സ്ലാബിൽ അവനു വേണ്ടി ഓഫീസിൽ പോകും വഴി ദീപൻ മൂടി വെച്ചിരുന്ന ഭക്ഷണം ഉണ്ടായിരുന്നു,
അതും എടുത്തു തുറന്നു അവൻ സോഫയിലേക്കിരുന്നു.
നൂലപ്പം കടല കൂട്ടി വായിലേക്ക് വയ്ക്കുന്ന ഓരോ പിടിയിലും അവന്റെ കണ്ണ് നിറഞ്ഞു വന്നു,
ഏട്ടത്തിയുടെ രുചി…
എപ്പോഴൊക്കെയോ കൈകൊണ്ടു ഊട്ടി തന്നിരുന്ന ഏട്ടത്തിയുടെ ഓർമ്മകൾ അവനിൽ നിറഞ്ഞു.
കണ്ണിൽ നിന്ന് തുളുമ്പിയ കണ്ണീരുമായി അവൻ ആഹ് ഭക്ഷണം മുഴുവൻ കഴിച്ചു തീർത്തു.
അന്ന് കഴിഞ്ഞു ഇതുവരെ അവർ തമ്മിൽ കണ്ടിട്ടില്ല രണ്ടുപേരുടെയും ഉള്ളിൽ കുറ്റബോധം കൊണ്ടുണ്ടായ മതിൽ ശക്തമായിരുന്നു,
ദീപന്റെ വാക്കുകളിൽ നിന്നും പാർവതി രാഹുലിനെ കുറിച്ചും രാവിലെ ഏട്ടത്തി തനിക്കായി ഏട്ടന്റെ കയ്യിൽ ഭദ്രമായി പൊതിഞ്ഞു വിടുന്ന ഭക്ഷണത്തിൽ നിന്നും അവരുടെ ഉള്ളുകൾ സംസാരിച്ചു കൊണ്ടിരുന്നു.
ഭക്ഷണം കഴിഞ്ഞു കരുതി വെച്ചിരുന്ന കുപ്പിയിൽ അവൻ അഭയം തേടി…
ഗ്ലാസ്സുകൾ ഓരോന്നായി നിറഞ്ഞൊഴിഞ്ഞു.
മയക്കം ബാധിച്ചു തുടങ്ങിയ കണ്ണുകളിൽ വീണ്ടും ശ്വേതയും സ്റ്റേഷനും അവളുടെ കാമുകനും നിറയാൻ തുടങ്ങിയതോടെ,
കുപ്പി കയ്യിലെടുത്തു അവൻ പുറത്തേക്കിറങ്ങി,
ഒരു ഓട്ടോ പിടിച്ചു കടൽ തീരത്തെത്തി,
പിന്നെ അവനു ഇഷ്ടപ്പെട്ട ചാരു ബെഞ്ചിൽ ചാരി കടൽകാറ്റു ഏറ്റു അടുത്ത കടയിൽ നിന്നുയരുന്ന പാട്ടുകൾ കേട്ട് അവിടെ ഇരുന്നു.
ഉച്ച നേരത്തെ കത്തിയെരിയുന്ന സൂര്യനും പതിയെ കടലിൽ താഴാനായി യാത്ര തുടങ്ങിയിരുന്നു.
മൂവന്തിയിൽ ചെഞ്ചുവപ്പ് പടർത്തി മുങ്ങിത്താഴുന്ന സൂര്യനെ കാണാൻ തീരത്തു അത്യവശ്യം പേര് കൂടിയിരുന്നു.
കമിതാക്കൾ അവിടവിടെ കുടക്കീഴിൽ തങ്ങളുടെ സ്വർഗം തീർക്കുന്നുണ്ടായിരുന്നു.
ഇതിനെല്ലാം മൂകസാക്ഷിയായി രാഹുൽ ചിരിയോടെ അവിടെ ഇരുന്നു.
ഇരുട്ട് പരന്നു തുടങ്ങിയ നേരം വിരലുകൾക്കിടയിൽ എരിയുന്ന ലഹരിയുമായി ഒരു കൂട്ടം അവനടുത്തേക്ക് പതിയെ സമീപിച്ചു.
കണ്ണിനു കനം വെക്കുന്ന കറുപ്പിന്റെ ഗന്ധം ആയിരുന്നു അവർക്ക്.
പതിയെ അവനെ ചുറ്റിയ അവരുടെ കണ്ണുകൾ മയങ്ങി കിടന്ന അവനിലായിരുന്നു.
“ഡാ അടിച്ചു തിരിഞ്ഞിരുക്കവാണ്….പയ്യെ നമുക്കൊന്ന് വലിച്ചു നോക്കിയാലോ…”
പുകയൂതി പറത്തിക്കൊണ്ട് ഒരുത്തൻ പറഞ്ഞത് കേട്ട മറ്റൊരുവൻ ഒന്ന് ചുറ്റും നോക്കികൊണ്ട് തലയാട്ടി.
ഇരുട്ടി തുടങ്ങിയ തീരത്തിന്റെ ആഹ് ഭാഗത്ത് ആളുകളുടെ കുറവും വെളിച്ചത്തിന്റെ അഭാവവും അവരുടെ നീക്കങ്ങൾക്ക് മറയേകി,
അടുത്തിരുന്ന ഒരുവൻ രാഹുലിന്റെ കയ്യിൽ ഒഴിഞ്ഞു തീരാറായ കുപ്പിയിൽ കൈ വെച്ചു.