ഒളിച്ചോട്ടം 9 [KAVIN P.S]

Posted by

ഞാൻ തോളിൽ വച്ചിരിക്കുന്ന കൈകളിൽ അവൾ കൈ ചേർത്ത് പിടിച്ചു.

ഇന്നലെ ഞാൻ അവരുടെ കൂടെ ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് പിണങ്ങിയ പെണ്ണിപ്പോൾ ഫ്രണ്ട്സിന്റെ കൂടെ കാറിൽ പൊയ്ക്കോന്ന് പറഞ്ഞത് കേട്ട് സന്തോഷം തോന്നിയ ഞാൻ കുനിഞ്ഞ് അനൂന്റെ വലഞ്ഞ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു

” താങ്ക്സ് അനൂസ്സെ”

ഞാൻ പറഞ്ഞത് കേട്ട് ചിരി വന്ന അനു പറഞ്ഞു:
” ഓ … ശരി ശരി ഇനി ചെക്കൻ വേഗം പോയി റെഡിയാകാൻ നോക്ക്യേ”

” യെസ് ബോസ്”
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് ഷെൽഫിൽ നിന്ന് മാറിയിടാൻ നീല ഡെനിം ഷർട്ടും നീല ജീൻസും എടുത്ത് ബെഡിലേക്കിട്ടു. ഷർട്ടും ജീൻസും അണിഞ്ഞ് അനൂനോടൊപ്പം റൂമിന് പുറത്തിറങ്ങിയ ഞാൻ സിറ്റിംഗ് റൂമിൽ താക്കോലുകൾ കൊളുത്തുന്ന കീ ഹോൾഡറിൽ നിന്ന് പോളോയുടെയും സാൻട്രോയുടെയും കീ എടുത്ത് കൈയ്യിൽ പിടിച്ച് ഉമ്മറത്തെത്തി അവിടെയപ്പോ അച്ഛനും നിയാസും അമൃതും ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ നേരെ സാൻട്രോയുടെ കീ നീട്ടി കൊണ്ട് ഞാൻ പറഞ്ഞു.
” അച്ഛാ എൻഡവർ എടുക്കണ്ട. ഈ സമയത്ത് ചിലപ്പോ വലിയ വണ്ടി കൊണ്ട് പോയാൽ പാർക്ക് ചെയ്യാനൊക്കെ ബുദ്ധിമുട്ടായിരിക്കും. അച്ഛൻ സാൻട്രോ എടുത്തോളു”.

എന്റെ കൈയ്യിൽ നിന്ന് കീ വാങ്ങിയ അച്ഛൻ ചോദിച്ചു “നിന്റെ കൂടെ പോളോയിൽ ആരൊക്കെയാ വരുന്നേ?”

“എന്റൊപ്പം ഇവന്മാര് മാത്രേ വരുന്നുളളൂ” നിയാസിന്റേം അമൃതിന്റേയും മുഖത്ത് മാറി മാറി നോക്കി പുഞ്ചിരിച്ച് കൊണ്ടാണ് അച്ഛൻ ചോദിച്ചതിനുള്ള മറുപടി ഞാൻ പറഞ്ഞത്. അപ്പോഴെയ്ക്കും ഒരുക്കം കഴിഞ്ഞ പെൺ പടകൾ ഉമ്മറത്തെത്തി. വീടിന്റെ വാതിൽ പൂട്ടി എന്റെ നേരെ തിരിഞ്ഞ അനൂനോട് ഞാൻ “പോയ്ക്കോട്ടെന്ന് ” കൈ കൊണ്ട് ആംഗ്യമായി ചോദിച്ചു. അത് കണ്ട് പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞു: “ഞാനമ്മേടെം അച്ഛന്റേം കൂടെ വന്നോളാം” അനൂന്റെ പെർമിഷൻ ഒരിക്കൽ കൂടി കിട്ടിയതോടെ ഞാൻ അമ്മയോടും അഞ്ജൂനോടുമായി പറഞ്ഞു: “നിങ്ങളെല്ലാവരും പോയി സാൻട്രോയിൽ കേറ്. ഞാനും നിയാസും അമൃതും പോളോയിലാ വരുന്നെ” ഞാൻ പറഞ്ഞത് കേട്ട് അഞ്ജു അനൂന്റെ കൈയ്യിൽ പിടിച്ച് സാൻട്രോയ്ക്കരികിൽ പോയി നിൽപ്പായി.

പോർച്ചിൽ നിന്ന് പോളോ സ്റ്റാർട്ട് ചെയ്ത് ഞാൻ പുറത്തിറക്കിയതോടെ നിയാസും അമൃതും വന്ന് കാറിൽ കേറി. അമൃത് എന്റെ ഇടത്തെ ഭാഗത്താണ് ഇരുന്നത്. നിയാസ് പിറകിലെ സീറ്റിലും. സാൻട്രോയിൽ അവരെല്ലാം കേറിയതോടെ അച്ഛൻ കാർ സ്റ്റാർട്ട് ചെയ്ത് എന്റെ പോളോയുടെ പിറകിൽ നിറുത്തി ഹോണടിച്ചു. അതോടെ ഞാൻ കാർ മുന്നോട്ടെടുത്തു. കാറിൽ മ്യൂസിക്ക് സിസ്റ്റത്തിൽ പാട്ട് വച്ച് അടിച്ച് പൊളിച്ചാണ് ഞങ്ങൾ പോയത്. ഒരു 30 മിനിറ്റിനകം ഞങ്ങൾ ബീച്ചിലെത്തി. അവിടെ തൊട്ടടുത്തായി കാർ പാർക്ക് ചെയ്ത് കാറിൽ നിന്നിറങ്ങി ബീച്ചിലേയ്ക്ക് ഞങ്ങളെല്ലാവരും ഒരുമിച്ചാണ് നടന്നത്. അനു അഞ്ജുവിനോട് ചിരിച്ച് സംസാരിച്ച് നടക്കുന്നുണ്ടായിരുന്നു. സമയം 5 മണി കഴിഞ്ഞതിനാൽ ബീച്ചിൽ ആളുകളുടെ നല്ല തിരക്കുണ്ടായിരുന്നു. ടൈല് വിരിച്ച നടപാതയിലൂടെ നിയാസിന്റേം അമൃതിന്റേം തോളിൽ കൈയ്യിട്ട് ചിരിച്ച് സംസാരിച്ച് അവരുടെ ഒത്ത നടുവിലായാണ് ഞാൻ നടന്നത്. അമ്മയും അച്ഛനും ഓരോന്നൊക്കെ സംസാരിച്ച് നടക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *