അവന്റെ വിളി കേട്ടിട്ടും അവളിൽ ഒരു പ്രതികരണവും ഉണ്ടായില്ല.
“എടൊ സോറി…..ഞാൻ….എനിക്ക്….മീറ്റിംഗ് കഴിഞ്ഞു സത്യമായിട്ടും ഞാൻ ഇറങ്ങിയതാ…സൈറ്റിൽ ഒരാക്‌സിഡന്റ് ഉണ്ടായി വരും വഴി അതിൽ കുടുങ്ങി പോയി….മനഃപൂർവ്വം അല്ലടോ…സോറി….നാളെ ഞാൻ ലീവ് എടുക്കാം തന്നെ എവിടെ വേണേലും കൊണ്ട് പോവാം….”
ഷർട്ട് ഊറി ഹാങ്കറിൽ ഇട്ടുകൊണ്ട് അവൻ പറഞ്ഞു. ഒന്നിലും ശ്വേത കനിഞ്ഞില്ല.
“ഡോ പ്ലീസ്….ഇങ്ങനെ കിടക്കല്ലേ വാ എന്തേലും കഴിക്കാം…എനിക്ക് വിശക്കുന്നുണ്ട്….വാ…”
ശ്വേതയുടെ കൈ പിടിച്ചവൻ കെഞ്ചി.
അവന്റെ കൈ തട്ടി തെറിപ്പിച്ചവൾ ഒന്ന് മുരണ്ടു.
“എന്റെ ശ്വേതയല്ലേ പ്ലീസ്….എന്നെ എന്ത് വേണേൽ ചെയ്തോ….ഒന്നും കഴിക്കാതെ കിടക്കല്ലേ…വാ….”
അവളുടെ കൈ നെഞ്ചിൽ ചേർത്ത് പിടിച്ചുകൊണ്ടവൻ അവൾക്കരികിൽ കിടന്നു വിളിച്ചു.
“ഒന്ന് പൊയ്‌തരുവോ….വാക്കിനു വിലയില്ലാത്തവൻ….വൈകീട്ട് മുഴുവൻ ഇവിടെ ഉടുത്തൊരുങ്ങി കാത്തിരിക്കുന്ന എന്നെ പൊട്ടിയാക്കിയിട്ട് ഇപ്പോൾ കൊഞ്ചാൻ വന്നിരിക്കുന്നോ…”
അവനിൽ നിന്നും കൈ വലിച്ചെടുത്തു അവൾ അലറി.
അവളുടെ കണ്ണിലാകെ തീ പിടിച്ചിരുന്നു.
അവനൊന്നു ഞെട്ടി. അവളുടെ ഈ ഭാവം അവൻ ആദ്യമായി കാണുകയായിരുന്നു.
“ഒച്ച വെക്കല്ലേ ശ്വേത ഞാനും നീയും ഈ മുറിയിൽ ഇല്ലേ നമ്മുക്ക് മാത്രം കേട്ടാൽ പോരെ…”
“എനിക്കിഷ്ടമുള്ള പോലെ പറയും വെറുതെ എന്നോട് കൽപ്പിക്കാൻ വരരുത്….
തന്തേം തള്ളേം പഠിപ്പിച്ചിട്ടില്ലയിരിക്കും പറയുന്ന വാക്ക് പാലിക്കണം എന്ന്…”
“ശ്വേത നീ പറയുന്നത് സൂക്ഷിച്ചു പറയണം…ജയിക്കാൻ വേണ്ടി പറയുന്ന പലതും പിന്നെ തിരിച്ചെടുക്കാൻ പറ്റിയെന്നു വരില്ല…”
“ഹും….അല്ലേലും പഠിപ്പിക്കാൻ പ്രായം ആവും മുന്നേ രണ്ടു പേരും അങ്ങ് പോയില്ലേ…രണ്ടു നിര്ഗുണന്മാരെ ഇവിടെ ഇട്ടേച്ചു….”
പറഞ്ഞു തീരും മുന്നേ രാഹുലിന്റെ കൈ ശ്വേതയുടെ കവിളിൽ വീണിരുന്നു.
ദേഷ്യം ഇരച്ചു വന്നെങ്കിലും അവന്റെ ഉപബോധമനസ്സിൽ അവളെ വേദനിപ്പിക്കരുത് എന്ന് കരുതിയതിനാലാവണം അത്ര ഊക്കോടെ ആയിരുന്നില്ല കൈ വീണത്.
എങ്കിലും ശ്വേതയുടെ ദേഷ്യം പതിന്മടങ്ങു ഇരട്ടിച്ചു കലിപൂണ്ട അവൾ വീണ്ടും ഒച്ചയിടാൻ തുടങ്ങിയതോടെ രാഹുൽ ഇടിഞ്ഞ മനസ്സുമായി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
ഹാളിലെ സോഫയിൽ കിടക്കുമ്പോഴും അവന്റെ മനസ്സിലെ തിരയൊഴിയുന്നില്ലയിരുന്നു.
ഏട്ടനും ഏട്ടത്തിയും ഇതുവരെ തമ്മിൽ കയർത്തു സംസാരിക്കുന്നത് കണ്ടിട്ടില്ല എന്തേലും പരിഭവം ഉണ്ടായാലും രാവിലെ ചിരിച്ചു കൊഞ്ചുന്ന അവരെ കണ്ടാണ് അവൻ കൊതിച്ചിട്ടുള്ളത്….