മഴക്ക് ശക്തി കൂടുന്നതിനൊപ്പം മഴവെള്ളം മുറ്റത്ത് നിറയാൻ തുടങ്ങി. മുറ്റത്തിന് സൈഡിൽ മഴവെള്ളം ഒലിച്ചു പോകാൻ വെച്ചിരുന്ന പൈപ്പ് വല്ല കരിയിലയും വീണ് അടഞ്ഞിരിക്കുകയായിരിക്കും. ഹിമ ഓർത്തു. അത് ശരിയാക്കിയില്ലങ്കിൽ മുറ്റമാകെ ചെളിയാകുമല്ലോ.
“മനു, ആ പൈപ്പിലൂടെ വെള്ളം വെളിയിലേക്ക് പോകുന്നില്ല എന്ന് തോന്നുന്നു. നീ അതൊന്നു ശരിയാക്കാമോ?”, ഹിമ മനുവിനോട് ചോദിച്ചു. അതു കേട്ടപാതി മനു ചാടിയെഴുന്നേറ്റ് താൻ ഇട്ടിരുന്ന നിറം മങ്ങിയ ഷർട്ട് അഴിച്ചുമാറ്റി. അവന്റെ ആ കുട്ടിത്തോർത്ത് അരയിൽ ചുറ്റികൊണ്ട് കൈലിയും അഴിച്ചുമാറ്റി മഴയിലേക്കിറങ്ങാൻ തയ്യാറായിക്കഴിഞ്ഞു.
അവൻ വരാന്തയിലെ പടിയിലേക്കിറങ്ങി. കൈകൾ നീട്ടി മഴവെള്ളം കൈകുമ്പിളിൽ പിടിച്ചു മുഖത്തേക്കൊഴിച്ചുകൊണ്ടു ഹിമയെ നോക്കി താൻ തയ്യാറയന്നറിയിച്ചു. ഹിമ അവനെ നോക്കികൊണ്ട് ” ടാ ചെക്കാ നീ പനിയൊന്നും പിടിപ്പിക്കല്ലേ വല്ലതും വന്നാൽ ഞാൻ മാത്രേ ഉണ്ടാവുള്ളു, ഇപ്പോഴത്തെ പനിയൊന്നും വിശ്വസിക്കാൻ പറ്റില്ലായെന്ന്” പറഞ്ഞുകൊണ്ട് പൈപ്പ് കാണിച്ചുകൊടുത്തതും
മനു കൈകൾ രണ്ടും നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി.
പെട്ടെന്നാണ് ഹിമ തന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. അവൾ അകത്തേക്ക് കയറി ഫോൺ എടുത്തു. ഗൾഫിൽനിന്ന് ഭർത്താവിന്റെ വീഡിയോ കാൾ. ഹിമ ഇയർഫോൺ ചെവിയിൽ വെച്ചുകൊണ്ട് കാൾ എടുത്തു.
ഫോണിൽ തന്റെ ഭർത്താവിന്റെ മുഖം. “ഇന്ന് കുറച്ച് തിരക്കായിരുന്നു അതാ വിളിക്കാൻ താമസിച്ചത്”, അവളുടെ ഭർത്താവ് അജയൻ പറഞ്ഞു. “ആണോ, ഇവിടെ ദാ നല്ല മഴയാണ്”, ഹിമ മറുപടി നൽകി. മഴയുടെ ശക്തി കാരണം ആ വെള്ളം പോകുന്ന പൈപ്പ് അടഞ്ഞെന്നാ തോന്നുന്നത്, മുറ്റത്തൊക്കെ വെള്ളം നിറയുന്നു. മനു അത് ശരിയാക്കുവാ” എന്നു പറഞ്ഞുകൊണ്ട് അജയന് കാണുവാനായി അവൾ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു. മഴയിൽ നനഞ്ഞ മനു ആ പൈപ്പിനുള്ളിലേക്ക് ഒരു കമ്പുകയറ്റി പൈപ്പിലെ ബ്ലോക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു. മനുവിന്റെ ശ്രമം ഫലം കണ്ടു. മുറ്റത്ത് നിറഞ്ഞ മഴവെള്ളം പൈപ്പിലൂടെ വെളിയിലേക്ക് ഒഴുകാൻ തുടങ്ങി. ഒരു കൊച്ചുകുട്ടി എന്തോ മഹാകാര്യം ചെയ്ത് വിജയിച്ച ഭാവത്തിൽ മനു ഹിമയെ നോക്കി ചിരിച്ചു.“ദേ മനു അജയേട്ടൻ ധാ ഇതിലൂടെ നിന്നെ കാണുവാ”, ഹിമ മനുവിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു. ഫോണിനെ കുറിച്ച് ഒരു തേങ്ങയും അറിയാത്ത മനുവിന് എന്താണ് സംഭവം എന്ന് കൃത്യമായി മനസ്സിലായില്ലെങ്കിലും അജയേട്ടൻ തന്നെ കാണുന്നുണ്ടെന്ന് മാത്രം മനസിലായി. അവൻ ആ മഴയത്ത് നിന്നുകൊണ്ട് ഫോണിലേക്ക് നോക്കികൊണ്ട് ഒന്ന് ചിരിച്ചു എന്ന് വരുത്തി.