അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Posted by

“ഹരി “
“ഉം”
“ഞാന്‍ ഇനി തിരിച്ചു പോണോ ഹരി..ഇവിടെ തന്നെ നിന്നാല്‍ പോരെ…ഹരി പോയി പഠിച്ചു ഡോക്ടര്‍ ആയി വാ ഞാന്‍ ഇവിടെ നില്‍ക്കാം ”
“ഹാ ഇതാ ഞാന്‍ നിന്നെ ഇങ്ങോട്ട് കൂട്ടാന്‍ ആദ്യം മടിച്ചത്..എനിക്കിതറിയായിരുന്നു “
“ഇല്ല..ഇല്ല..ഞാന്‍ വരുന്നുണ്ടുന്നെ…പഠിച്ചു ഡോക്ടര്‍ ആയിട്ട് ഞാന്‍ വന്നോളം..എന്‍റെ പോന്നോ ”
അഞ്ജലി ഹരിയുടെ കവിളില്‍ പിടിച്ചു പതിയെ കുലുക്കി
ഹരി വീണ്ടും ഒന്ന് അകത്തേക്ക് പാളി നോക്കിയിട്ട് അഞ്ജലിയുടെ ചുണ്ടില്‍ ചുംബിച്ചു..അഞ്ജലി ഹരിയെ തള്ളി മാറ്റി..
“മോന്‍ പോയെ …വല്ലവരും കണ്ടാല്‍ …അങ്ങനെ എന്‍റെ മോനിപ്പോ കട്ട് തിന്നാന്‍ നില്‍ക്കണ്ട..കേട്ടോ…”
അഞ്ജലി അത് പറഞ്ഞു നാണത്തില്‍ കുതിര്‍ന്ന മുഖവുമായി ഹരിയുടെ കവിളില്‍ ഉമ്മ കൊടുത്തുകൊണ്ട് അകത്തേക്ക് നടന്നു ..
വൈകിട്ട് അമ്മയുടെ നിര്‍ദേശ പ്രകാരമാണ് അഞ്ജലിയും ഹരിയും അടുത്തുള്ള കാവിലേക്ക് വിളക്ക് വക്കാന്‍ പോയത് …സെറ്റ് സാരി ഉടുത്ത് അഞ്ജലി സുന്ദരി ആയിരുന്നു..വെള്ള മുണ്ടും നീല ഷേര്‍ട്ടും ഇട്ട ഹരിയും ഒട്ടും പുറകില്‍ അല്ലായിരുന്നു..
ഒരു പാടത്തിന്‍റെ വശത്ത്‌ കാടിനോട്‌ ചേര്‍ന്നായിരുന്നു ആ കാവ്..അവിടെ വലിയൊരു ആല്‍മര ചുവട്ടില്‍ ചെറിയൊരു കാവ്…നിറയെ വള്ളിപടര്‍പ്പുകളും ആല്‍മരത്തിന്റെ വലിയ തൂങ്ങി നില്‍ക്കുന്ന വേരുകളും…കാടിന്‍റെ ഈണവും അരികിലൂടെ എവിടെയോ ആഴി ഒരുഴുകുന്ന ആ അരുവിയുടെ നാദവും കൂടെ അവിടം മനോഹരമായിരുന്നു
അവിടെ അഞ്ജലിയും ഹരിയും ചേര്‍ന്ന് വിളക്ക് വച്ചു,..തൃസന്ധ്യയില്‍ ആ വിളക്കുകള്‍ തെളിഞ്ഞതോടെ ആ കാവിന്‍റെ ഭംഗി ഇരട്ടിച്ചു…
അഞ്ജലിയും ഹരിയും കണ്ണുകള്‍ അടച്ചു പ്രാര്‍ത്തിച്ചു…ദൈവമേ ഹരി എന്നും എന്‍റെ മാത്രം ആയിരിക്കണേ എന്ന് മാത്രമാണ് അഞ്ജലി പ്രാര്‍ഥിച്ചത് ..
“അഞ്ജലി”
ഹരിയുടെ വിളി ആണ് അഞ്ജലിയെ കണ്ണ് തുറപ്പിച്ചത് ..അവള്‍ ഹരിയെ നോക്കി ..
“അഞ്ജലി…അപൂര്‍ണമായി നമ്മുടെ ഇടയില്‍ എന്തെങ്കിലും ഉണ്ടെന്നു നിനക്ക് തോന്നുനുണ്ടോ ?”
ഹരിയുടെ ചോദ്യം ശെരിക്കും മനസിലാകാതെ അഞ്ജലി ഹരിയെ നോക്കി .
“അല്ല നമ്മുടെ ഇടയില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടോ എന്ന്”
“എനിക്ക് മനസിലായില്ല ഹരി “
അത് പറഞ്ഞു തീരുമ്പോഴേക്കും ഹരി തന്‍റെ പോക്കറ്റില്‍ നിന്നും മഞ്ഞ ചരടില്‍ തീര്‍ത്ത ഒരു താലി മാല അഞ്ജലിയുടെ മുന്നിലേക്ക്‌ കാണിച്ചു…അഞ്ജലി ഒരു നിമിഷം സന്തോഷകൊണ്ടും ആകാംക്ഷയും തെല്ലു പരിഭ്രമവും എല്ലാം കൊണ്ട് മറ്റൊരു ഭാവത്തില്‍ ആയി ..
“ഇനി ഇതിന്‍റെ ഒരു കുറവ് മാത്രം നമുക്കിടയില്‍ വേണ്ട…എന്‍റെ അഞ്ജലിയെ സ്വന്തമാക്കാന്‍ നിന്‍റെ അല്ലാതെ എനിക്ക് മറ്റൊരാളുടെ സമ്മതം ആവശ്യം ഇല്ല “
“എന്‍റെ സമ്മതം അത് നിനക്ക് ഞാന്‍ എന്നെ തന്നു കഴിഞ്ഞു ഹരി “
“എങ്കില്‍ ഈ സായന സന്ധ്യയില്‍ ഞാന്‍ എന്നും തിരി വച്ച് വണങ്ങുന്ന എന്ന കാവിലമ്മയുടെ മുന്നില്‍ വച്ച് ഞാന്‍ എന്‍റെ അഞ്ജലിയെ സ്വന്തമാക്കുന്നു..”
അത് പറഞ്ഞുകൊണ്ട് അഞ്ജലിയുടെ കഴുത്തില്‍ ഹരി താലി ചാര്‍ത്തി ..അഞ്ജലി കണ്ണുകള്‍ അടച്ചു കൈകള്‍ കൂപ്പി പ്രാര്‍ത്തിച്ചു നിന്നു…അഞ്ജലി ഹരിയുടെതായ സന്തോഷത്താല്‍ ആ വലിയ ആല്‍മരം ചെറുതായൊന്നു ഇളകിയപ്പോള്‍ കാവിലമ്മയുടെ അനുഗ്രഹമെന്നപ്പോലെ അല്‍പ്പം ആലിലകള്‍ അവരുടെ മേല്‍ പൊഴിഞ്ഞു വീണു …

Leave a Reply

Your email address will not be published. Required fields are marked *