“”അതേ മോനേ ആ രാവുണ്ണിയാ അവൻ ആ നാറി ആണെന്ന നാട്ടിൽ പറയുന്നെ.””
“”ആരാ രാവുണ്ണി ?“”
“”ഇവിടെ പണ്ട് അറിയപ്പെടുന്ന മില്ല് മൊതലാളി ആരുന്നു, ആ വീട്ടിലേ രാമചന്ദ്രൻ അങ്ങുന്നിന്റെ മില്ലില്‍ വന്നു കൂടിയതാ, അന്നവര് നല്ല കൂട്ടായിരുന്നു. ലോറികണക്കിന് നെല്ല് കൊണ്ട് വന്ന് കുത്തി അരി ആക്കുന്ന മില്ല്. എത്ര ലോറി അന്നവർക്കുണ്ടായിരുന്നത്. ഈ പാടങ്ങളിലെ എല്ലാ നെല്ലും അവിടാ കൊടുത്തിരുന്നത്. ഞങ്ങള്‍ക്കെല്ലാം ദിവസവും പണിയും കിട്ടുമായിരുന്നു, പഷ്ണി ഇല്ലാതെ പോയിരുന്നു. രവുണ്ണിടെ പണക്കൊത്തി അവനെ കൊണ്ട് പലതും ചെയ്യിച്ചു. രാമചന്ദ്രൻ അങ്ങുന്നു ഒരു പാവം ആയിരുന്നു രാവുണ്ണിയെ കണ്ണടച്ചു വ്ശ്വസിച്ചു അതാണ് അങ്ങുന്നു ചെയ്ത് അബദ്ധം. മില്ലും ലോറിയും എല്ലാം രാവുണ്ണി പറ്റിച്ചെടുത്തു. അന്ന് വർഷങ്ങൾക്ക് മുൻപ് ഇത്പോലെ ഒരു ദിവസം അവർ തങ്ങളില്‍ വഴക്കിടുന്നത് ഞാൻ എന്റെ ഈ കണ്ണുകൊണ്ടു കണ്ടതാ. അന്ന് രാത്രി,… അന്ന് രാത്രിയാ ആ വീടിനു തീ കൊളുത്തിയത്. പോലീസ്കാര് പറഞ്ഞു ആത്മഹത്യാ ആണെന്ന് എനിക്ക് അറിയാം അത് രവുണ്ണി ചെയ്തതാണെന്ന്. അയാൾ മില്ല് കയ്യിലാക്കി പിന്നെ അത് വിറ്റു അതിനു ശേഷം ആ പൈസ കൊണ്ട് ഇവിടെ ഒരു ബാങ്ക് തുഗങ്ങി, ധനശ്രീ ബാങ്ക് ഞങ്ങളുടെ അന്നം ആരുന്ന ഈ വയലുകൾ ബാങ്ക് വഴി അവൻ തന്നെ ഞങ്ങളുടെ കയ്യിന്നു പിടിച്ചെടുത്തു. “”
എല്ലാം കേട്ട ഞാൻ ഒന്നിനും ആകെ തളർന്നുപോയി, എന്റെ അച്ഛനേം ചേട്ടനേം കൊന്നവന് തന്നെ ആണല്ലോ ഞങ്ങളും ഇത്രയും നാൾ പലിശ കൊടുത്തു മുടിഞ്ഞത്. കാര്‍ന്നോര്‍ എന്നെ തട്ടി വിളിച്ചിട്ട് തുടര്‍ന്നു . ശബ്ദം താഴ്ത്തി അടക്കം പറയും പോലെ ആണ് പിന്നെ പറഞ്ഞത് .
“”കുഞ്ഞേ പറ്റിച്ചതും വെട്ടിച്ചതും വാഴില്ല എന്ന് പറഞ്ഞ പോലെ, ഒരു മൂനു വർഷം മുൻപ് രവുണ്ണി മലകയറി. കാട്ടിൽ കള്ളത്തടി വെട്ടാനാ കേറിയത് . അവിടെ വെച്ച് അയാളുടെ മകനെ ഏതോ കാട്ടു കൊമ്പൻ കുത്തികൊന്നു, ആ സൊത്തോക്കെ അനുഭവിക്കാൻ ഉണ്ടായിരുന്ന ഏക ആണ്തരി. പിന്നെ ഉള്ളത് മോളാ അത് അതിനു മുന്നേ സമനില തെറ്റി നടപ്പാ. മകനെ രേക്ഷിക്കാന്‍ ചെന്നതാകും അതേ കൊമ്പന്റെ അടി കൊണ്ട് രവുണ്ണിയും തളർന്നു കിടക്കുന്നു . കൊമ്പന്‍ ആണോ നായാടികള്‍ ആണോ ആര്‍ക്കറിയാം “”
“”ഈശ്വരൻ പ്രതികാരം ചെയ്തു .“”
ഞാന്‍ എന്തോ പറഞ്ഞൊപ്പിച്ചു. അതേ അടിച്ചു നിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഈശ്വരനെയുള്ളു തുണ.