“മോനെ കണ്ണാ…..”
കുറച്ച് നേരത്തിന് ശേഷം അച്ഛൻ എന്നെ വിളിച്ചു.
“എന്താ അച്ഛാ??”
“അപ്പൊ ഞങ്ങള് ഇറങ്ങുവാ. ഇരുട്ട് വീഴും മുന്നേ വിട് പിടിക്കട്ടെ.”
“എഹ് നിങ്ങള് പോവാണോ??”
“അഹ് നേരത്തെ ഡോക്ടർ വന്നു. നാളെ ഡിസ്സ്‌ചാർജ് ചെയ്യാം എന്ന് പറഞ്ഞു. ഇന്ന് രാത്രി ചിലപ്പോ trip ഇടും. ഇന്ന് രാത്രി ഞാൻ നിക്കാന്ന് വിചാരിച്ചതാ അപ്പൊ ഇവളാ പറഞ്ഞേ നീ നിന്നോളൂന്ന്.”
അത് കേട്ടതും ഞാനവളെ നോക്കി. എന്റെ നോട്ടം കണ്ടതും തലയും ചൊറിഞ്ഞ് അവളകാശത്ത്നക്ഷത്രം നോക്കുന്നു. അപ്പോ ഇന്നത്തെ ഉറക്കം ഗോവിന്ദ. ഈ മറുതക്ക് വേണ്ടി ഉയിര് വരെ കൊടുക്കാൻ ഞാൻ തയ്യാറാ, അത് വച്ച് നോക്കുമ്പോ ഉറക്കൊക്കെ എന്ത്.
“എന്നാ പിന്നെ ഞങ്ങള് ഇറങ്ങട്ടെ, രാവിലെ വരാം മോളെ. പോട്ടെ.”
“Mm”
അവളോട് യാത്രയും പറഞ്ഞ് അവര് പുറത്തേക്കിറങ്ങി. കൂടെ ഞാനും.
“പോട്ടെ കണ്ണാ”
ഞാൻ തലയാട്ടി.
“മോനെ കണ്ണാ അമ്മേടെ സ്വഭാവം അറിയാലോ നിനക്ക്?? ഞാൻ നേരത്തെ പറഞ്ഞത് കുറച്ച് കൂടി പോയെന്ന് അറിയാം. പോട്ടെട്ടോ. നീ അവളെ സ്നേഹിക്കുന്ന കാണുമ്പോ ചിലസമയത്ത് എനിക്ക് പോലും അസൂയ തോന്നിട്ടുണ്ട്. ഒന്നും മനസ്സിൽ വച്ചേക്കണ്ടട്ടോ. ഞങ്ങള് ഇറങ്ങുവാ. നാളെ രാവിലെ വരാം. അവളെ നോക്കിക്കോണം എന്ന് പറയണ്ട ആവശ്യം ഇല്ല, എന്നാലും പറയുവാ ഒന്ന് ശ്രദ്ധിച്ചോണെ.”
അമ്മയുടെ വാക്കുകൾക്ക് സന്തോഷപൂർവം ഞാൻ തലയാട്ടി. അത്രയും പറഞ്ഞ് അവരവിടെ നിന്നിറങ്ങി. അവര് പോകുന്നതും നോക്കി ഞാനവിടെ നിന്നു. പിന്നെ തിരിച്ച് റൂമിനുള്ളിലേക്ക് കേറി. അവിടെ കണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു കളഞ്ഞു. അച്ഛൻ എനിക്ക് തിന്നാൻ തന്ന വട. ഞാൻ പിന്നീട് തിന്നാനായി മാറ്റി വച്ചതായിരുന്നു. അത് ആസ്വദിച്ച് കഴിക്കുന്ന എന്റെ പുന്നാര പെങ്ങൾ. കരഞ്ഞുപ്പോയി ഞാൻ.
“ടി……”
ഞാനലറി. ഹോസ്പിറ്റൽ ആണെന്ന് പോലും നോക്കില്ല. എന്റെ അലർച്ച കേട്ട് അവളൊന്ന് ഞെട്ടി.
“എന്താ വാവേ….”