മുതുക് കെട്ടിലിടിച്ചു വീഴുമ്പോഴും വിദ്യയെ അവൻ ചുറ്റി പിടിച്ചു ഇടിക്കാതെ കാത്തു.
അവന്റെ നെഞ്ചിൽ മാറമർത്തി വീണ വിദ്യ ഒരു നിമിഷം ശ്വാസമെടുത്തു നിശ്വസിച്ചപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.
“ഡീ….വിദ്യെ……!!!”
അവളുടെ ചിരി പൂർത്തി ആയില്ല അതിനു മുന്നേ കുളപ്പടവിന് മേലെ നിന്നും ദേഷ്യം പൂണ്ട വിളികേട്ടവർ തിരിഞ്ഞു.
അവിടെ ഇരുണ്ടുമൂടിയ മുഖത്ത് കലിയിളകിയ നിലയിൽ വിമല നിന്നിരുന്നു.
“ഡാ……..വിടടാ അവളെ….”
ചീറിക്കൊണ്ട് താഴേക്ക് ഓടിയിറങ്ങിയ വിമല അപ്പോഴേക്കും പകച്ചു നിന്നിരുന്ന വിദ്യയെ കാർത്തിക്കിൽ നിന്നും വലിച്ചു മാറ്റിയിരുന്നു.
“ചെറിയമ്മേ…ഞാൻ…”
പറഞ്ഞു തീരും മുന്നേ വിമലയുടെ കൈ വീശി ആയത്തിൽ അവന്റെ കരണത് പതിഞ്ഞിരുന്നു.
“നിന്റെ ഗുണം നീ ഇനി ഇവിടുത്തെ കുട്ട്യോളോട് കാണിച്ചാൽ ഇതുപോലെ ആവില്ല ഇനി ഞാൻ പെരുമാറുന്നത്….കേട്ടോടാനായേ…”
കവിളിൽ കരം പൊത്തി നിന്ന കാർത്തിക്കിന് അപ്പോഴും നടക്കുന്നതെന്താണെന്നു മനസ്സിലായില്ലയിരുന്നു.
കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീരും നെഞ്ചിൽ അമർന്ന ഭാരവുമായി മിണ്ടാതെ നിൽക്കാനേ അവനു പറ്റിയുള്ളൂ ഉള്ളു കൊണ്ട് അത്രയും തകർന്ന അവസ്ഥയിൽ ആയിരുന്നു കാർത്തിക്ക്.
“നിനക്ക് ഞാൻ വെച്ചിട്ടുണ്ട് അസത്തെ….ഇങ്ങോട്ടു വാ…”
അവളുടെ കയ്യും വലിച്ചുകൊണ്ട് വിമല നടന്നു.
“….നിന്നോട് ശ്രീയെയോ രാഹുലിനെയോ കൂട്ടിപ്പോവാൻ പറഞ്ഞതല്ലേ….
അല്ലേലും എങ്ങനെയാ കുറച്ചു അഹമ്മതി കൂടുതലാ പെണ്ണിന് കെട്ട് പ്രായമെത്തീന്ന് വല്ല വിചാരം വേണ്ടേ….”
പോവുന്നതിനിടയിൽ അപ്പോഴും വിമലയുടെ ശാസന ഉയർന്നു കേൾക്കാമായിരുന്നു
വിമലയുടെ കയ്യിൽ വലിഞ്ഞു നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ വിദ്യ കണ്ടത് അവളെ നോക്കി ഒരു ജീവനറ്റ പോലെ കവിളിലെ കരവും മിഴിയിലൊഴുകുന്ന കണ്ണീരുമായി എല്ലാം ഒതുക്കി നിൽക്കുന്ന കാർത്തിക്കിനെ ആയിരുന്നു.
********************************
“അമ്മെ…ഞാൻ ഒന്ന് കുളിച്ചിട്ടു വരാം…”
അടുക്കളയിൽ പണി ഒട്ടൊന്നൊതുങ്ങിയതോടെ കനി മുടിയഴിച്ചുകെട്ടി അമ്മയോട് പറഞ്ഞിട്ട് നടന്നു.
കയ്യിൽ ടവ്വലും എടുത്തു ബാത്‌റൂമിൽ കയറാൻ ഒരുങ്ങുമ്പോഴായിരുന്നു ജനലിലൂടെ വിമല വിദ്യയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ടുവരുന്നത്.
കനി കണ്ടത്…
അടുത്തെത്തിയപ്പോൾ അവരുടെ വിഷയം കാർത്തിക്ക് ആണെന്ന് അറിഞ്ഞതോടെ കനിയുടെ ചെവി കൂർത്തു.
“ചെറിയമ്മ ചെയ്തത് ഒട്ടും ശെരിയായില്ല….അവൻ എന്ത് തെറ്റ് ചെയ്തിട്ടാ….വീണപ്പോൾ ഒന്ന് താങ്ങിയതോ…”
വിദ്യ ദേഷ്യത്തോടെ വിമലയോട് കയർത്തു.
“വളർന്നു മുതിർന്ന പെണ്ണായിപ്പോയി…ഇല്ലേൽ കൈ നീട്ടി ഒന്നങ്ട് തന്നേനെ…