അവൻ കൈ ചുരുട്ടി പിടിച്ചു, ശബ്ദമില്ലാതെ കരഞ്ഞു.
————————————-
ദിവസങ്ങൾ കഴിയുംതോറും രാഹുലിന്റെ അവസ്ഥ ദയനീയമായി വരികയായിരുന്നു,….
മുഴുവൻ സമയവും മുറിയിലെ ഇരുട്ടിൽ, ആരെയും കാണാൻ കൂട്ടാക്കാതെ ഇടയ്ക്ക് മുറിയിൽ നിന്നുയരുന്ന തേങ്ങലുകൾ, നിലവിളികൾ മാത്രം അവന്റെ ജീവന്റെ നിലനിൽപ് അറിയിച്ചു…
അവന്റെ അവസ്ഥയുടെ പ്രതിഫലനം എന്നോണം ആഹ് വീട്ടിൽ മറ്റൊരാൾ കൂടെ പതിയെ ജീവനുള്ള ഒരു പാവയായി മാറുകയായിരുന്നു, അവന്റെ ഏട്ടത്തി പാർവതി.
ശ്വേതയെ അവന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്ന ആളെന്ന കുറ്റബോധം വരിഞ്ഞു മുറുകിയ പാർവതി കണ്ണീരിലേക്കും നിരാശയിലേക്കും വീണു തുടങ്ങിയിരുന്നു, അവന്റെ മുന്നിൽ വരാൻ പോലും ധൈര്യമില്ലാതെ പാർവതിയും ഒരു ചുഴിയിൽ പെട്ട് പോവുന്നത് കണ്ട ഇവരുടെ രണ്ടു പേരുടെയും ഇടയിൽ നിന്ന് വീർപ്പുമുട്ടുന്ന ദീപൻ കഷ്ടപ്പെടുകയായിരുന്നു.
ഒരു ദിവസം രാഹുൽ റൂമിനു വെളിയിൽ വന്നു,
“ഏട്ടാ…എനിക്കിവിടെ ഇനിയും വയ്യ….ഇവിടെ നിന്നാൽ എനിക്ക് ചിലപ്പോൾ എന്നെ തന്നെ പിടി വിട്ടു പോവും…ഇവിടെ മുഴുവൻ അവളുടെ ഓർമ്മകൾ….അവളുടെ മുഖം അവളുടെ മണം….എനിക്ക് കഴിയുന്നില്ല…..
ജീവിതം എനിക്ക് കൈ വിട്ടു പോവുന്നു….
ഇനിയെന്താകുമെന്നു എനിക്കറിയില്ല….
ഞാൻ……ഞാൻ….പോവാ….”
ദീപന്റെ മറുപടിക്ക് പോലും കാക്കാതെ രാഹുൽ വീടുവിട്ടിറങ്ങി,…..
നഗരത്തിന് നടുവിലെ ഫ്ലാറ്റിലേക്ക് ചേക്കേറുമ്പോൾ ഉള്ളിലെവിടെയോ അവളെ മറക്കണം എന്നൊരു ഉൾവിളി അവനുണ്ടായിരുന്നു.
എന്നാൽ ഫ്ലാറ്റിന്റെ ഒറ്റപ്പെടലിൽ വീണ്ടും നിരാശയിലേക്ക് കൂപ്പു കുത്താൻ തുടങ്ങിയ രാഹുലിന് ഒരിക്കൽ കൂട്ടുകിട്ടിയത് മദ്യം ആയിരുന്നു ചില്ലു കുപ്പിയിലെ തിളക്കം നിറഞ്ഞ ദ്രാവകം ആഴ്ചകൾക്ക് ശേഷം അവനു ബോധമറ്റു ലോകത്തിൽ നിന്നും പറിച്ചു മാറ്റിക്കൊണ്ടുള്ള ഉറക്കം നൽകി, ഒന്നും അലട്ടാതെയുള്ള ഉറക്കം….
പിന്നീട് ഉറക്കം എന്നാൽ അവനു അത് മാത്രമായി, എല്ലാം നഷ്ടപ്പെട്ടു എന്ന് ചിന്തിച്ചു തുടങ്ങിയവനുള്ള അവസാന ആശ്രയമായി മദ്യം മാറി…
അനുജന്റെ അവസ്ഥയിൽ നെഞ്ചുപൊട്ടി ഉരുകാൻ മാത്രമേ ദീപന് കഴിഞ്ഞുള്ളു.
കടൽത്തീരത്തെ ചാരു ബെഞ്ചിൽ കുടിച്ചു ബോധം കെടുന്ന വരെ കിടക്കുന്ന രാഹുലിനെ എന്നും രാത്രി ദീപൻ താങ്ങിയെടുത്തു ഫ്ലാറ്റിൽ കൊണ്ടുപോകും,
ഉരുകി തീരുന്ന മനസ്സുമായി അവനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് വീട്ടിൽ പാർവതിയും,
ആഹ് സംഭവത്തിനുശേഷം പാർവതി വീടിനു പുറത്തു ഇറങ്ങാതെ അനിയന്റെ ദുരവസ്ഥയ്ക്ക് സ്വയം ശിക്ഷിച്ചു കൊണ്ടിരുന്നു.
*******************************
രാഹുൽ എഴുന്നേറ്റു വരുമ്പോൾ പതിനൊന്നു കഴിഞ്ഞിരുന്നു,
തലയ്ക്ക് ആകെ ഒരു പെരുപ്പ് നിറഞ്ഞിരിക്കുന്നു ആടികുഴഞ്ഞു ബാത്‌റൂമിൽ കയറിഇറങ്ങി രാഹുലിന് ഒരു പുതിയ ദിവസം ആയിരുന്നില്ല…
ഒരേപോലുള്ള അനേകം ദിവസങ്ങളിൽ ഒന്ന് കൂടി…
ദാഹം തൊണ്ട ചുരുക്കിയപ്പോൾ, അവൻ കിച്ചണിലേക്ക് നടന്നു,
പ്യൂരിഫയറിൽ നിന്ന് തൊണ്ട നനയുവോളം ദാഹം തീരും വരെ വെള്ളം കുടിച്ചു,