യുഗം 15 [Achilies]

Posted by

“ഞാൻ പിന്നെ എന്ത് വേണം……..ഒരിക്കൽ ഇനിയും നിന്നെയും അവളുമാരെയും തേടി വരാൻ സാധ്യതയുള്ള അവന്മാരെയും പേടിച്ചു ജീവിതം മുഴുവൻ ഉരുകണോ……അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞു പിന്നെ അതോർത്തു നീറി ജീവിക്കണോ….ഇപ്പോൾ ഒരിക്കൽ അവർ ഉണ്ടാക്കിയ മുറിവും പേറി നടക്കുന്ന പോലെ….
എനിക്ക് മനസ്സില്ല അതിനു. ഒരിക്കൽ വീണതാ ഞാൻ ഇനി ഒരിക്കൽ കൂടി നഷ്ടം സഹിക്കാൻ വയ്യ ഇനി നഷ്ടപ്പെട്ടാൽ അതിന്റെ വ്യാപ്തി നിനക്കും അറിയാല്ലോ. ഒരിക്കൽ കൂടി ഞാൻ അനുഭവിച്ചാലും നീ ഒക്കെ സന്തോഷത്തോടെ കഴിഞ്ഞാൽ മതീന്നേ എനിക്കുണ്ടായിരുന്നുള്ളൂ.
അതിനു വേണ്ടിയാ ഞാൻ ഇതെല്ലാം ചെയ്തേ….”

കാർ ആപ്പോഴേക്കും ഞാൻ സൈഡിൽ ഒതുക്കി ഇരുന്നു, ചുണ്ടിനിടയിലൂടെ നാവിൽ തൊട്ട ഉപ്പുവെള്ളം പതിയെ ഇറക്കുമ്പോഴും ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞുകൊണ്ടിരുന്നു.

“ഹരി പ്ലീസ് എനിക്ക് പെട്ടെന്ന്, ആഹ് ഒരു അവസ്ഥയിൽ…………എനിക്കറിയില്ലെടാ…….”

സീറ്റിൽ നിന്നും ഒന്നുയർന്നു എന്റെ നെഞ്ചിലേക്ക് ചാരി കിടന്നു വസൂ വിങ്ങി പൊട്ടി.

“ഞങ്ങൾക്ക് ഇനി നീ മാത്രേ ഉള്ളു….നീ കൂടി പോയാൽ പിന്നെ എന്തിനാ ഞങ്ങൾ ഇവിടെ ബാക്കി നിക്കണേ…..നിന്നോട് ഇത് പറയാണ്ടാന്നു വെച്ചതാ, ഇതുവരെ അറിയിക്കാതെ നിന്റെ മുന്നിൽ ഇനിയും അഭിനയിക്കാന്ന് തന്നെ കരുതീതാ…… നീ പോയപ്പോ തൊട്ടു ഗംഗ വയറ്റിൽ കൊച്ചിനേം വെച്ചോണ്ട് നിന്റെ കാര്യത്തിൽ ടെൻഷൻ അടിക്കുന്നത് കണ്ടും തളർന്നു പോവാതെ പിടിച്ചു നിന്നതാ ഞാൻ, അവര് മരിക്കേണ്ടത് തന്നെയാ എന്ന് എനിക്കും തോന്നിയിരുന്നു, ഒരു ഡോക്ടർ ആയിരുന്നിട്ടുപോലും ആഹ് മരണങ്ങൾ ഞാൻ ആഗ്രഹിച്ചിരുന്നു.……പക്ഷെ ഇന്ന്…….ഇന്നവിടെ ചെന്നപ്പോൾ ആഹ് രണ്ട് പെണ്പിള്ളേരുടെ ഇരിപ്പ് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല….എനിക്ക്, ഒരിക്കെ ഞാനും അനുഭവിച്ചതല്ലേ ആഹ് വേദന….കണ്ടു നിക്കാൻ പറ്റിയില്ലാ…..”

നെഞ്ച് നനച്ചുകൊണ്ട് പൊട്ടി പൊട്ടി കരയുന്ന വസുവിന്റെ പുറത്തു തലോടികൊണ്ടിരുന്നു എന്നല്ലാതെ വേറെ എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു.
കരഞ്ഞു തീർന്നപ്പോൾ കണ്ണീരൊഴുകിയ രണ്ടു കണ്ണിലും ഉമ്മ വെച്ച് ഏങ്ങിക്കൊണ്ടിരുന്ന വസുവിനെ പതിയെ സീറ്റിലേക്ക് ഇരുത്തുമ്പോൾ എന്റെ മനസ്സിൽ ഗംഗ ആയിരുന്നു.
വസൂ പറഞ്ഞത് വെച്ച് എല്ലാം ഗംഗയ്ക്കും അറിയാം…..പാവം പെണ്ണ് ഉള്ളിൽ എന്റെ ജീവനും ഇട്ടു തീ തിന്നുവായിരുന്നു ഈ ദിവസം മുഴുവൻ.

“നിങ്ങൾക്ക് എങ്ങനാ മനസ്സിലായത്.”

കരച്ചിലൊതുങ്ങി എന്നെ നോക്കിയിരുന്ന വസുവിനെ നോക്കി ഞാൻ ചോദിച്ചു.

“നിന്റെ അകവും പുറവും ഞങ്ങൾക്ക് അറിഞ്ഞൂടെ ഹരി.
എനിക്കും അവൾക്കും സ്വയം അറിയുന്നതിലും കൂടുതൽ നിന്നെ അറിയാം…”

വസുവിന്റെ കണ്ണിൽ ഒരു കുസൃതി തെളിഞ്ഞു കണ്ട കുഞ്ഞു സന്തോഷവുമായി വീണ്ടും യാത്ര തുടർന്നു.
*************************************
വീട്ടിൽ എത്തിയപാടെ വസൂ കണ്ണ് തുടച്ചു ഒരു നല്ല ചിരിയും ചിരിച്ചു ഓടി വീട്ടിൽ കയറി പോയി.

“ഒരുത്തി നിന്നേം നോക്കി ഇരിപ്പുണ്ടട്ടോ……അതിനെ വട്ടു പിടിപ്പിക്കാതെ വേഗം ചെന്ന് സോപ്പിടാൻ നോക്ക്.”

പെണ്ണതും പറഞ്ഞു ഡ്രസ്സ് മാറാനായി റൂമിലേക്ക് കയറി,
ഞാൻ പിന്നെ ഗംഗയെ സമാധാനിപ്പിക്കാൻ മീനുവിന്റെ മുറിയിലേക്കും ചെന്നു, മീനുവിനെ താഴെക്കാക്കിയതിൽ പിന്നെ ഗംഗ മീനുവിനോടൊപ്പമാണ് ദിവസ്സം മുഴുവൻ.

Leave a Reply

Your email address will not be published. Required fields are marked *