അങ്ങിനെ ഉച്ചയ്ക്ക് ഒരു 12.30 മണിയോടു കൂടി ഞങ്ങൾ കോഴിക്കോട് ടൗണ്ണിൽ എത്തി. അവിടെ നിന്ന് വില്ലയിലേയ്ക്കു പോകാനുള്ള റൂട്ട് മാപ്പ് മാനേജർ വിനോദേട്ടൻ വാട്ട്സ്അപ്പിൽ അയച്ചു തന്നിരുന്നത് കൊണ്ടു പിന്നെ മാപ്പിൽ നോക്കിയായി പിന്നെ അങ്ങോട്ടുള്ള യാത്ര. എന്തോ ഭാഗ്യത്തിന് ഇപ്രവാശ്യം ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചില്ല ഒരു പത്തിരുപത് മിനിറ്റു കൊണ്ട് ഞങ്ങൾ ‘കോയൽ വില്ലാസ്’ ന്റെ പ്രവേശന കവാടത്തിനു മുൻപിലെത്തി. അവിടെ എത്തി കഴിഞ്ഞാൽ സന്തോഷിനെ വിളിക്കാൻ ആണ് വിനോദ് ഏട്ടൻ പറഞ്ഞത്. അതനുസരിച്ച് ഞാൻ സന്തോഷിന്റെ നമ്പർ വിനോദേട്ടൻ തന്നത് ഫോണിൽ നിന്ന് തപ്പിയെടുത്ത് വിളിച്ചു.
ഞങ്ങൾ ഇവിടെ എത്തിയിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞതോടെ പുള്ളി ദാ വരുന്നൂന്ന് പറഞ്ഞ് ഫോൺ വെച്ചു.
ഒരു അഞ്ച് മിനിറ്റിനുള്ളിൽ ഒരു ചാര കളർ ഷർട്ടും ഒരു കറുത്ത പാൻറ്സും ധരിച്ച് ഒരു നാല്പ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു ഇരു നിറത്തിലുള്ള കക്ഷി കാറിനടുത്തേയ്ക്ക് നടന്ന് വന്നു.
കക്ഷിയെ കണ്ടതോടെ ഞാൻ കാറിൽ നിന്നും പുറത്തിറങ്ങിയിട്ട് ചിരിച്ചു കൊണ്ട് “സന്തോഷേട്ടനല്ലേന്ന് ” ചോദിച്ചു കൊണ്ട് ഷേക്ക് ഹാന്റ് കൊടുക്കാനായി കൈ നീട്ടി. അതോടെ പുള്ളി ചിരിച്ച് കൊണ്ട് എന്റെ കൈ കവർന്ന് പിടിച്ചു കൊണ്ട് “അതേയെന്ന് ” പറഞ്ഞു.
” സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ ” പുള്ളി ചിരിച്ചു കൊണ്ട് ചോദിച്ചു.
” വിനോദേട്ടൻ വാട്ട്സ് അപ്പിൽ ലൊക്കേഷൻ ഷെയർ ചെയ്തു തന്നതോണ്ട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല”
ഞാൻ സന്തോഷിന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
“ദാ…. ആ കാണുന്നതാണ് നിങ്ങളുടെ വില്ല. നമ്മുക്ക് അങ്ങോട്ടേയ്ക്ക് നീങ്ങാം” സന്തോഷ് പിറകിലോട്ട് തിരിഞ്ഞ് വില്ല ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.”
വെള്ള പെയിന്റടിച് കണ്ടമ്പററി ഡിസൈനിലുള്ള ഞങ്ങളുടെ വില്ല കണ്ടതോടെ എത്രയും പെട്ടെന്ന് അതിന്റെ മുന്നിലെത്താൻ എന്റെ മനസ്സ് തുടിച്ചു.
വില്ലയിലേയ്ക്ക് നീങ്ങാനായി ഷേക്ക് ഹാൻറ് ചെയ്ത് ചേർത്ത് പിടിച്ച സന്തോഷിന്റെ കൈ പതിയെ വിട്ടിട്ട് ഞാൻ സന്തോഷിനോട് “സന്തോഷേട്ടൻ നടന്നോ ഞാനിപ്പോ വരാന്ന്” പറഞ്ഞിട്ട് കാറിൽ കയറി.
ഞാൻ കയറിയിരുന്ന പാടേ അനു:
” ആദി, നമ്മുടെ വില്ല കൊള്ളം ലേ” പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
” പിക്ചറിൽ കണ്ട പോലെ അല്ല നേരിട്ട് കാണാൻ അതിനെക്കാൾ സൂപ്പറാ” ഞാൻ പെണ്ണ് പറഞ്ഞതിനെ പിന്താങ്ങി.
“വേഗം വണ്ടിയെടുക്ക് മോനു എനിക്ക് നമ്മുടെ പുതിയെ വീട് കാണാൻ ത്രില്ലടിച്ച് ഇരിക്ക്യാണ് ” പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് കുലുക്കി.