അതൊന്നും കേൾക്കാതെ കിച്ചു വേഗം വീണയുടെ പിന്നാലെ നടന്നു.
” എന്തിനാ ഏട്ടാ രാവിലെ തന്നെ അമ്മേന്റെ വായിന്ന് വഴക്ക് കേൾക്കാൻ നിക്കുന്നെ…? ”
വീണ ചോദിച്ചു.
” ഒരു 200 രൂപ ചോദിച്ചതിനാ ഈ കണ്ട വഴക്കോക്കെ ഞാൻ കേട്ടത്. ”
അവൻ വിഷമത്തോടെ പറഞ്ഞു.
” വിഷമിക്കാതെ കിച്ചു ഏട്ടാ… ”
” എങ്ങനെ വിഷമിക്കാതിരിക്കാനാ. നീ ദിവസവും കാണുന്നതല്ലേ… ചെറിയ കാര്യത്തിന് പോലും എന്നെ വഴക്ക് പറയുന്നത്. ക്രിക്കറ്റ് കളിക്കാനും വിടത്തില്ല, ഫ്രണ്ട്‌സ്ന്റോപ്പം പുറത്ത് പോകാനും വിടത്തില്ല. എപ്പോഴും പഠിക്ക് പഠിക്ക് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞോണ്ടിരിക്കും. നീ എന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്. എനിക്ക് പകരം വേറെ വല്ലവരുമായിരുന്നെങ്കിൽ ഇപ്പൊ നാട് വിട്ട് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും. ”
അവൻ ദേഷ്യത്തോടെ പറഞ്ഞു.
ഏട്ടന്റെ അവസ്ഥ കണ്ട് അവൾക്കും സങ്കടം തോന്നി.
” അതൊക്കെ വിട് ഏട്ടാ.. അമ്മയുടെ സ്വഭാവം ഏട്ടന് അറിയില്ലേ…? ”
വീണ അവനെ ആശ്വസിപ്പിച്ചു.
ഇരുവരും നടന്ന് നടന്ന് ബസ്റ്റോപ്പിൽ എത്തി.
കിച്ചു കൈയിലുള്ള വാച്ചിലേക്ക് നോക്കി.
” നിന്റെ ബസ്സ് ഇപ്പൊ വരും… ”
അവൻ പറഞ്ഞു.
ഈ സമയം തന്റെ തോളിലുള്ള ബാഗ് കയ്യിലെടുത്ത് എന്തോ തിരയുകയാണ് വീണ.
” നീ എന്താ തിരയുന്നെ…? ”
കിച്ചു ചോദിച്ചു.
അവൾ ബാഗിൽ നിന്നും തന്റെ പേഴ്‌സ് എടുത്തു. അതിൽ നിന്നും ഒരു 200 രൂപയെടുത്ത് ഏട്ടന് നേരെ നീട്ടി.
അവൻ ആശ്ചര്യത്തോടെ പൈസയിലേക്ക് നോക്കി.
” ഇത് വാങ്ങിക്ക് ഏട്ടാ… ”
അവൾ പറഞ്ഞു.
” ഇത് എന്തിനാ എനിക്ക് തരുന്നേ..? ”
അവൻ സംശയത്തോടെ ചോദിച്ചു.
” അത്യാവശ്യ ചിലവിനു വേണ്ടി അമ്മയെനിക്ക് 500 രൂപ തന്നിരുന്നു. ധാ… അതീന്ന് 200 രൂപ. ഇത് ഏട്ടൻ എടുത്തോ. ക്രിക്കറ്റ് ടൂർണമെന്റിന് പങ്കെടുക്കാൻ 200 രൂപ ആവശ്യമല്ലേ… ”
വീണ ആ തുക അവന്റെ കൈയിൽ വച്ചുകൊടുത്തു.
” അയ്യോ… ഇത് വേണ്ട… അമ്മ നിന്റെ ആവിശ്യത്തിന് വേണ്ടി തന്നതല്ലേ…? ഇത് നീ തന്നെ വച്ചോ…”
പൈസ തിരികെ നീട്ടി.
” വേണ്ട ഏട്ടാ… ഇപ്പൊ ഏട്ടനാ പൈസയുടെ ആവിശ്യം. ഇത് വച്ചോ… എന്റെ കൈയില് വച്ചാ വല്ല ഡയറി മിൽക്ക് സിൽക്കും വാങ്ങി ഈ കാശ് ചിലവാക്കും. അതിനേക്കാൾ നല്ലതല്ലേ ഏട്ടന്റെ ആവിശ്യത്തിന് ഉപയോഗിക്കുന്നത്… ”
അവൾ സന്തോഷത്തോടെ പറഞ്ഞു.