ആ അമ്മ നെഞ്ചത്തടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു.
അതു അവിടെ കൂടിയിരിക്കുന്ന പലരിലേക്കും സന്താപ തരംഗങ്ങൾ പടർത്തി.
“എന്തുപറ്റി നിന്റെ മോൾക്ക്?തെളിച്ചു പറാ”
ചന്ദ്രശേഖറിന്റെ ശബ്ദം അവിടെ ഉയർന്നു.
“ഇന്നലെ ഗ്രാമത്തിലെ കടയിൽ പാല് കൊണ്ടു കൊടുക്കാൻ പോയതാണ് ഭയ്യാ….പിന്നീട് ഒരു വിവരവുമില്ല എന്റെ മോളെ തട്ടിക്കൊണ്ടു പോയതാ”
“ആര്?”
“ജഗൻജ്ജായുടെ മകൻ”
“നിങ്ങൾക്കുറപ്പാണോ?”
ചന്ദ്രശേഖർ പുരികമുയർത്തി സംശയത്തോടെ നോക്കി.
“അതെ ഭയ്യാ ഉറപ്പാണ് ”
ആ സ്ത്രീ ഊറി വരുന്ന കണ്ണുനീര് തുടച്ചുകൊണ്ട് പറഞ്ഞു”
അതു കേട്ടതും ചന്ദ്രശേഖറുടെ മുഖം കോപം കൊണ്ട് ജ്വലിച്ചു.
“മുന്നാ……….”
അദ്ദേഹത്തിന്റെ അലർച്ച അവിടെ മുഴങ്ങി.
അവിടെ കൂടി നിന്നവരിൽ നിന്നും ആജാനുബാഹുവായ ഒരാൾ ചുവന്ന ബനിയനും ലുങ്കിയും ധരിച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു.
“ഭയ്യാ”
“മുന്നാ വൈകുന്നേരത്തിന് മുന്നേ ആ പെൺകുട്ടിയെ കണ്ടു പിടിക്കണം…അവൾക്ക് ഒരു പോറലുപോലും ഏൽക്കരുത്”
“ശരി ഭയ്യാ”
മുന്ന അദ്ദേഹത്തെ ഒന്നു വണങ്ങി.
അതിനു ശേഷം കുറച്ചു ഗഡാഗഡിയന്മാരുമായി തിരച്ചിലിനായി മതിൽക്കെട്ടും കടന്നു പുറത്തേക്ക് പോയി.
“അമിത്”
ചദ്രശേഖറുടെ നീട്ടിയുള്ള വിളി കേട്ട് മകൻ അമിത് അങ്ങോട്ടേക്ക് ഓടി വന്നു.
“ദാദ പറയ്”
“മോനെ നീയും നിന്റെതായ രീതിയിൽ അന്വേഷിച്ചോളൂ…..ആ പെൺകുട്ടിയെ ഉടനെ കണ്ടെത്തണം”
“ശരി ദാദ”
അമിത് തല കുലുക്കി.
അതിനു ശേഷം ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് വീടിന്റെ ഉള്ളറയിലേക്ക് പോയി.
അപ്പോഴും ആ വീടിന്റെ മുറ്റത്ത് ആളുകൾ തിങ്ങി നിൽപ്പുണ്ടായിരുന്നു.
ചന്ദ്രശേഖർ അവിടുന്ന് എണീറ്റു നേരെ ഉള്ളിലേക്ക് പോയി.
അദ്ദേഹത്തിന് പുറകെ ഉമാദേവിയും വന്നു.
“ഉമാ മഹി എവിടെ?”
“ചന്ദ്രഭയ്യാ അവൻ ആലിയ മോളെ കൂട്ടാനായി റെയിൽവേ സ്റ്റേഷനിലേക്ക് പോയി”
“പോയിട്ട് കുറെ നേരമായോ?”