അമ്മായി ആയിരുന്നു ലൈനിൽ. സത്യം പറഞ്ഞാൽ ഞാനും തുഷാരയും ഉള്ളതുകൊണ്ട് മാമന് ചെറിയ ബുദ്ദിമുട്ട് ഉണ്ടോ എന്നൊരു സംശയം. പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് നൈസായിട്ട് മുങ്ങാനുള്ള പരിപാടി ആണ്. അമ്മായി ഉണ്ടോ വിടുന്നു. അമ്മായി സംസാരിച്ച് കഴിഞ്ഞ് ഷിൽനയും കത്തിവയ്ക്കാൻ തുടങ്ങി. അവളോട് സംസാരിക്കുമ്പോൾ ആണ് മാമൻ ഒന്ന് സന്തോഷിച്ചു കാണുന്നത്. കാരണം അവൾ സംസാരിച്ച് വീഴ്ത്താൻ മിടുക്കി ആണല്ലോ. അവളുടെ കുസൃതി നിറഞ്ഞ സംസാരം ആരായാലും ഇഷ്ടപ്പെട്ടുപോകും. ഞങ്ങളുടെ കൂടെയാണ് യാത്ര എന്നറിഞ്ഞപ്പോൾ അവൾക്ക് തുഷാരയോട് സംസാരിക്കണം എന്നായി. തുഷാര പുറകിൽ ഇരുന്ന് ഷിൽനയുമായി കത്തി വയ്ക്കുന്നുണ്ട്. മുൻപ് എന്റെ കൂടെ കാറിൽ ഹോസ്പിറ്റലിൽ പോയിരുന്ന കഥയൊക്കെ പറഞ്ഞ് ചിരിച്ചു ഉല്ലസിക്കുകയാണ് രണ്ടാളും…
അമലൂട്ടാ….. ചവിട്ട്……..എന്ന് അലറിക്കൊണ്ട് മാമന്റെ കൈകൾ സ്റ്റിയറിങ് വളയത്തിൽ പിടുത്തമിട്ടതും വണ്ടി വലതു വശത്തേക്ക് വെട്ടി തിരിയുന്നതിനുള്ളിൽ, കണ്ണിലേക്ക് അടിച്ച ഹൈ ബീം ലൈറ്റ് എന്താണെന്ന് മനസിലാവുന്നതിനും മുൻപ് അത് സംഭവിച്ചു.
തുഫ്…….. പുറകിലെ സീറ്റിന്റെ മധ്യഭാഗത്തായി ഇരുന്ന തുഷാര തെറിച്ച് മുന്നിലെ ഗ്ലാസ്സിൽ ഇടിച്ചതും ഗ്ലാസ് പൊടിഞ്ഞു അവൾ വണ്ടിക്ക് പുറത്തേക്ക് തെറിക്കുന്നതും ഒരു മിന്നായം പോലെ കണ്ടു. ഉറങ്ങാൻ എന്നും പറഞ്ഞ് സീറ്റ് ബെൽറ്റ് അഴിച്ചിട്ട മാമനും മുന്നിലേക്ക് തെറിച്ച് ഉടൽ വെളിയിലും അരയ്ക്ക് താഴെ ഭാഗം വണ്ടിക്ക് അകത്തുമായി കിടക്കുന്നു. എയർ ബാഗുകൾ പൊട്ടി എന്റെ മുഖത്തേക്ക് പൊതിയുന്നതിനുള്ളിൽ എന്റെ കണ്ണുകളിൽ കൂടി ഇവർ രണ്ടും മിന്നി മറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വായിൽ നിന്നും ചോര പുറത്തേക്ക് തെറിച്ചിട്ടുണ്ട്. ഇടതുകൈ ഒടിഞ്ഞു തൂങ്ങിയതുപോലെ, എല്ലുകൾ നുറുങ്ങിയിരിക്കാം. അവ നിവർത്തുവാൻ സാധിക്കുന്നില്ല. സീറ്റ് ബെൽറ്റിന്റെ മാഹാത്മ്യം ഒന്നുകൊണ്ടു മാത്രം പുറത്തേക്ക് തെറിച്ചു വീണില്ല. സ്വബോധം വീണ്ടെടുത്ത ഞാൻ ഡോർ തള്ളിത്തുറന്ന് പുറത്തേക്ക് ഇറങ്ങുവാൻ നോക്കിയപ്പോൾ കാലുകൾ നിലത്ത് ഉറയ്ക്കുന്നില്ല. വേച്ചു വേച്ച് മുന്നോട്ട് നീങ്ങിയപ്പോൾ എന്റെ മുന്നിൽ റോഡിൽ തലയടിച്ച് ചോര വാർന്ന് കിടക്കുകയാണ് എന്റെ തുഷാര… അവളുടെ മാറിടം ഉയർന്നു താഴുകയാണ്, തലയും കയ്യും കിടന്ന് പിടയ്ക്കുന്നുണ്ട്. മാമൻ വണ്ടിയുടെ ബോണറ്റിൽ ചോരയൊലിപ്പിച്ച് അനക്കമില്ലാതെ കിടക്കുന്നു….
അമ്മേ……. ആഹ്,, ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ…
തുഷാരേ…. മോളേ……. എണീക്ക് മുത്തേ….. ഒന്നുമില്ല,,,,, വാവേ…
വാവേ…… കണ്ണ് തുറക്ക്….
കാലുകൾ കഴഞ്ഞ് അവളുടെ അടുത്ത് വീണ ഞാൻ അവളെ താങ്ങിയെടുത്ത് എന്റെ മടിയിൽ തലവച്ചു കിടത്തി… ദീർഘ ശ്വാസം വലിച്ചുകൊണ്ട് എന്റെ