്നു. അതിന്റെ ഇടയിലാണ് ശ്രീ ഒരു താളത്തിൽ ഇങ്ങനെ ചോദിക്കുന്നത്. തറയിൽ കൈകൾ തലയുടെ പിറകിൽ വച്ച് മേലെ കൊമ്പിലേക്കും നോക്കി കിടക്കുകയാണ് ആശാൻ.
“കെടന്ന് കഥാപ്രസംഗമടിക്കാതെ പറഞ്ഞതിന്റെ ബാക്കി പറ” അവന്റെ തലയിൽ തട്ടിക്കൊണ്ട് സച്ചി ചോദിച്ചു.
“അതിപ്പോ പ്രത്യേകിച്ച് എന്തോന്ന് പറയാനാ. കാവിലെ ഉത്സവം നമ്മള് തൂത്ത് വാരും”
“അളിയാ , നീ തൂപ്പ് പരിപാടി എന്നാ തൊടങ്ങിയേ!?” എഴുന്നേറ്റിരുന്ന അവനെ നോക്കി വിക്കി ചോദിച്ചത് കേട്ട് സീരിയസ് മുഖവുമായിരുന്ന സച്ചിയടക്കം ഞങ്ങളെല്ലാം ചിരിച്ചു 🤣.
“എനിക്ക് അത്ര ചിരിയൊന്നും വരുന്നില്ല. കാര്യായിട്ട് ഒരു കാര്യം പറയണ സമയത്ത് ഇമ്മാതിരി തമാശ പറയാതെഡേയ് ഒടിയാ”
“പോടാ നാറീ. ഒടിയൻ ്് നിന്റച്ഛൻ പ്രഭാ , അല്ലേ വേണ്ട നിന്നെ എന്റേല് കിട്ടും” ശ്രീയുടെ ഒടിയാ വിളി കേട്ട് വിക്കി ടെററായി.
“ഓഹ് രണ്ടുമൊന്ന് നിർത്തോ. ഡേയ് അടുത്താഴ്ചയാ ഉത്സവം , നമ്മടെ ഐറ്റം പോലും ശരിക്ക് ആയിട്ടില്ല. പിന്നെ എന്തോന്നെടുത്തിട്ട് തൂക്കും?” വെടിനിർത്തൽ പ്രഖ്യാപിച്ച് സച്ചി ചോദിച്ചു.
“ലൈറ്റും ബാക്കി സംഭവങ്ങളും ഞാനേറ്റു. രംഗ നിയന്ത്രണം സെറ്റല്ലേ?” വിക്കി എന്നെ നോക്കി.
“അതൊക്കെ ഡബിൾ ഓക്കെയാ” ഞാൻ ചിരിച്ചു.
“മ്യൂസിക് നീ ഏറ്റതല്ലെ?” ശ്രീയെ നോക്കി സച്ചി ചോദിച്ചു.
“എപ്പോഴെ , നമ്മൾ ഉത്സവം തൂ , അല്ല ്് പൊളിച്ചടുക്കും” അവനും ആവേശത്തോടെ പറഞ്ഞു.