സീത : ” എന്റെ മോളെ. നീ ഇങ്ങനെ ചെയ്തല്ലോ……… അയ്യോ ദൈവമേ ”
സീത വാവിട്ട് കരയാൻ തുടങ്ങി.
പ്രഭാകരന്റെ കണ്ണിലും രണ്ട് തുള്ളി കണ്ണുനീർ വന്നു.
സീത : ” മനുഷ്യാ എന്ത് നോക്കി ഇരിക്കുവാ…….. കൊച്ചുങ്ങളെ പോയി അന്വേഷിക്ക്. ”
തളർന്നു പോയ പ്രഭാകരന് പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റിയില്ല ആകെ ഒരു മരവിപ്പ് ആയിരുന്നു. അയാൾ മുഖം പൊത്തി കരഞ്ഞു.
സീത : ” ഏട്ടാ പോയി അന്വേഷിക്ക്. പോലീസിനെ വിളിക്കാം ” സീത കരച്ചിലിന്റെ ഇടയിലും പറഞ്ഞൊപ്പിച്ചു.
പ്രഭാകരൻ പെട്ടെന്ന് ചാടി എഴുന്നേറ്റു. എത്രയും പെട്ടെന്ന് മക്കളെ തിരികെ കിട്ടണം എന്ന് അയാൾക്ക് തോന്നി. അയാൾ ആദ്യം ജയന്റെ ഫോണിൽ വിളിച്ചു അത് സ്വിച്ച് ഓഫ് ആയിരുന്നു. രണ്ടാമത് അയാൾ മീരയുടെ ഫോണിൽ വിളിച്ചു അത് ആ വീട്ടിൽ തന്നെ ഇരുന്ന് അടിക്കാൻ തുടങ്ങി.
അയാൾ പോലീസിനെ വിളിക്കാൻ തീരുമാനിച്ചു. എന്നാൽ അന്നേരം പ്രഭാകരന് ഇങ്ങോട്ട് ഒരു ഫോൺ വന്നു. ചായക്കട നടത്തുന്ന മജീദ് ആയിരുന്നു.
പ്രഭാകരൻ : ” ഹലോ മജീദെ ”
മജീദ് : ” പ്രഭേ ഞാനാടാ ”
പ്രഭാകരൻ : ” എടാ ഒരു കുഴപ്പം ഉണ്ടായി.”
മജീദ് : ” എടാ ഞാൻ അറിഞ്ഞു. പിള്ളേര് സേഫ് ആണ്. എന്റെ ഒരു ചങ്ങാതിയുടെ കൂടെ ഉണ്ട്. ”
പ്രഭാകരൻ ഞെട്ടി.
പ്രഭാകരൻ : ” ഡാ നീയും കൂടി അറിഞ്ഞോണ്ടാണോ ”
മജീദ് : ” പ്രഭേ. ഞാൻ അറിഞ്ഞോണ്ട് കൂട്ടുനിക്കും എന്ന് തോന്നുന്നുണ്ടോ. രാവിലേ ഓൻ വിളിച്ചു പറഞ്ഞപ്പളാ ഞാൻ അറിഞ്ഞത്. നീ ബേജാറാവണ്ട. നമുക്ക് പോയി അവരെ കൂട്ടികൊണ്ട് വരാം. ”
പ്രഭാകരൻ : ” എന്നാലും എന്നോട് ഇത് ചെയ്തല്ലോ അവര്. ”
മജീദ് : ” ഹാ നീ വിഷമിക്കല്ലേ. പിള്ളേര് നിന്നെ ഇട്ടേച്ചും പോയതോന്നും അല്ല. അവർക്ക് പരസ്പരം ഇഷ്ടം ആണെന്ന് നിന്നോട് പറയാൻ പേടി. അപ്പൊ വളഞ്ഞ വഴി എടുത്തതാ. നീ ചെന്ന് വിളിച്ചാൽ അപ്പൊ കൂടെ പോരും. ”
പ്രഭാകരൻ : ” എന്താണേലും വേണ്ടില്ല അവര് തിരിച്ചു വന്നാ മതി ”
ഉടനെ സീത ഫോൺ തട്ടിപ്പറിച്ചു വാങ്ങിച്ചു.
സീത : ” മജീദിക്കാ. എവിടെയാ അവര് എവിടെയാ. ”
മജീദ് : ” ഹാ നീ പേടിക്കല്ലേ സീതേ. അവര് അടുത്ത് തന്നെ ഉണ്ട്. നീ പ്രഭയുടെ കയ്യിൽ കൊടുക്ക് ഞാൻ സ്ഥലം പറഞ്ഞു തരാം. ഞാനും വരാം. പിന്നെ അവിടെ വച്ച് അവരോടു ചൂടാവുക ഒന്നും ചെയ്യരുത്. ”
പ്രഭാകരൻ ഫോൺ സീതയുടെ കയ്യിൽ നിന്നും തിരികെ വാങ്ങി.
പ്രഭാകരൻ : ” ഡാ സ്ഥലം പറയടാ ”
മജീദ് : ” ഞാൻ അങ്ങോട്ട് വന്നിട്ട് ഒരുമിച്ച് പോകാം. പിന്നെ പോലീസിനെ അറിയിക്കേണ്ട. ആരോടും പറയണ്ട. ആരും അറിയണ്ട. അറിഞ്ഞാൽ നാട്ടുകാര് അതും ഇതും പറഞ്ഞു പരത്തും ”