പാർവതിയെ നോക്കി കൊഞ്ഞനം കുത്തിയ ശ്വേത മുകളിലേക്ക് കയറിപ്പോയി.
“പെണ്ണിന് ശെരിക്കും ഇളകിയിട്ടുണ്ട്…”
“അതൊക്കെ വൈകിട്ട് കേക്ക് മുറിക്കുമ്പോൾ മാറിക്കോളും…”
രാഹുൽ കണ്ണിറുക്കി പറഞ്ഞു.
കാറിൽ ഇരിക്കുമ്പോഴും ശ്വേതയുടെ മുഖം ഗൗരവത്തിൽ ആയിരുന്നു.
“ഡോ….എന്താടോ മിണ്ടാതെ ഇരിക്കുന്നെ…”
ഒന്ന് കൂർപ്പിച്ചു നോക്കിയതല്ലാതെ ശ്വേത ഒന്നും മിണ്ടിയില്ല,
ഒളിപ്പിച്ച കള്ള ചിരിയോടെ രാഹുൽ വണ്ടി അവളുടെ ഓഫീസിനു മുന്നിൽ നിർത്തി.
“ഒന്നും മറന്നില്ലല്ലോ…???”
അവന്റെ നേരെ കണ്ണ് കൂർപ്പിച്ചുകൊണ്ട് പുറത്തു ഇറങ്ങി കുനിഞ്ഞു കൊണ്ട് ശ്വേത ചോദിച്ചു.
“ഏയ്…എന്ത് മറക്കാൻ…ഒന്നും മറന്നിട്ടില്ല…ഈവനിംഗ് ഞാൻ കൂട്ടാൻ വരാമേ…റ്റാ റ്റാ…”
പറഞ്ഞ ശേഷം രാഹുൽ വണ്ടിയെടുത്തു പോവുമ്പോൾ അവന്റെ കാറിലേക്ക് നോക്കി നിൽക്കുന്ന ശ്വേതയെ കണ്ട് അവനു ചിരി വരുന്നുണ്ടായിരുന്നു.
********************************
“കേക്ക് എവിടെടാ….”
“കാറിൽ ഉണ്ടേട്ടത്തി…”
കയ്യിൽ നിറഞ്ഞിരുന്ന പാർട്ടി പോപ്പറുകളും ഡെക്കറേറ് ചെയ്യാനുള്ള ബലൂണും കൊണ്ടകത്തേക്ക് കയറുംവഴി രാഹുൽ ഇറങ്ങി വന്ന പാർവ്വതിയോട് പറഞ്ഞു.
കാറിൽ നിന്ന് കേക്ക് എടുത്തു അകത്തേക്ക് കയറുമ്പോഴേക്കും രാഹുൽ തോരണങ്ങൾ കൊണ്ട് അലങ്കരിക്കാൻ തുടങ്ങിയിരുന്നു.
സോഫയിൽ ഇരുന്നോണ്ട് ബലൂണ് വീർപ്പിക്കുന്ന ദീപനെ കണ്ടുകൊണ്ടാണ് അവൾ അകത്തേക്ക് വന്നത്.
“വൈകിട്ടത്തേക്ക് പുറത്തൂന്നു എന്തേലും വാങ്ങണോ ഏട്ടത്തി…”
“അയ്യട….അപ്പോൾ ഞാൻ ഉണ്ടാക്കിയാതൊക്കെയോ…
ഇവിടുള്ളതൊക്കെ മതീട്ടാ…”
കേക്ക് ഫ്രിഡ്ജിലേക്ക് കൊണ്ടുപോയി വെക്കുന്നതിനിടയിൽ പാർവതി ഒച്ചയിട്ടു.
തമ്മിൽ നോക്കി ദീപനും രാഹുലും ചിരിക്കുമ്പോൾ വൈകിട്ടത്തെ കൊച്ചു പാർട്ടിക്കായി അവരുടെ വീട് ഒരുങ്ങുകയായിരുന്നു.
********************************
“ഏട്ടാ അവനെയൊന്നു വിളിച്ചു നോക്കട്ടെ….”
ഇടറുന്ന സ്വരത്തിൽ പേടിയോടെ പാർവതി ഡ്രൈവ് ചെയ്യുന്ന ദീപനോട് പറഞ്ഞു.
ദീപന്റെ മനസ്സ് ആകെ കലുഷിതമായത് കൊണ്ടാവാം അവനിൽ നിന്ന് ഉത്തരം ഒന്നും കിട്ടിയില്ല.