“അല്ല എന്താ പെട്ടന്ന് ഓഫ്‌നേജിന്ന് പോന്നേ?? എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നോ??”
“അഹ് ചെറിയൊരു കാര്യം ഉണ്ടായിരുന്നു.”
ചേച്ചിയാണ് അതിന് മറുപടി കൊടുത്തത്. നേരത്തെ പറന്ന് പോയ കിളി ഇപ്പോഴും തിരിച്ച് വരാത്തതിനാൽ എനിക്കൊന്നും പറയാൻ സാധിച്ചില്ല.
“ഇനിയിപ്പോ എന്നാ ഡിസ്സ്‌ചാർജ്??”
“നാളെ തരൂന്ന പറഞ്ഞേ.”
“അഹ്. ഇവിടെ വന്ന് കണ്ണനെ കണ്ടപ്പളാ കാര്യങ്ങൾ ഒക്കെ അറിയണെ. അതുകൊണ്ട് കാര്യായിട്ട് ഒന്നും വാങ്ങാൻ പറ്റിലാ.”
“ഏയ് എന്തിനാ മോളെ വെറുതെ പൈസ കളയണെ??”
“ചേച്ചി, ഇന്ന് ഒറ്റ ദിവസം കണ്ട പരിചയമേ നമ്മക്കിടയിൽ ഉളളൂ. പക്ഷെ നിങ്ങളൊക്കെ എന്റെ സ്വന്തം ആണെന്ന് ആരോ ഉള്ളിലിരുന്ന് പറയുമ്പോലെ. എന്നെ ഒരനിയത്തി ആയി തന്നെ കണ്ടോ ചേച്ചി.”
“അങ്ങനെ തന്നെയാ ഞങ്ങൾക്കും. നീ പറയാതെ തന്നെ ഞാൻ നിന്നെ അനിയത്തിയായി കണ്ടുകഴിഞ്ഞു.”
“ഞാൻ ചേച്ചിക്ക് എന്തെങ്കിലും വേടിച്ചിട്ട് വരട്ടെ??”
“എനിക്കൊന്നും വേണ്ട മോളെ.”
“അത് പറഞ്ഞ പറ്റില്ല. ഞാൻ ക്യാന്റീനിന്ന് നല്ല ചൂട് ഉഴുന്ന് വട വാങ്ങിട്ട് വരാം.”
“വാവേ……ടാ.”
സത്യം പറഞ്ഞാൽ നേരത്തെ പോയ കിളി ചേച്ചി വിളിച്ചപ്പോള തിരിച്ചെത്തിയെ. അവര് പറഞ്ഞതൊക്കെ ഒരു സ്വപ്നം പോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കിയപ്പോ മായ പോകാൻ പോണു. അവളെന്നെ നോക്കി ചിരിച്ചു. എനിക്കും അവളെ നോക്കി ചിരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അവള് ചിരിച്ചപ്പോ തന്നെ എന്റെ ശരീരം ആകെമൊത്തം മരവിച്ച അവസ്ഥയിലായി. അവള് പോയപ്പോ എന്തോ നല്ല മണം ആയിരുന്നു. അതേത് പൂവിന്റെയാണ് എന്നൊന്നും അറിയില്ല. പക്ഷെ എനിക്കിഷ്ട്ടയി. അവള് പോയിട്ടും ഞാനാ വാതിൽക്കലേക്ക് നോക്കി നിന്നു.
“വാവേ……”
ചേച്ചിയുടെ ഒരുമാതിരിയുള്ള വിളി കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കുന്നെ. അപ്പൊ കണ്ടത് ഒരാക്കിയ ചിരിയും മുഖത്ത് ഫിറ്റ് ചെയ്ത് എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെയാണ്.
“ഊറ്റിയത് മതിട്ടോ. അവള് പോയിട്ട് കുറേനേരമായി.”
“ഓഹ്.”