Soul Mates
Author : Rahul RK
നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് ജോലി കിട്ടി വന്നതിന് ശേഷം കൂട്ടുകാരുമായി ഉള്ള കറക്കവും പാടത്തുള്ള പന്ത് കളിയും ക്ലബ്ബിൽ ഇരുന്നുള്ള കാരം ബോർഡ് കളിയും ഒക്കെ ഓർമകൾ ആയി മാറിയിരുന്നു…
കോർപ്പറേറ്റ് ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ ഞാനും പെട്ട് പോയി എന്ന് പറയാം..
നാട്ടിൽ ഉള്ളവരുടെ കണ്ണിൽ നമ്മൾ വലിയ കമ്പ്യൂട്ടർ എഞ്ചിനീയർ ഒക്കെ ആയപ്പോൾ ഇപ്പോ ആരെയും വേണ്ട എന്ന മട്ടാണ്..
പക്ഷേ സത്യം നമുക്കല്ലെ അറിയൂ, ഓവർ ടൈമും ഡബിൾ ഷിഫ്റ്റും ഒക്കെ കഴിഞ്ഞ് ഉറങ്ങാൻ സമയം കിട്ടുന്നത് തന്നെ ഭാഗ്യമാണ്..
നാട്ടിൽ ഉള്ള എൻ്റെ അടുത്ത കൂട്ടുകാരിൽ ഒരാളാണ് സഞ്ജയ്.. പേരൊക്കെ കിടിലൻ ആണെങ്കിലും അവനെ ഞങൾ കൂട്ടുകാർ പരസ്പരം വിളിക്കുന്നത് പച്ചരി എന്നാണ്.. കാരണം വേറൊന്നും അല്ല അവൻ്റെ അച്ഛന് ഒരു റേഷൻ കടയാണ്…
ചെറുപ്പം മുതലേ എല്ലാ കാര്യത്തിലും ഞങൾ ഒരുമിച്ചായിരുന്നു.. സഞ്ജുവിന് ഒരു ചേച്ചിയും ഉണ്ട് സഞ്ജന.. അവളിപ്പോൾ നാട്ടിൽ തന്നെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ നഴ്സ് ആണ്.. സഞ്ജു ആണെങ്കിൽ പോക്കറ്റിൽ കാശ് തീരുമ്പോ മാത്രം പണിക്ക് പോകുന്ന കൂട്ടത്തിലും…
സഞ്ജന ചേച്ചിയുടെ കല്യാണം ആണ് നാളെ, തിടുക്കത്തിൽ ഞാൻ ഇപ്പൊൾ നാട്ടിലേക്ക് പോകുന്നതിൻ്റെ കാരണവും അത് തന്നെ ആണ്..
തലേ ദിവസം തന്നെ എത്തണം എന്ന് എല്ലാവരും നിർബന്ധിച്ച് പറഞ്ഞതാണ്, പക്ഷേ ഞാൻ നേരത്തെ പറഞ്ഞ കോർപ്പറേറ്റ് ലൈഫിൻ്റെ ഇടയിൽ നിന്ന് ഒന്ന് തലയൂരാൻ പറ്റണ്ടെ…
അതുകൊണ്ട് എന്തായി.. ഇന്ന് രാത്രി അവിടെ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ ആഘോഷങ്ങളും മിസായി…
ഒരു വിധത്തിൽ ടീം ലീഡറുടെ കയ്യും കാലും പിടിച്ചാണ് ആ സമയത്ത് എങ്കിലും ഇറങ്ങാൻ പറ്റിയത്.. പക്ഷേ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ബസ്സ് മിസ്സായി..
അങ്ങനെ അവസാനത്തെ പിടിവള്ളി എന്ന നിലക്കാണ് ഞാൻ ഇപ്പൊൾ ഈ ബസ്സിൽ ഇരിക്കുന്നത്…
സത്യം പറഞാൽ ഈ ബസ്സിൽ പോകാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു.. ഒന്നാമത് അവിടെ എത്തുമ്പോൾ നേരം കെട്ട നേരമാവും പോരാത്തതിന് എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരുപാട് മുന്നിൽ നിർത്തി അവിടെ നിന്ന് തിരിഞ്ഞാണ് ഈ ബസ്സ് പോവുന്നത്…