ങേ ആരാണിപ്പൊ ഇതു മ്മടെ ഉമ്മറത്തു വരെ കേറി നിക്കണതു . . ആരാണു വിളിക്കാതീം പറയാതീം ഇങ്ങളു ഉമ്മറത്തു കേറി ഇരിക്കണതു എന്തിനാണു മന്‍സാ ഖദീജാ . .
വളരെ വിഷമത്തോടെ ബീരാനൊന്നു വിളിച്ചു . തന്റെ പേരു വിളിച്ചപ്പൊ ഖദീജ ഒന്നു കൂടി സൂക്ഷിച്ചു നോക്കി ന്റെ മമ്പൊര്‍ത്തെ തങ്ങളെ ബീരാനിക്കയല്ലെ ഈ നിക്കണതു .
ഖദീജ ഒന്നുകൂടി സൂക്ഷിച്ചു നോക്കി . അതെ ബീരാനിക്കാ തന്നെ . അവര്‍ക്കെന്തു പറയണമെന്നു പോലുമറിയാതെ വായും പൊളിച്ചു നിന്നു . ബീരാന്‍ ഖദീജയെ നോക്കി ഒന്നു പുഞ്ചിരിച്ചു . അവളപ്പോഴും ആകെയൊരു അമ്പരപ്പിലായിരുന്നു നിന്നതു . ഖദീജ പെട്ടന്നു തന്നെ അടുക്കളപ്പുറത്തേക്കു തന്നെ തിരിഞ്ഞോടി പോയി അതു കണ്ട ബീരാനു വിഷമമായി വരേണ്ടായിരുന്നു . ഇത്രയും വര്‍ഷം ഒന്നു തിരിഞ്ഞു പോലും നോക്കാതിരുന്നിട്ടു ഇപ്പൊ വലിഞ്ഞു കേറി വന്നാല്‍ അവരു സന്തോഷത്തോടെ സ്വീകരിക്കുമെന്നു വിചാരിച്ചതു തന്നെ തെറ്റാണു . അയാള്‍ തളര്‍ന്ന മനസ്സോടെ താങ്ങാന്‍ പറ്റാത്ത കുറ്റബോധത്തോടെ ആ വീടിന്റെ പടികളിറങ്ങി .
ഇങ്ങളു പോവാണൊ..
ശബ്ദം കേട്ടു ബീരാന്‍ തിരിഞ്ഞു നോക്കി ഖദീജ അകത്തു കൂടി ഉമ്മറത്തെ വാതിലിനടുത്തു വന്നു നിന്നാണു ചോദിക്കുന്നതു .
ഞാന്‍ വെറുതെ ഖദീജ പെട്ടന്നു പോയപ്പൊ ഞമ്മളു കരുതി വന്നതിഷ്ടാവാഞ്ഞിട്ടാന്നു . . അതുകൊണ്ടു പോകാന്നു കരുതി . . എന്നോടു നല്ലോണം ദേഷ്യമുണ്ടെന്നു അറിയാം കാലം കുറെയായില്ലെ . .
ഞാനെന്തിനാ ദേഷ്യപ്പെടുന്നതു .എനിക്കാരോടും ദേഷ്യമില്ല . . പോയവരൊക്കെ ഒരിക്കാല്‍ തിരിച്ചു വരുമെന്നു എനിക്കു തോന്നി . എന്തായാലും വന്നതല്ലെ കേറിയിരിക്ക് . ഇവിടെ വന്നവരെ ആരേയും ഞാനിറക്കി വിട്ടിട്ടില്ല .
ബീരാന്‍ വീണ്ടും ഉമ്മറത്തേക്കു കയറി അവിടിരുന്ന ഒരു കസേരയിലിരുന്നു .
നിനക്കെന്നോടു ദേഷ്യമൊന്നുമില്ലെന്നു അറിഞ്ഞപ്പൊ വലിയൊരു ഭാരം എന്റെ മനസ്സീന്നു പോയി ഖദീജാ . .