” അമ്മയെനി ബ്രേക്ക് ഫാസ്റ്റ് ഒന്നും ഉണ്ടാക്കാൻ നിൽക്കേണ്ട. ഒക്കെ ഞാൻ തയ്യാറാക്കിയിട്ടുണ്ട്. ”
വീണ പറഞ്ഞു.
സുചിത്ര മകളെ ആശ്ചര്യത്തോടെ നോക്കി.
” അമ്മയെന്താ ഇങ്ങനെ നോക്കുന്നെ. ഞാൻ കളി പറഞ്ഞതല്ലാ… ഇന്നത്തെ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയത് ഞാനാ. വന്ന് കഴിച്ചു നോക്ക്. ”
അവൾ ഗമയിൽ പറഞ്ഞു.
” നീയെങ്ങനെ…? ”
” യൂട്യൂബിൽ നോക്കി ചെയ്തതാ… പുട്ടും, കടല കറിയും. കടലക്കറി നല്ല അസ്സല് മലബാറി സ്റ്റൈലിലാണ് ഉണ്ടാക്കിയത്.
അമ്മ വേഗം ഫ്രഷായിട്ട് വാ നമ്മുക്ക് ഒരുമിച്ചിരുന്നു കഴിക്കാം… ”
മകൾ പറഞ്ഞു.
തന്റെ മകളുടെ ഈ പ്രവൃത്തിയിൽ സുചിത്രയ്ക്ക് അഭിമാനം തോന്നി.
അവൾക്ക് കുറച്ചൊക്കെ പക്വത വച്ചു തുടങ്ങി.
സുചിത്ര വേഗം ബാത്രൂമിലേക്ക് ചെന്നു. ബ്രഷ് ചെയ്ത് കുളി കഴിച്ച്. ഹാളിലേക്ക് വന്നു.
പ്രഭാത കർമങ്ങളൊക്കെ നിർവഹിച്ച ശേഷം കിച്ചു ഹാളിലേക്ക് വന്നു.
ഈ സമയം അമ്മയും, അനുജത്തിയും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുകയാണ്.
” വാ കിച്ചുവേട്ടാ… ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് എന്റെ സ്പെഷ്യലാ… ”
വീണ അവനെ കഴിക്കാൻ ക്ഷണിച്ചു.
ഈ സമയം സുചിത്ര ആഹാരം കഴിക്കാൻ ആരംഭിച്ചിരുന്നു.
” എങ്ങനെയുണ്ട് അമ്മേ… ? ”
വീണ ആകാംഷയോടെ ചോദിച്ചു.
” മ്മ്… കറിക്ക് ടേസ്റ്റ് ഒക്കെയുണ്ട്. ”
സുചിത്ര പറഞ്ഞു.
വീണയ്ക്ക് സന്ദോഷമായി.
” പുട്ടിന് കുറച്ച് പശപശപ് കൂടുതലാ… അത് നീ പുട്ടിന് കുഴക്കുമ്പോൾ വെള്ളം കൂടുതൽ ഉപയോഗിച്ചത് കൊണ്ടായതാ.. ”
” ആഹ്.. വെള്ളം കുറച്ച് അധികമായി പോയി. ”
” കൊഴപ്പമില്ല. ആദ്യമായി ഉണ്ടാക്കുമ്പോ ഇങ്ങനെ ചില കുഴപ്പങ്ങളൊക്കെ ഉണ്ടാവും. പിന്നെ ശെരിയായിക്കൊള്ളും. എന്തായലും എന്റെ മോള് ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്നല്ലോ അത് തന്നെ നല്ല കാര്യം. ”
സുചിത്ര മകൾക്ക് പ്രോത്സാഹനം നൽകി.
ഈ സമയം അനുജത്തി ഉണ്ടാക്കിവച്ച വിഭവങ്ങൾ നോക്കുകയാണ് കിച്ചു.
പുട്ട് അത്ര ശെരിയായിട്ടില്ല. പക്ഷെ കറി കാണാനൊക്കെ ഒരു ചന്ദമുണ്ട്.
” എന്താ ഏട്ടാ ഇങ്ങനെ നോക്കി നിൽക്കുന്നെ. ഇതൊക്കെ കഴിച്ചിട്ട് അഭിപ്രായം പറ.. ”
വീണ ധൃതി കൂട്ടി.
” ശെരി ശെരി.. ”
കിച്ചു അവളുടെ തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു.
പ്ലേറ്റിൽ ഒരു കഷ്ണം പുട്ടും കുറച്ച് കടല കറിയും ഒഴിച്ചു.