ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Posted by

“ശക്തമായ ഗൂഢാലോചനയും കൃത്യം ആയിട്ടുള്ള എക്സിക്യുഷനും.” തിരികെ പോകുന്നവഴിയിൽ കത്രീന സ്വയം പറഞ്ഞു.അവളുടെ മനസ്സിൽ സംശയങ്ങൾ മുളപൊട്ടാൻ തുടങ്ങി.
അതിനുള്ള കാരണം വീണയുടെ മെയിലാണ്.അതിന്റെ ചുവടുപിടിച്ചു മുന്നോട്ട് പോകാം എന്ന് തന്നെയായിരുന്നു തീരുമാനവും.അത് കോശിയോടും പീറ്ററിനോടും അവിടെ വച്ചു പറഞ്ഞില്ല എന്ന് മാത്രം.

അവയെല്ലാം ഉൾപ്പെടുത്തി വൈകിട്ട് തന്നെ കത്രീന പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു.പക്ഷെ രാജീവന്റെ ഇടപാടുകളെക്കുറിച്ചുള്ള തെളിവുകളുടെ സോഴ്സ് അവൾ മറച്ചുപിടിച്ചു.

സ്വന്തം നിലനിൽപ്പിനു വേണ്ടി പത്രോസ് ചെയ്തത് കോളിളക്കം സൃഷ്ടിക്കാൻ പോന്ന ഒന്നായിരുന്നു.
അതുകൊണ്ട് തന്നെ രാജീവന്റെ
മരണവും അതുമായി ബന്ധമുള്ള എന്തും അന്വേഷിക്കാൻ ചുമതല കിട്ടിയത് കത്രീനക്കും.അതെ സമയം പത്രോസിനെ ആശങ്കപ്പെടുത്തിയത് തന്നെ മനസ്സിലായില്ല എങ്കിലും റപ്പായി കണ്ടുവെന്നുള്ളതും,കേസ് കത്രീന നേരിട്ടന്വേഷിക്കുമെന്നതും ആണ്.

ജനങ്ങൾ ഉറ്റുനോക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയമായി രാജീവന്റെ മരണം മാറിക്കഴിഞ്ഞിരുന്നു.

എന്തായാലും അന്ന് രാത്രി പീറ്ററിനും കോശിക്കും ആഘോഷത്തിന്റെ രാവായിരുന്നു.വലിയൊരു തലവേദന ഒഴിഞ്ഞതിന്റെ സന്തോഷം.

തങ്ങൾക്ക് കഴിയാതെപോയത്
ആരോ ചെയ്തതിനുള്ള നന്ദി മനസ്സിൽ അത് ചെയ്ത വ്യക്തിക്ക് നൽകിക്കൊണ്ട് അവർ മതിമറന്നുല്ലസിക്കുകയാണ്.
അനുഭവിച്ചു മരിച്ചില്ല,എല്ലാം ഒറ്റ നിമിഷം കൊണ്ട് തീർന്നു എന്ന സങ്കടം മാത്രമായിരുന്നു അവർക്ക്.

“എന്ത് ചെയ്യാം…..പിടിച്ചുപറിച്ചതും കൂട്ടിക്കൊടുത്തു നേടിയതും ഒന്നും
അനുഭവിക്കാനുള്ള യോഗമില്ല.
സ്വന്തം ഏട്ടന്റെ തിരോധാനം പോലെ ദുരൂഹമായി ഒടുങ്ങാനായിരുന്നു വിധി ചെയ്തു കൂട്ടിയതിന്റെ ഫലം.”
അതിനിടയിൽ കോശിയും പീറ്ററും പരസ്പരം പറയുകയും ചെയ്തു.
******
തകർന്നുപോയത് ഗോവിന്ദായിരുന്നു.
രാജീവന്റെ അടക്കു കഴിഞ്ഞു രണ്ടാം പൊക്കം സലിമിനൊപ്പമിരിക്കുകയാണയാൾ.
ഇനിയെന്ത് എന്നൊരു ചോദ്യം അയാൾക്ക് മുന്നിലുണ്ട്.രാജീവൻ കൂടെയുണ്ടായിരുന്ന സമയം ഒരു പച്ചപ്പ് സ്വപ്നം കണ്ടിരുന്നു ഗോവിന്ദ്.
ഇപ്പൊൾ സലിം കൈ മലർത്തുന്ന സ്ഥിതിയും വന്നെത്തി.അത് സലിം തുറന്നു പറയുകയും ചെയ്തു.

“സലിം….ഒന്ന് റീ തിങ്ക് ചെയ്തുകൂടെ?”
അവസാനപ്രതീക്ഷയോടെ ഗോവിന്ദ്
ഒരിക്കൽ കൂടി ചോദിച്ചു.

“നോക്ക് ഗോവിന്ദ്……..തനിക്കൊപ്പം നിൽക്കാനുള്ള ഇഷ്ട്ടക്കേട്‌ കൊണ്ടല്ല.എന്റെ അവസ്ഥയതാണ്.
ഒരു കയ്യേ ഉളളൂ,കൂടാതെ ഒറ്റക്കയ്യന്
പോലീസിൽ എന്ത്‌ വില.അളിയന്റെ ബലത്തിലാണ് ഇത്രനാളും ഓഫിസ് വർക്ക്‌ എന്നപേരിൽ കടിച്ചുതൂങ്ങിയത്.ഇനിയതിന് പറ്റും എന്നും തോന്നുന്നില്ല.ശരിയാണ്……. രാജീവൻ കൂടെയുള്ളപ്പോൾ ഒരു ധൈര്യമായിരുന്നു.എന്റെ കയ്യുടെ വില നേടിയെടുക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ടായിരുന്നു.പക്ഷെ ഇന്ന്……….പറ്റുന്നില്ലടൊ.എനിക്ക് കൂടി എന്തെങ്കിലും സംഭവിച്ചാൽ എന്റെ പെങ്ങളും മക്കളും…… അതോർത്തിട്ടുണ്ടൊ താൻ.
അതെങ്ങനാ ഓരോന്ന് വരുത്തി വച്ചിട്ട്…….”കാര്യങ്ങളറിഞ്ഞിരുന്ന സലിം ഒരു കുത്തും അതിനിടയിൽ കൂടി നൽകിയപ്പോൾ ഗോവിന്ദിന്റെ മുഖം കുനിഞ്ഞു.

സലിം തന്റെ അവസ്ഥ തുറന്നുപറഞ്ഞപ്പോൾ പ്രതീക്ഷയുടെ അവസാന തിരിനാളവും ഗോവിന്ദിൽ എരിഞ്ഞടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *