കരയേ.!! ആര് കരയാൻ കണ്ണിൽ പൊടി പോയതാടി…
എന്തോ പ്രശ്നമുണ്ടെന്ന് അമ്മാവന്റെ ആ തപ്പിത്തടഞ്ഞുള്ള സംസാരത്തിൽ നിന്നും മനസ്സിലായതുകൊണ്ട് ഞാൻ പിന്നെ അധികമൊന്നും മിണ്ടാൻ പോയില്ല…
അങ്ങനെ കുറച്ചു നേരത്തെ നിശബ്ദത നിറഞ്ഞ യാത്രക്ക് ശേഷം ഞങ്ങൾ വീട്ടുമുറ്റത്തേക്ക് എത്തി…
ചുറ്റുമായി ആള് കൂടി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യം ഏകദേശം എനിക്ക് മനസ്സിലായി..!! പക്ഷെ അപ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു അരുതാത്തതൊന്നും ചിന്തിച്ചു കൂട്ടല്ലേ എന്ന്..
എന്നാൽ വണ്ടി നിർത്തിയ ശേഷം അമ്മാവനെന്നെയും പിടിച്ചുകൊണ്ടു വീട്ടുമുറ്റത്തേക്ക് കൊണ്ടുപോകവേ സിറ്റൗട്ടിലായി വെള്ള പുതപ്പിച്ച രണ്ട് ശരീരങ്ങൾ കണ്ടതോടെ ഞാൻ ആ സത്യം മനസ്സിലാക്കുകയായിരുന്നു…
എന്നന്നേക്കുമായി എന്റെ മാതാപിതാക്കൾ എന്നെ വിട്ടുപോയെന്ന ആ സത്യം…
വീട്ടിലേക്കു വരുന്ന വഴി ഒപോസിറ്റ് വന്നുകൊണ്ടിരുന്ന ലോറി ഇടിച്ചതെന്നാ പറയണേ.. ദേവേട്ടൻ ഇടിച്ച വഴിക്ക് തന്നെ പോയി ഭാനു ചേച്ചിക്ക് ഹോസ്പിറ്റലിൽ എത്തുന്ന വരെ ജീവൻ ഉണ്ടായിരുന്നത്രെ… പാവം ആ കൊച്ചിന്റെ ഒരു അവസ്ഥ നോക്കിയേ…
തൊട്ടടുത്തു നിന്നൊരാൾ താടിയിൽ കൈവെച്ചുകൊണ്ടു അടുത്ത് നിൽക്കുന്ന ആളുകളോടായി പറയുന്നത് ഒരു നേർത്ത ശബ്ദത്തോടെ ഞാൻ കേട്ടു… അതോടെ ഞാൻ അമ്മാവന്റെ കയ്യിൽ നിന്നും നിമിഷനേരം കൊണ്ട് ഊർന്ന് താഴേക്ക് വീണു…
കുറച്ചു നേരത്തിനു ശേഷം…
മോളെ അനു എണീക്കടി…
അമ്മാവന്റെ കവിളിൽ തട്ടിയുള്ള വിളിയിൽ ഞാൻ മെല്ലെ കണ്ണ് തുറന്നു…
അമ്മാവാ.!!! എവടെ അവരെവിടെ എനിക്ക് കാണണം എന്റെ അച്ഛനേം അമ്മയേം..!!! മാറ്..
അമ്മാവന്റെ കയ്യിൽ നിന്നും കുതറിമാറിക്കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഓടവേ അമ്മാവനെന്നെ പിടിച്ചുകൊണ്ടു നെഞ്ചിലേക്ക് ചേർത്തു…
അനുമോളെ വാ അമ്മാവൻ കൊണ്ടുപോവാം..
നെഞ്ചിൽ കിടക്കുന്ന എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് അമ്മാവനെന്നെയും കൂട്ടി ഫ്രണ്ടിലോട്ട് നടന്നു….