“അത് ശരി നീ അല്ലേ ഈ കളിയാക്കിയുള്ള സംസാരം തുടങ്ങിയെ?എന്നിട്ട് ഞാൻ ഒന്ന് കളിയായി പറഞ്ഞപ്പോഴെയ്ക്കും നിനക്ക് ഇത്ര കൊള്ളാൻ മാത്രം ഞാനൊന്നും പറഞ്ഞിട്ടില്ല” ഞാനും കലിയിളകി അനുവിനോട് പറഞ്ഞു.
“നീ മിണ്ടണ്ട എന്നോട്” പെണ്ണ് ദേഷ്യത്തിൽ പറഞ്ഞിട്ട് തല വെട്ടിച്ചു ഇരുപ്പായി.
“അതാ നല്ലത് കുറച്ച് നേരം എനിക്കൊരു മനസ്സമാധാനം കിട്ടൂലോ” ഞാനും ദേഷ്യത്തിൽ പറഞ്ഞു.
അനു ആയിട്ട് ഉണ്ടായ പിണക്കത്തിന്റെ ദേഷ്യം ഞാൻ പിന്നെ തീർത്തത് മൊത്തം കാറിന്റെ ആക്സിലേറ്ററിലാണ്. പുതിയ കാർ ആദ്യത്തെ സർവ്വീസിന് മുൻപ് 80 kmph മുകളിൽ ഓടിക്കരുതെന്ന് പറഞ്ഞതൊക്കെ ഞാനങ്ങ് മറന്നു. റോഡിൽ കൂടി പിന്നെ ഒരു കാർ റേസ് ആണ് ഞാൻ നടത്തിയത്. മുന്നിൽ പോകുന്ന വണ്ടികളെയൊക്കെ നിർത്താതെ ഹോണടിച്ച് ഓവർടേക്ക് ചെയ്ത് ഒരു ഓട്ടപാച്ചിലാണ് കാർ കൊണ്ട് നടത്തിയത്. കാറിന്റെ സ്പീഡ് കൂടിയതോടെ അനു അവളുടെ ഇടത് വശത്തുള്ള റൂഫ് ഹാൻഡിലിൽ മുറുക്കെ പിടിച്ച് ഇരുന്നിട്ട് എന്നെ പേടിയോടെ നോക്കി. പിണക്കം കാരണം കക്ഷിയ്ക്ക് എന്നോട് ഒന്നും പറയാനും പറ്റുന്നില്ല.
കുറച്ച് മുന്നിലെത്തിയപ്പോൾ കാറിന്റെ മുൻപിൽ റോഡ് നിറഞ്ഞ് ഇരുമ്പ് കേറ്റിയ ഒരു വലിയ ലോറി പോകുന്നുണ്ടായിരുന്നു ആ ലോറിയുടെ വലത് ഭാഗത്ത് കൂടിയുള്ള ട്രാക്കിൽ കൂടി ഒരു ടാങ്കർ ലോറിയും ഒരേ ദിശയിൽ പോകുന്നുണ്ട്. ഞാൻ അവ രണ്ടിനേയും ഓവർടേക്ക് ചെയ്യാനായിട്ട് മൂന്ന് ട്രാക്ക് ഉള്ള ഹൈവേ റോഡിൽ അപ്പോൾ നടുവിലുള്ള ട്രാക്ക് മാത്രമേ ഒരു കാറിന് കഷ്ടിച്ച് കേറി പോകാനുള്ള സ്ഥലമുണ്ടായിരുന്നത്. കാറിന്റെ ഹോൺ നീട്ടി പിടിച്ച് അടിച്ചിട്ട് ഞാൻ ആ രണ്ട് ലോറികൾക്ക് ഇടയിലൂടെ ഫാസ്റ്റ് & ഫ്യൂരിയസ് സിനിമയിലെ കാർ വച്ചുള്ള ആക്ഷൻ രംഗങ്ങളെ ഓർമിപ്പിക്കുന്ന വിധം കാർ പായിച്ച് കേറ്റി. ഇത് കണ്ട് പേടിച്ചു നിലവിളിച്ച അനു സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്ന എന്റെ ഇടത്തെ കൈയ്യിൽ മുറക്കെ പിടിച്ച് കൊണ്ട്
” ആദി പതുക്കെ പോക് മോനെ എനിക്ക് പേടിയാകുന്നൂന്ന് വിറയാർന്ന സ്വരത്തിൽ പറഞ്ഞോണ്ടിരുന്നു. അപ്പോഴത്തെ ദേഷ്യത്തിൽ ഞാനവള് പറയുന്നതൊന്നും കേൾക്കാൻ നിക്കാതെ കാറ് വച്ചുള്ള അഭ്യാസം തുടർന്നു.
രണ്ട് ലോറികൾക്ക് ഇടയിലൂടെ മറി കടന്ന് കാറ് മുന്നിലെത്തിയതോടെ ആ രണ്ട് ലോറിയുടെയും ഡ്രൈവർമാർ ‘ആർക്ക് വായ ഗുളിക വാങ്ങാനാ ഞാൻ പായുന്നേന്നുള്ള’ അർത്ഥത്തിൽ ലോറിയുടെ ഹോൺ നീട്ടി അടിച്ചു പിടിച്ചു. ഞാനതൊന്നും ഗൗനിക്കാതെ കാർ ഒരു 100-110 സ്പീഡിൽ ചവിട്ടി വിട്ടു. അനു എന്റെ റാഷ് ഡ്രൈവിംഗ് കണ്ട് പേടിച്ച് കൊണ്ട് കൈയ്യിലുള്ള കർച്ചീഫ് വച്ച് കണ്ണ് പൊത്തി ഇരിക്കുകയാണ്. കുറച്ച് നേരം എടുത്താണ് എന്റെ തലയിൽ ഇരച്ച് കയറിയ ദേഷ്യം ഒന്നടങ്ങിയത് അതോടെ കാറിന്റെ വേഗതയും ഞാൻ കുറച്ചു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ അനു ഏങ്ങലടിച്ച് കരയുന്ന ശബദം കേട്ടതോടെ അവളോട് ഒന്നും വേണ്ടിയിരുന്നില്ലാന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്.