“ടാ കാളി….”
അവള് പറഞ്ഞ് പൂർത്തിയാക്കും മുന്നേ ആരോ എന്റെ പേരും വിളിച്ച് എന്റെ മേത്തേക്ക് ചാടി. അവന് ഒട്ടും ഭാരം ഇല്ലാത്തത് കൊണ്ട് അവനേം കൊണ്ട് ഞാൻ നിലത്തേക്ക് വീണു. തല വന്ന് ഇടിച്ച വേദനയിൽ രണ്ട് കൊടുക്കാനായി ഞാനവനെ തിരിച്ച് കിടത്തി. അപ്പളാണ് ആ മൊതലിന്റെ മുഖം ഞാൻ കാണുന്നത്. 5 ആം ക്ലാസ് മുതൽ 10 ആം ക്ലാസ് വരെ പല പല ബെഞ്ചുകളിലായി ഒരുമിച്ചിരുന്ന് പഠിക്കാണ്ട് വായിനോക്കി തോളിൽ കൈയിട്ട് നടന്ന എന്റെ ഒരേയൊരു ചങ്ങ് അനൂപ്.
“അനൂപേ……..”
ഞാൻ എഴുന്നേറ്റു. അവനേം പൊക്കി എഴുന്നേൽപ്പിച്ചു.
“മുത്തേ……”
ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാ ഞാനും അവനും തമ്മിൽ കാണുന്നെ. കെട്ടിപ്പിടിച്ചു. എല്ല് പൊട്ടുന്ന കണക്ക് കെട്ടിപ്പിടിച്ചു.
“ടാ ടാ പുല്ലേ ശ്വാസം മുട്ടുന്നെടാ.”
അവസാനം ശ്വാസം മുട്ടി ചാവുന്നായപ്പോ ഞാനവനെ പിടിച്ച് മാറ്റി. കണ്ണ് ചുറ്റിനും ഒന്ന് പാളിയപ്പോ ഞാൻ കണ്ടത് ഇതെല്ലാം കണ്ട് ഞെട്ടിയിരിക്കുന്ന ബാക്കിയുള്ളവരെയാ.
“ഇതിപ്പോ എന്താ കഥ??”
കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്ണാണ് അത് ചോദിച്ചത്.
“അതെല്ലാം വഴിയേ പറയാം പൂച്ചേ.”
“ദേ ചെർക്ക എന്നെ പൂച്ചെന്ന് വിളിച്ചാലുണ്ടല്ലോ.”
“ഒന്ന് പോടി പെണ്ണേ നിന്നോട് വഴക്കിടാൻ ഇപ്പൊ നേരോല്ല. അളിയാ ഇവരെയെല്ലാരേം വഴിയേ പരിചയപ്പെടുത്തി തരാം. ഇപ്പൊ നീ വാ. ഒരുപാട് പറയാനുണ്ട്.”
അവനെന്നേം വലിച്ച് വെളിയിലേക്കിറങ്ങി. പോകുന്ന പോക്കില് എന്റെ കണ്ണ് മായയെയാണ് തിരഞ്ഞത്. കണ്ട് കിട്ടിയപ്പോ ആ മുഖത്ത് ഞാൻ കണ്ടത് ഞെട്ടലാണ്.
ഞങ്ങള് നേരെ ചെന്നത് അവനറിയാവുന്ന ഒരു ചായക്കടയിലേക്കാണ്.
“പിന്നെ എന്തൊക്കെയുണ്ട് അളിയാ വിശേഷങ്ങള്??”
രണ്ട് ചായക്ക് ഓർഡർ കൊടുത്ത് അവിടുത്തെ ബെഞ്ചിൽ ഇരിക്കുമ്പോ അവൻ തിരക്കി.
“സുഖം.”
“വീട്ടുകാരൊക്കെ സുഖായിട്ട് ഇരിക്കുന്നോ??”