വെപ്രാളത്തോടെ ആ കുഞ്ഞിനെ എന്റെ തോളിൽ നിന്ന് വലിച്ച് കയ്യിലെടുത്ത് അവളുടെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് കണ്ണടച്ചു നിന്നു.. ഞാൻ ചോദിച്ചു..
“എന്താണുണ്ടായത്?..”
അവിടെയുള്ള കുറച്ചുപേർ ഞങ്ങളെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു..
“താൻ എവിടെപ്പോയതാ??”
അവൾ മുഖം ചുളിച്ചു.
“എന്താ? എന്തു പറ്റി ഇങ്ങനെ ചോദിക്കാൻ..?”
ഞാൻ വീണ്ടും ചോദിച്ചു. അവളെന്റെ മുഖത്തേക്ക് അരിശത്തോടെ നോക്കിക്കൊണ്ട് കുഞ്ഞിനേയും ചേർത്തു മാറോടണച്ചു കൊണ്ട് നിന്നു.. എനിക്ക് ചെറുതായി ദേഷ്യം തോന്നിത്തുടങ്ങി.. ഞാനല്പം ശബ്ദമുയർത്തി..
“നിങ്ങൾ അവിടെ ഇരുന്ന് ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു.. ആ നഴ്‌സ് വന്നിട്ട് എന്നോടിത് പെട്ടെന്ന് വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു.. അതിനാ ഞാൻ പോയത്..”
ഞാൻ സംസാരിക്കുമ്പോൾ ആ പാക്കറ്റ് കാണിച്ചു..
“ഹ്.. ഓ..”
ഞാനവളെ അമ്പരപ്പിച്ചുവെന്നു തോന്നുന്നു.. അവളറിയാതെ ചൂളിക്കൊണ്ട് അവളുടെ മേൽചുണ്ട് കടിച്ചുപോയി..
“എന്ത് ഓ..? നിങ്ങൾക്കിത് ആവശ്യമുണ്ടോ? ആവശ്യമില്ലെങ്കിൽ ഞാൻ പോയി ഇതിനു കൊടുത്ത പണം തിരികെ ലഭിക്കുമോ എന്നറിഞ്ഞിട്ട് വരാം..”
ഞാൻ സംസാരിക്കുമ്പോളാ പാക്കറ്റ് കുലുക്കുകയായിരുന്നു..
“ഇല്ല.. എനിക്ക് വേണം.. ക്ഷമിക്കണം സാർ.. ഞാനൊന്നും ഓർക്കാതെ പെട്ടെന്ന് ദേഷ്യപ്പെട്ടു പോയതാണ്..”
സംസാരിക്കുമ്പോൾ അവളെന്റെ കണ്ണുകളിലേക്ക് നോക്കി..
“ഞാൻ ഉറക്കമുണർന്നപ്പോൾ എനിക്ക് നിങ്ങളെ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല.. എന്റെ മോനെയും.. ഞാൻ വിചാരിച്ചു…”
അവൾ നിർത്തി. എനിക്കത്രയും മതിയായിരുന്നു.. തൃപ്തിയായി..
“..വിചാരിച്ചു, ഞാൻ നിങ്ങളുടെ കുട്ടിയെയും എടുത്തു കൊണ്ട് മുങ്ങിയെന്ന്, അല്ലേ..?”
ഞാനെന്റെ കോപം മറച്ചുവെച്ചില്ല.
“എന്നോടു ക്ഷമിക്കണം സാർ.. ഞാനങ്ങനെ.. അങ്ങനെ ചിന്തിച്ചു പോയി..”
അവൾ നിസ്സഹായയായി പറഞ്ഞു കൊണ്ട് എന്നെ നോക്കി.. എന്നാൽ അവളുടെ സാന്നിധ്യം പൂർണ്ണമായും നിരാകരിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക് നടക്കാൻ തുടങ്ങി. ഓപ്പറേഷൻ തിയേറ്ററിനു മുന്നിലെത്തുന്നതുവരെ അവളും തല താഴ്ത്തിക്കൊണ്ട് എന്റെ പുറകിലായി നടന്നു..